ന്യൂദല്‍ഹി: പ്രധാനമന്ത്രി പദമല്ല തന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രിയാകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും എ.ഐ.സി.സി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നീണ്ടുനില്‍ക്കുന്ന രാഷ്ട്രീയ ജീവിതമാണ് തന്റെ ലക്ഷ്യം അല്ലാതെ പ്രധാനമന്ത്രി പദമല്ലെന്നും രാഹുല്‍ പറഞ്ഞു.

Ads By Google

അടുത്ത തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി പദത്തിലേക്ക് രാഹുല്‍ ഗാന്ധിയുടെ പേര് സോണിയാ ഗാന്ധി നിര്‍ദേശിക്കാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍.

പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് തന്റെ ശ്രമമെന്ന് പറഞ്ഞ രാഹുല്‍ പ്രധാനമന്ത്രി പദം താന്‍ ഏറ്റെടുക്കണമെന്ന് പറഞ്ഞത് ആരാണെന്ന് വ്യക്തമാക്കാന്‍ തയ്യാറായില്ല.

ജനുവരിയിലാണ് രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തത്. പാര്‍ട്ടിയിലെ സ്വാധീനമുള്ള രണ്ടാമത്തെ ആളെന്ന നിലയ്ക്കാണ് രാഹുലിനെ ആ സ്ഥാനത്തേക്ക് നിര്‍ണയിച്ചത്.

അതേസമയം പ്രധാന എതിര്‍കക്ഷിയായ ബി.ജെ.പി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ പേര് പ്രധാനമന്ത്രി പദത്തിലേക്ക് ഉന്നയിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം എടുത്തിട്ടില്ലെന്നാണ് അറിയുന്നത്.