എഡിറ്റര്‍
എഡിറ്റര്‍
അസാമാന്യയായ സ്ത്രീ
എഡിറ്റര്‍
Thursday 9th January 2014 11:22am

poem-4-580

………………………………………………………………………………………………………………………………………………..

കവിത / മായ ഏയ്ഞ്ചലോ

മൊഴിമാറ്റം / സ്വാതി ജോര്‍ജ്

വര / മജിനി
………………………………………………………………………………………………………………………………………………..

എന്റെ രഹസ്യം കുടികൊള്ളുന്നത് എവിടെയെന്ന് സുന്ദരിമാര്‍ അത്ഭുതപ്പെടുന്നു

ഞാന്‍ സുന്ദരിയോ ഒരു ഫാഷന്‍ മോഡലിന്റെ ശരീരമുള്ളവളോ അല്ല

പക്ഷേ അത് ഞാന്‍ അവരോട് പറയാന്‍ തുടങ്ങുമ്പോഴേക്കും,

അവര്‍ കരുതുന്നു ഞാന്‍ കളവുകള്‍ പറയുന്നുവെന്ന്.

ഞാന്‍ പറയുന്നു,

അത് എന്റെ കൈകള്‍ എത്തുന്നിടത്താണു,

എന്റെ അരക്കെട്ടിന്റെ അളവില്‍,

എന്റെ കാല്‍ വയ്പ്പുകളുടെ അകലത്തില്‍,

എന്റെ ചുണ്ടുകളുടെ ചുരുളില്‍.

ഞാന്‍ ഒരു സ്ത്രീയാണു

അസാമാന്യയായി.

അസാമാന്യയായ സ്ത്രീ,

അത് ഞാനാണു.

ഞാന്‍ ഒരു മുറിയിലേക്ക് നടന്ന് കയറുന്നു

നിങ്ങള്‍ കരുതാവുന്നത്ര ലാഘവത്തോടെ,

ഒരു പുരുഷനിലേക്ക്,

അപ്പോഴേക്കും അയാള്‍ എഴുന്നേല്‍ക്കുന്നു

അല്ലെങ്കില്‍ മുട്ടുകളില്‍ ഇരിക്കുന്നു.

എന്നിട്ട് അവര്‍ എന്നെ പൊതിയുന്നു

ഒരു തേനീച്ചക്കൂട്ടം.

ഞാന്‍ പറയുന്നു,

അത് എന്റെ കണ്ണുകളിലെ തീയാണു,

എന്റെ പല്ലുകളുടെ തിളക്കം,

എന്റെ അരക്കെട്ടിന്റെ ആട്ടം,

പിന്നെ എന്റെ കാലുകളിലെ ആനന്ദം.

ഞാന്‍ ഒരു സ്ത്രീയാണു

അസാമാന്യയായി.

അസാമാന്യയായ സ്ത്രീ,

അത് ഞാനാണു.

പുരുഷന്മാര്‍ അമ്പരന്നിട്ടുണ്ട്

അവരെന്നില്‍ എന്ത് കാണുന്നുവെന്ന്.

അവര്‍ ഒരു പാട് ശ്രമിക്കുന്നു

പക്ഷേ എന്റെ ഉള്ളിലെ നിഗൂഢതയെ

അവര്‍ക്ക് തൊടാന്‍ കഴിയുന്നില്ല.

അത് കാട്ടാന്‍ ഞാന്‍ ശ്രമിക്കുമ്പോഴും

അവര്‍ പറയുന്നു, അവര്‍ക്കത് കാണാന്‍ കഴിയുന്നില്ലെന്ന്.

ഞാന്‍ പറയുന്നു,

അതെന്റെ മുതുകിന്റെ വളവിലുണ്ട്,

എന്റെ ചിരിയിലെ സൂര്യനില്‍,

എന്റെ മുലകളുടെ തള്ളിച്ചയില്‍,

എന്റെ രീതികളിലെ ദിവ്യതയില്‍.

ഞാന്‍ ഒരു സ്ത്രീയാണു

അസാമാന്യയായി.

അസാമാന്യയായ സ്ത്രീ,

അത് ഞാനാണു.

ഇപ്പോള്‍ നിങ്ങള്‍ക്ക് മനസിലാകുന്നു

എന്തുകൊണ്ടാണു എന്റെ തല കുനിയാത്തതെന്ന്.

ഞാന്‍ അതിനെക്കുറിച്ച് ആക്രോശിക്കുകയോ ആര്‍പ്പ് വിളിക്കുകയോ ചെയ്യുന്നില്ല,

ഉച്ചത്തില്‍ സംസാരിക്കേണ്ടി വരുന്നില്ല.

ഞാന്‍ നിങ്ങളെ കടന്ന് പോകുന്നത് കാണുമ്പോള്‍

നിങ്ങള്‍ക്ക് മതിപ്പുണ്ടാക്കേണ്ടതുണ്ട് എനിക്ക്.

ഞാന്‍ പറയുന്നു,

അത് എന്റെ പദനിസ്വനത്തിലുണ്ട്,

എന്റെ മുടിയുടെ മടക്കില്‍,

എന്റെ ഉള്ളംകൈയില്‍,

എന്റെ കരുതലിന്റെ ആവശ്യകതയില്‍.

കാരണം, ഞാന്‍ ഒരു സ്ത്രീയാണു

അസാമാന്യയായി.

അസാമാന്യയായ സ്ത്രീ,

അത് ഞാനാണു.

………………………………………………………………………………..
മായ ഏയ്ഞ്ചലോ

അമേരിക്കന്‍ എഴുത്തുകാരിയും കവയത്രിയുമായ മായ എയ്ഞ്ചലോ ജനിച്ചത് 1928 ഏപ്രില്‍ 4നാണ്. നിരവധി ലേഖനങ്ങളും കവിതകളും രചിച്ചിട്ടുണ്ട്. ഏഴ് പരമ്പരകളായുള്ള ആത്മകഥയാണ് മായ ഏയ്ഞ്ചലോയെ ശ്രദ്ധേയയാക്കിയത്. നിരവധി പുരസ്‌കാരങ്ങളും മുപ്പത് ഹോണററി ഡിഗ്രികളും നേടിയിട്ടുണ്ട്.

വ്യത്യസ്തമായ ജീവിതശൈലിയാണ് മായ എയ്ഞ്ചലോയുടെ മറ്റൊരു പ്രത്യേകത.

സ്വാതി ജോര്‍ജ്

ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശി. Bahrain panorama cotnracting and engineering services പദ്ധതി ആസൂത്രണ സാങ്കേതിക വിദഗ്ദ്ധന്‍. സോഷ്യല്‍ മീഡിയ രംഗത്ത് സജീവം. നിരവധി കവിതകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

മജ്‌നി തിരുവങ്ങൂര്‍

കോഴിക്കോട് ജില്ലയിലെ തിരുവങ്ങൂര്‍ സ്വദേശി. ജെ.ഡി.ടി ഇസ്‌ലാം സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് ടു വിഭാഗം ചരിത്രാധ്യാപിക. ഡൂള്‍ ന്യൂസില്‍ ചിത്രകാരി. നിരവധി ആനുകാലികങ്ങളില്‍ വരക്കുന്നു.

Advertisement