Categories

ഹൃദയത്തില്‍ കവിതയൊഴുകിയിരുന്നവന്‍… യൂദാസ്.!


തന്റെ ആശയങ്ങള്‍ക്ക് ഒരു രക്തസാക്ഷിത്തം ആവശ്യമാണ്.. അതിനായ് മറ്റാരെയും തനിക്ക് ബലികൊടുക്കാനാവില്ല.. എന്റെ ചോരയാണ് എന്റെ ആശയങ്ങളുടെ പ്രതിഷ്ഠ നടത്തേണ്ടത്!…


Yoodas-

ടുനൈറ്റ് ഐ വില്‍ സിംഗ് ദി **** / സൂര്യന്‍


ഗോകുല്‍ത്താമലയിലേക്ക് വലിച്ചിഴക്കപ്പെടുന്നു ഗുരു..! ചാട്ടവാറുകള്‍ അവന്റെ പുറം പൊളിക്കുന്നു… മരക്കുരിശ് അതിന്റെ ഭാരത്താല്‍ അവനെ ഭൂമിയോട് ചേര്‍ക്കാന്‍ ശ്രമിക്കുന്നു.. വിയര്‍പ്പും രക്തവും നിറഞ്ഞ മുഖത്തേക്ക് പടര്‍ന്നു വീണ നീണ്ട മുടിയിഴകള്‍.. അതിനുള്ളിലൂടെ അനന്തതയിലേക്കു നീളുന്ന നോട്ടം..!

യൂദാസ് പഴകിപ്പൊളിഞ്ഞ കെട്ടിടത്തിനു മറവിലേക്ക് മാറി നിന്നു വിമ്മി വിമ്മിക്കരഞ്ഞു. മുഖം കൈകളില്‍ പൂഴ്ത്താന്‍ അവന്‍ മറന്നു. യേശുവിനു വേണ്ടി കരയുന്നൊരാളെ കണ്ടാല്‍ അവരെ വാളിനാല്‍ നേരിടുന്ന യഹൂദപ്പടയാളികളെ മറന്നു…

Ads By Google

ഇന്നലെ അവന്‍ പ്രതീക്ഷിച്ചിരുന്നു…. ആള്‍ക്കൂട്ടം യേശുവിനെ വിട്ടയക്കാന്‍ പറയുമെന്നും, അപ്പോള്‍ ഓടിപ്പോയ് അദ്ദേഹത്തിന്റെ കാല്‍പാദങ്ങളില്‍ വീണു കണ്ണീരാല്‍ ആ പാദങ്ങള്‍ കഴുകിത്തുടക്കണമെന്നും … ഹൃദ്യമായ സുഗന്ധ തൈലത്താല്‍ ആ കാല്പാദങ്ങള്‍ കഴുകിത്തുടച്ച ധൂര്‍ത്തിനെക്കുറിച്ച് പറഞ്ഞതോര്‍ത്ത് അവന്റെ ഹൃദയം നുറുങ്ങി..’ക്രൂശിക്കരുതേ…’, എന്ന് ആരെങ്കിലും ഒന്നു വിളിച്ചു പറഞ്ഞിരുന്നെങ്കില്‍…ഗുരു ഒരു നിമിഷം വാക്കൊന്നു മാറ്റിപ്പറഞ്ഞ് തിരിച്ചിറങ്ങി വന്നിരുന്നെങ്കില്‍..

എന്നെ അദ്ദേഹം മാറോടൊന്നു ചേര്‍ത്തിരുന്നെങ്കില്‍…കഴിയും.. എന്റെ ഗുരുവിനതിനു കഴിയും… ഒരു കരണത്തടിച്ചാല്‍ മറു കരണം കാണിച്ചുകൊടുക്കണം എന്നു പഠിപ്പിച്ച എന്റെ ഗുരുവിന് അതു സാധിക്കും.. അദ്ദേഹത്തിനേ അതിനു സാധിക്കൂ…

പീലാത്തോസ് ഈ രക്തത്തില്‍ പങ്കില്ലെന്നു പറഞ്ഞ് കൈ തുടച്ചപ്പോള്‍ യൂദാസ് കണ്ണീരു വീണു കുതിര്‍ന്ന മുഖം തുടച്ചു. കണ്ണിലേക്ക് കിനിഞ്ഞിറങ്ങിയ ഉപ്പിന്‍ നീറ്റലിന്‍ രൂക്ഷതയില്‍ അവന്‍ കണ്ണുകളടച്ചു..

