എഡിറ്റര്‍
എഡിറ്റര്‍
ന്യുമോണിയയും അതിസാരവും ബാധിച്ച് ഇന്ത്യയില്‍ ഒരു വര്‍ഷം മരണപ്പെടുന്നത് നാല് ലക്ഷം കുട്ടികള്‍
എഡിറ്റര്‍
Wednesday 13th November 2013 10:20am

children

ന്യൂദല്‍ഹി: ന്യുമോണിയ, അതിസാരം എന്നീ രോഗങ്ങള്‍ കാരണം വര്‍ഷം തോറും ഇന്ത്യയ്ക്ക് നഷ്ടപ്പെടുന്നത് നാല് ലക്ഷം കുട്ടികളെയാണെന്ന് റിപ്പോര്‍ട്ട്.

വളരെ എളുപ്പത്തില്‍ പ്രതിരോധിക്കാവുന്ന ഈ രോഗങ്ങള്‍ കാരണം ശരാശരി നാല് ലക്ഷം കുട്ടികള്‍ അഞ്ച് വയസ്സിന് മുമ്പ് മരണപ്പെടുന്നു.

പ്രതിരോധപ്രവര്‍ത്തനങ്ങളും ജീവന്‍ രക്ഷാപരിചരണങ്ങളും ഭൂരിഭാഗം കുട്ടികള്‍ക്കും ലഭിക്കാറില്ല.

അമേരിക്കയിലെ ബാള്‍ട്ടിമോര്‍ ആസ്ഥാനമായുള്ള  ജോണ്‍ ഹോപ്കിന്‍സ് ബ്ലൂംബര്‍ഗ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഇന്റര്‍നാഷണല്‍ വാക്‌സിന്‍ അക്‌സസ് സെന്റര്‍ പ്രസിദ്ധീകരിച്ച 2013-ലെ ന്യുമോണിയയും അതിസാരവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ന്യുമോണിയ-അതിസാരം കോസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും ഇന്ത്യയിലാണ്.

എളുപ്പത്തില്‍ തടയാവുന്ന ഇത്തരം രോഗങ്ങള്‍ കാരണം അഞ്ച് വയസ്സിന് താഴെയുള്ള നാല് ലക്ഷത്തിലധികം കുട്ടികളാണ് ഓരോ വര്‍ഷവും ഇന്ത്യയില്‍ മരണത്തിന് കീഴടങ്ങുന്നത്. നിരവധി കുട്ടികള്‍ ഗുരുതരമായ രോഗങ്ങള്‍ മൂലം കഷ്ടപ്പെടുന്നു.

കുട്ടികളിലെ ന്യുമോണിയ തടയാനായി പ്രതിരോധ കുത്തിവെയ്പുകള്‍  നടത്തുന്നുണ്ടെങ്കിലും ഇതിന്റെ ഗുണഫലം എല്ലാവരിലും എത്തുന്നില്ല. റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകമൊട്ടാകെ അഞ്ച് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളുടെ മരണത്തിന് പ്രധാന കാരണമാകുന്നത് ഈ രോഗങ്ങളാണ്.

യൂണിസെഫിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2012-ല്‍ മാത്രം 1.7 മില്യണ്‍ കുട്ടികളാണ് ഈ രോഗങ്ങള്‍ ബാധിച്ച് ലോകമൊട്ടാകെ മരണമടഞ്ഞത്.

‘ന്യുമോണിയയെ പ്രതിരോധിക്കാനായി ഇന്ത്യ ഹീമോഫീലസ് ഇന്‍ഫഌവന്‍സാ ടൈപ്പ് ബി വാക്‌സിന് തുടക്കമിട്ടിട്ടുണ്ട്. ഒന്‍പത് സംസ്ഥാനങ്ങളില്‍ മാത്രമാണ് ഇത് നടപ്പിലാക്കിയിരിക്കുന്നത്.

ഇത് രാജ്യവ്യാപകമാക്കണമെന്ന് പ്രതിരോധപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ദേശീയ സാങ്കേതിക ഉപദേശക സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.’ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇമ്മ്യൂണോളജിയിലെ എന്‍. കെ ഗാംഗുലി പറയുന്നു.

എന്നാല്‍ ആരോഗ്യമേഖല മെച്ചപ്പെടുത്താനായി റോട്ടാവൈറസ്, ന്യൂമോകോക്കല്‍ തുടങ്ങിയ വാക്‌സിനുകളും രാജ്യവ്യാപകമായി നല്‍കേണ്ടതുണ്ട്. കൂടാതെ ചികിത്സാ സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കണം. അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

Advertisement