ലക്‌നൗ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ കവിതയെഴുതിയതിന്റെ പേരില്‍ ക്രിമിനല്‍ കേസ് ചുമത്തപ്പെട്ട ബംഗാള്‍ കവി ശ്രീജതോ ബന്ധോപാധ്യയയെ പിന്തുണച്ച കവയത്രി മന്തക്രാന്ത സെന്നിന് ബലാത്സംഗ ഭീഷണി.

സംഭവത്തില്‍ ശ്രീജതോയ്ക്ക് പിന്തുണ നല്‍കിക്കൊണ്ട് പത്തുവരി കവിത മന്തക്രാന്ത ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൂട്ടബലാത്സംഗം ചെയ്യുമെന്ന ഭീഷണിയുമായി രാജാ ദാസ് എന്നയാള്‍ രംഗത്തെത്തിയത്.

ഇയാള്‍ക്കെതിരെ മന്തക്രാന്ത സെന്‍ പരാതി നല്‍കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് അഭിപ്രായസ്വാതന്ത്ര്യത്തിന് വിലങ്ങിടുന്ന ആര്‍.എസ്.എസ് രാജ്യത്ത് അക്രമം പടര്‍ത്തുകയാണെന്ന് മന്തക്രാന്ത പ്രതികരിച്ചു.

ശ്രീജാതോയുടെ കവിതക്കെതിരെ ഹിന്ദു സമഗതി എന്ന സംഘടനയിലെ പ്രവര്‍ത്തകന്‍ പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിനെതിരെ ക്രിമിനല്‍ കേസ് ചുമത്തിയത്.

ഇതിന് പിന്നാലെ ഫേസ്ബുക്ക് കവിത പിന്‍വലിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് സൈറ്റ് ശ്രീജാതോ ബന്ധോപാധ്യായോട് മാപ്പ് ചോദിച്ചിരുന്നു.