ഗോകുല്‍ത്താ മലയിലേക്കുള്ള യാത്രയില്‍ ഒരു അല്‍ഭുതം സംഭവിക്കുമെന്നും, അതില്‍ മനുഷ്യരുടെ മനസ്സുകള്‍ മാറുമെന്നും യൂദാസ് വിചാരിച്ചു. ഒരു നിമിഷം ആള്‍ക്കാര്‍ അവനെ സ്‌നേഹിക്കുകയും അവനെ വിട്ടയക്കാന്‍ മുറവിളികൂട്ടുകയും ചെയ്യുന്നത്, അവനു ചുറ്റും അവര്‍ നൃത്തം ചെയ്യുന്നത്, ഗുരു അവര്‍ക്കു നടുവില്‍ ഒരു നക്ഷത്ര തേജസാകുന്നത്……..

Yoodasജനിച്ചപ്പോഴേ മുതല്‍ എത്രയെത്ര അല്‍ഭുതങ്ങളിലൂടെ വളര്‍ന്നവന്‍, ഇളം ശരീരങ്ങളെത്ര കൊത്തി മുറിക്കപ്പെട്ടു. എന്നിട്ടും മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് കടന്നു വന്നു ശബ്ദിച്ചവന്‍!!. അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടിയവന്‍.!. ഇല്ല.. ആര്‍ക്കും അവനെ ഒന്നും ചെയ്യാനാവില്ല..!

അവന്റെ അരയില്‍ ചേര്‍ത്തുകെട്ടിയിരുന്ന വെള്ളിക്കാശുകള്‍ ചിലച്ചു.!

തലക്കുമുകളില്‍ കഴുകന്മാര്‍ പറന്നു നടക്കുന്നു.. യഹൂദരുടെ ആര്‍പ്പുവിളികള്‍.. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കാന്‍ പറഞ്ഞൊരു സ്‌നേഹവിസ്മയത്തെ കുരിശിലേറ്റാന്‍ കൊണ്ടുപോകുന്നവരുടെ ആഹ്ലാദം.. രണ്ടു വസ്ത്രത്തില്‍ ഒന്ന് ഇല്ലാത്തവന് കൊടുക്കാന്‍ പറഞ്ഞ അലിവിനെ അവസാനിപ്പിക്കാന്‍ കൊണ്ടുപോകുന്നവരുടെ ആക്രാന്തം..

യേശുവിന്റെ ഒപ്പം ചെലവഴിച്ച രാവുകള്‍.. നിലാവിനു സുഗന്ധം പോലെ അവന്റെ വാക്കുകള്‍. അത് മനസ്സിലേക്ക് അലിവോടെ ഒഴുകിയിറങ്ങുമ്പോള്‍ ഒരു നദിയില്‍ മുങ്ങിക്കുളിച്ച നിര്‍വൃതിയായിരുന്നു. ജറുസലേമിലെ വരണ്ട കാറ്റില്‍ ക്രിസ്തു ഒരു കുളിരായിരുന്നു.. വാക്കുകള്‍ക്ക് മനസ്സിനെ തണുപ്പിക്കാനാവുമെന്ന്! അറിഞ്ഞപ്പോള്‍ ആദ്യം അതിശയിച്ചത്.. പിന്നെ ആ കുളിരില്ലാതെ നിലനില്‍ക്കാന്‍ ആവില്ലെന്നറിഞ്ഞപ്പോഴുള്ള ആകുലത.. വിശക്കുന്നവന്റെ മുന്നില്‍ ദൈവം അപ്പമായ് പ്രത്യക്ഷപ്പെടും’ എന്നു പറഞ്ഞപ്പോള്‍ ഗുരു തന്നെ നോക്കി പുഞ്ചിരിച്ചോ…?എല്ലാ ശിഷ്യരുടെയും ഹൃദയത്തിലേക്കുള്ള ചിരി അവന്‍ സൂക്ഷിച്ചിരുന്നല്ലോ..! തനിക്ക് ആത്മാവിലായിരുന്നു അപ്പം വിളമ്പേണ്ടതെന്ന്! അവനറിഞ്ഞിരുന്നില്ലേ..? തന്റെ ആത്മാവായിരുന്നു ദാഹിച്ചു വലഞ്ഞതും വിശന്നു കരഞ്ഞതും..

