തിരുവനന്തപുരം: കേരളത്തിലെ ഗ്രാമങ്ങളില്‍ അപ്രഖ്യാപിത ലോഡ് ഷെഡ്ഢിങ്. ഉപഭോഗം കൂടിവരുന്നതിനാല്‍ ഗ്രിഡ് തകരാറുണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് വൈദ്യുതി നിയന്ത്രണമെന്നാണ് അറിയുന്നത്. ഇന്നലെ കേന്ദ്രത്തില്‍ നിന്നുള്ള വൈദ്യുതിയില്‍ 200 മെഗാവാട്ടിന്റെ കുറവുണ്ടായതുകൊണ്ട് ചില നഗരപ്രദേശങ്ങളിലും അപ്രഖ്യാപിത ലോഡ് ഷെഡ്ഢിങ് വേണ്ടിവന്നു.

Ads By Google

അതേസമയം സംസ്ഥാനത്ത് കടുത്ത വൈദ്യുതി നിയന്ത്രണവും ലോഡ്‌ഷെഡിങ്ങും ഏര്‍പ്പെടുത്താന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ധാരണയായി.

രാവിലെ ആറിനും ഒമ്പതിനും ഇടയില്‍ അര മണിക്കൂറും വൈകുന്നേരം ആറിനും രാത്രി 10നും ഇടയില്‍ അര മണിക്കൂറും ലോഡ്‌ഷെഡിങ്ങാണ് ഉദ്ദേശിക്കുന്നത്. വ്യവസായ മേഖലയില്‍ 30 ശതമാനം നിയന്ത്രണമാണ് ബോര്‍ഡ് ശുപാര്‍ശ ചെയ്തതെങ്കിലും 25 ശതമാനം മതിയെന്നാണ് ഉന്നത തല യോഗത്തിലെ ധാരണ.

സാമ്പത്തിക പ്രതിസന്ധി കുറയ്ക്കാനാണ് ബോര്‍ഡ് വൈദ്യുതി നിയന്ത്രണത്തിന് ആവശ്യപ്പെടുന്നത്. മാസം 200 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ യൂണിറ്റിന് 10 രൂപ നല്‍കണമെന്നാണ് ബോര്‍ഡിന്റെ നിര്‍ദേശം.

അതേസമയം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന വൈദ്യുതി ബോര്‍ഡിന്റെ നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചേക്കും. സര്‍ക്കാരിന്റെ അനുമതിയോടെ ബോര്‍ഡ് വൈദ്യുതി റെഗുലേറ്ററി കമ്മീഷന് ഉടന്‍ അപേക്ഷ നല്‍കും.

വ്യാവസായിക മേഖലയില്‍ ഉപഭോഗം 70 ശതമാനമായി പരിമിതപ്പെടുത്തണം. വൈദ്യുതി ഗ്രിഡില്‍ തകരാറുണ്ടാവാതിരിക്കാന്‍ അരമണിക്കൂര്‍ ലോഡ്‌ഷെഡിങ് സ്ഥിരമാക്കണം. തുടങ്ങിയ കാര്യങ്ങളും മന്ത്രിസഭ പരിഗണിക്കുമെന്നാണ് അറിയുന്നത്.

ബോര്‍ഡിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ബോര്‍ഡ് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന് അപേക്ഷ നല്‍കും. കമ്മീഷന്‍ ഉപഭോക്താക്കളുടെ അഭിപ്രായം കേട്ടശേഷം തീരുമാനമെടുക്കും.