ന്യൂദല്‍ഹി: ഡീസല്‍ വില വര്‍ധിപ്പിക്കണമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി. സമിതിയുടെ ഇടക്കാല അവലോകന റിപ്പോര്‍ട്ടിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വില ഉയരുന്നതും രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവുമാണ് വില വര്‍ധിപ്പിക്കാനുള്ള കാരണങ്ങളായി സമിതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഉപദേശക സമിതി ചെയര്‍മാന്‍ സി. രംഗരാജനാണ് ഈ ആവശ്യം മുന്നോട്ടുവെച്ചത്.

Ads By Google

സബ്‌സിഡിയോടുകൂടിയുള്ള പാചകവാതക വിതരണത്തിന് പരിധി നിശ്ചയിക്കണമെന്നും ഇടക്കാല അവലോക റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വര്‍ണം ഇറക്കുമതി ചെയ്യുന്നതില്‍ നിയന്ത്രണം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Subscribe Us:

വ്യോമയാന മേഖലയില്‍ 49 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം ഉടന്‍ അനുവദിക്കണം. കാര്‍ഷിക മേഖലയുടെ വളര്‍ച്ച 0.5 ശതമാനമായി കുറയും. വരള്‍ച്ചയും മഴയിലുണ്ടായ കുറവുമാണ് ഇതിന് പ്രധാന കാരണം. കാലവര്‍ഷത്തില്‍ 16 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. കാര്‍ഷിക വളര്‍ച്ച കഴിഞ്ഞവര്‍ഷം 2.8% ആയിരുന്നു.

ഈ സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ മൊത്തം വളര്‍ച്ചാ നിരക്ക് 6.7 ശതമാനമായിരിക്കും. പണപ്പെരുപ്പ നിരക്ക് 6.5-7 ശതമാനത്തിനിടയില്‍ തന്നെ നില്‍ക്കും. ധനക്കമ്മി മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 5.6 ശതമാനമായിരിക്കും.

എട്ട് ശതമാനം വളര്‍ച്ചാ നിരക്കാണ് ലക്ഷ്യം വയ്ക്കുന്നത്. വ്യാപാര കമ്മി കുറയാനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.