എന്നിട്ടും എന്നെ എന്തിനു തെരഞ്ഞെടുത്തു…?

ഗോകുല്‍ത്താമലയുടെ ഉച്ചിയില്‍ ചോപ്പു പടര്‍ന്നു… യേശുവിന്റെ കൈകളിലേക്ക് ഇരുമ്പാണികള്‍ അടിച്ച് കയറ്റിയപ്പോള്‍ ചോര ചീറ്റിയുയര്‍ന്ന് ക്രൂരനായ പടയാളിയുടെ മുഖം നനച്ചു. ചോരചീറ്റിത്തെറിച്ച മുഖമുയര്‍ത്തി അവന്‍ കൂട്ടുകാരെ നോക്കി ആര്‍ത്തട്ടഹസിച്ചു.. ക്രിസ്തുവിന്റെ മുഖം വാടിത്തളര്‍ന്നിരുന്നു. ഒരു എതിര്‍പ്പും പ്രകടിപ്പിക്കാതെ അവന്‍ തന്റെ ബലി കര്‍മ്മത്തില്‍ യഹൂദരെ സഹായിച്ചു..

ആണിയടിച്ചു കയറ്റിയപ്പോള്‍ പൊട്ടിയ അസ്ഥിയുടെ ശബ്ദം കേട്ട് യൂദാസിന്റെ നെഞ്ചു കിടുങ്ങി !

ആകാശത്തേക്കുയര്‍ത്തപ്പെട്ട കുരിശില്‍ ക്രിസ്തു..! അവനു പിന്നില്‍ ചോരയില്‍ കുളിച്ച് ആകാശം..!

യൂദാസ് തിരിഞ്ഞു നടന്നു… തീവ്രനൊമ്പരത്താല്‍ അവന്റെ ശരീരം ആടിയുലഞ്ഞു. കുപ്പായത്തില്‍ കാറ്റു വന്നു തട്ടിയപ്പോള്‍ പൊടി പറന്നു.. കല്ലുകളില്‍ തട്ടി കാല്‍ പൊട്ടി ചോരയൊഴുകി. തെരുവിലൂടെ അവന്‍ അവനെ നഷ്ടപ്പെട്ട് നടന്നു.. ആരോ അവനു നേരേ മധുരപലഹാരം നീട്ടി.. ഒപ്പം വന്യമായൊരു മുരള്‍ച്ചയും… ”നസ്രയേത്തിലെ രാജാവ് കുരിശില്‍ തീര്‍ന്നു, ആഹ്ലാദിക്കൂ ,കുടിച്ച് തിമിര്‍ക്കൂ…’

അരയില്‍ കെട്ടിയിരുന്ന മുപ്പതുവെള്ളിക്കാശു കിലുങ്ങി!

ഭ്രാന്തനെപ്പോലെ യൂദാസ് അത് വലിച്ചു പറിച്ചെടുത്ത് യഹൂദ ദേവാലയത്തിലേക്കെറിഞ്ഞൂ.!.

അവനെ കൂവി വിളിച്ച് യഹൂദന്മാര്‍ അവരുടെ ആഹ്ലാദങ്ങളില്‍ മുഴുകി.

