ട്രിപ്പോളി: നാല് പതിറ്റാണ്ട് നീണ്ട മുഅമ്മര്‍ ഗദ്ദാഫിയുടെ  സ്വേച്ഛാധിപത്യ ഭരണത്തിന് അവസാനം കുറിച്ച് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷേഭം നടത്തുന്ന ലിബിയന്‍ വിമത സേന തലസ്ഥാനമായ ട്രിപ്പോളി പിടിച്ചെടുത്തതായി അവകാശപ്പെട്ടു.

ട്രിപ്പോളിയിയില്‍ ഖദ്ദാഫിയുടെ വസതി നിലകൊള്ളുന്ന ബാബുല്‍ അസീസയില്‍ കനത്ത ഏറ്റുമുട്ടല്‍ നടക്കുന്നതായും മണിക്കൂറുകള്‍ക്കകം ട്രിപ്പോളിയുടെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കുമെന്നും വിമത സൈന്യം അവകാശ വാദമുന്നയിച്ചതായി വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗദ്ദാഫിയുടെ ഭരണത്തിന് അവസാനമായെന്ന് യു.എസ് പ്രസിഡന്റ് ബറാക് ഒബാമ പ്രസ്താവനയില്‍ വ്യക്തമാക്കി. ഗദ്ദാഫിയുടെ ഒടുക്കമായി എന്ന് നാറ്റോയും ബ്രിട്ടനും പറഞ്ഞു.

വിമത സേന പ്രസിഡന്റ് കേണല്‍ ഗദ്ദാഫിയെ പുറത്താക്കാനുള്ള അവസാനഘട്ട പോരാട്ടത്തിലാണ്. ഗദ്ദാഫിയുടെ മകനും സൈനീക മേധാവിയുമായ സൈഫുല്‍ ഇസ്‌ലാമിനെ ബന്ദിയാക്കിയതായി വിമതരുടെ നാഷനല്‍ ട്രാന്‍സിഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മുസ്തഫ അബ്ദുല്‍ ജലീല്‍ പറഞ്ഞതായി അല്‍ജസീറ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

ഗദ്ദാഫിയുടെ മറ്റൊരു മകനായ മുഹമ്മദ് മുഹമ്മദ് അല്‍ ഖദ്ദാഫി വിമത സേനക്കു മുന്നില്‍ കീഴടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം ഗദ്ദാഫി  എവിടെയാണെന്നതിനെക്കുറിച്ച് വിവരമൊന്നുമില്ല.

തലസ്ഥാനമായ ട്രിപ്പോളിയില്‍ ഏങ്ങും ആഹ്ലാദ ചിത്തരായ വിമത സൈന്യം ഗദ്ദാഫിക്കെതിരായ മുദ്രാവാക്യങ്ങളുയര്‍ത്തി സംഗമിക്കുന്ന കാഴ്ച വിദേശചാനലുകള്‍ പുറത്ത് വിടുന്നുണ്ട്. ദേശീയ പരിവര്‍ത്തന സമിതിയുടെ ആസ്ഥാനം ട്രിപ്പോളിയിലേക്ക് മാറ്റാനും തീരുമാനമായിട്ടുണ്ട. നഗരത്തിന്റെ അഞ്ചില്‍ ഒന്നു ഭാഗത്തിന്റെ നിയന്ത്രണം മാത്രമാണ് സര്‍ക്കാര്‍ സേനയുടെ കൈയിലുള്ളതെന്നും ഗദ്ദാഫി അനുകൂല അവസാന സൈനികനും കീഴടങ്ങും വരെ ആക്രമണം തുടരുമെന്നും നാറ്റോസേന വ്യക്തമാക്കി.

അതേസമയം, വിമത സേന തലസ്ഥാനത്ത് മാത്രം 1300 പേരെ കൊലപ്പെടുത്തിയതായും വിമതര്‍ക്കെതിരെ പൊരുതാന്‍ ആയിരക്കണക്കിന് വളണ്ടിയര്‍മാരും സൈന്യവും സജ്ജമാണെന്നും സര്‍ക്കാറിന്റെ ഔദ്യോഗിക വക്താവായ മൂസ ഇബ്രാഹീം പറഞ്ഞു.