വിജനമായ സ്ഥലം….. അവിടെ അവന്‍ തളര്‍ന്നിരുന്നു.. അരികിലേക്കു പറന്നു വന്നൊരു കഴുകന്‍ അവനെ തുറിച്ച് നോക്കി.. അവന്‍ അതിന്റെ കണ്ണുകളിലേക്ക് മിഴിച്ച് നോക്കി.. മരണവും മരണവും തമ്മില്‍ കണ്ണുകോര്‍ത്തു…!


അന്നേ തീരുമാനിച്ചതാണ് … ഇവനാണ് എന്നെ ഒറ്റുകൊടുക്കേണ്ടവന്‍..! തന്നെ ശരിക്കും മനസ്സിലാക്കിയവന്‍, തന്റെ ആശയങ്ങള്‍ ഇവനു വെറുതെ ഉരുവിടാനുള്ളതല്ല.


ക്രിസ്തു ഒരു വന്യസ്വപ്നത്തിന്റെ ഭയങ്കരതയില്‍ കണ്ണുതുറന്നു… കണ്ട സ്വപ്നത്തിന്റെ തീവ്രതയില്‍ അവന്‍ ശരീരത്തിന്റെ വേദന മറന്നു… ഗുഹയുടെ കല്ല് നീക്കം ചെയ്യപ്പെട്ടിരുന്നു. സൂര്യ രശ്മികള്‍ അവന്റെ മുഖത്തേക്ക് സൗമ്യമായ് വന്നു വീണുകൊണ്ടിരുന്നു..

യൂദാസിനോട് സംസാരിച്ച് നിന്ന അത്തിമരത്തിന്റെ ചുവട്ടിലേക്ക് ക്രിസ്തു നടന്നു… കൂട്ടം തെറ്റിയ ഒരു ആട്ടിന്‍കുട്ടിയെ വിട്ട് കളയാന്‍ കഴിയാത്ത തന്റെ മനസ്സിനെ അടക്കാന്‍ ക്രിസ്തു വല്ലാതെ ബുദ്ധിമുട്ടി.

അത്തിമരത്തിനു ചുവട്ടില്‍ അത്തിപ്പഴങ്ങള്‍ വീണു കിടന്നിരുന്നു. അന്ന് യൂദാസിനോട് തന്നെ ഒറ്റുകൊടുക്കുന്ന കാര്യം പറഞ്ഞപ്പോള്‍ അവന്റെ മുഖം പേടികൊണ്ട് വിളര്‍ത്തിരുന്നു.. അപ്പോള്‍ രണ്ട് അത്തിപ്പഴമെടുത്ത് ഒന്ന് അവന്റെ കൈയ്യില്‍ വെച്ചുകൊടുത്തതും, മറ്റേത് താന്‍ നുണഞ്ഞ് ‘എന്തു മധുരമെന്ന്’ പറഞ്ഞ് അവനെ നോക്കി ചിരിയില്‍ മധുരം വാരിയിട്ടതും ക്രിസ്തു ഓര്‍ത്തു.

യൂദാസ്,.. അവനൊരു ശിശുമനസ്സായിരുന്നു. ഗുരുവിന്റെ വാക്കുകളെ ഒന്നൊഴിയാതെ കോരിയെടുത്തവന്‍. അതല്ലേ അവന്‍ സുഗന്ധ ദ്രവ്യങ്ങള്‍ തന്റെ കാലില്‍ പൂശിയപ്പോള്‍ അതിനെ പരിഹസിച്ചത്.. താനോ, മറിയം അത്ര കഷ്ടപ്പെട്ട് തനിക്കായ് തന്റെ കാല്‍ക്കീഴില്‍ അര്‍പ്പിച്ചൊരു ആതിഥ്യത്തെ നോവിക്കാനും കഴിയാത്തൊരവസ്ഥയില്‍..

അന്നേ തീരുമാനിച്ചതാണ് … ഇവനാണ് എന്നെ ഒറ്റുകൊടുക്കേണ്ടവന്‍..! തന്നെ ശരിക്കും മനസ്സിലാക്കിയവന്‍, തന്റെ ആശയങ്ങള്‍ ഇവനു വെറുതെ ഉരുവിടാനുള്ളതല്ല.

തന്റെ ആശയങ്ങള്‍ക്ക് ഒരു രക്തസാക്ഷിത്തം ആവശ്യമാണ്.. അതിനായ് മറ്റാരെയും തനിക്ക് ബലികൊടുക്കാനാവില്ല.. എന്റെ ചോരയാണ് എന്റെ ആശയങ്ങളുടെ പ്രതിഷ്ഠ നടത്തേണ്ടത്!

ക്രിസ്തു ഒരു അത്തിപ്പഴമെടുത്ത് നാവില്‍ വെച്ചു.. പിന്നെ തുപ്പിക്കളഞ്ഞു.

അവന്റെ ചുംബനം കവിളില്‍ നീറുന്നു. എന്തൊരു ചൂടായിരുന്നു യൂദാസിന്റെ ചുണ്ടുകള്‍ക്കപ്പോള്‍.?. മനസ്സുവെന്തിരിക്കുന്നൊരുവന്റെ ചുണ്ടുകള്‍ കനല്‍ക്കട്ടകളാകും!. മറുകവിളും അവനുമ്മവെക്കാന്‍ നല്‍കാന്‍ കഴിഞ്ഞില്ലല്ലോ… ക്രിസ്തുവിനു തന്റെ മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. അവനെണീറ്റ് നടന്നു…

ആകാശത്തേക്ക് മിഴികള്‍ പറത്തിവിട്ടു.. അകലെ അകലെ കഴുകന്മാര്‍ വട്ടമിട്ടു പറക്കുന്നു.. വേവലാതിയോടെ ക്രിസ്തുവിന്റെ കാലുകള്‍ അവിടേക്കു ചലിച്ചു.

ഒരു കാഞ്ഞിരമരത്തിനു താഴെ ഒരു അസ്ഥികൂടം.! കഴുകന്‍ കൊത്തിത്തിന്ന ശരീരത്തില്‍ ഇനി ഒരു കാല്‍പാദം മാത്രം……..!
‘എന്റെ പിതാവേ..!’. ക്രിസ്തുവിന്റെ തൊണ്ടയില്‍ നിന്നും വാക്കുകള്‍ പുറത്തുചാടി..

താന്‍ കഴുകിത്തുടച്ച കാല്‍പ്പാദം…!

ക്രിസ്തു അതിനരുകില്‍ നിശബ്ദനായിരുന്നു…അപ്പോള്‍ കാറ്റ് അത്തിമരത്തില്‍ പടര്‍ന്ന് ദേവദാരുക്കളെ ഉമ്മവെച്ച്… ക്രിസ്തുവിനരുകില്‍ വന്ന് നിശ്ചലമായ് നിന്നു…!


‘ടുനൈറ്റ് ഐ വില്‍ സിംഗ് ദി ****’, മുന്‍ അദ്ധ്യായങ്ങള്‍:

മാര്‍ക്കേസെന്ന കമ്യൂണിസ്റ്റ് മാന്ത്രികനും ബഷീറെന്ന സൂഫി മാന്ത്രികനും

ഹവ്വാച്ചീ’സ് പെര്‍ഫോമന്‍സ്…

മരം പറയുന്നത്

പുഴയുടെ സ്വാതന്ത്ര്യസമരം….

എഴുത്തുകാരന്റെ കൈയ്യൊപ്പ്….

ഒരു ഗസല്‍ കീര്‍ത്തനം പോലെ…

മൂന്നു സ്ത്രീകള്‍

വായനയുടെ പേരയ്ക്കാസുഗന്ധം

സ്വപ്നത്തിലേക്ക് നങ്കൂരമിടുന്ന മനുഷ്യക്കപ്പല്‍

ഷെഹറസാദ് കണ്‍ ചിമ്മിയപ്പോള്‍…

കഥ കേള്‍ക്കുന്ന ഷെഹറസാദ്…

ചോദ്യം ചെയ്യപ്പെടുന്ന ഷെഹറാസാദ്..