ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും അടുത്ത ഉപദേശകനുമായ ടി.കെ.എ നായര്‍ ഭൂമി വിവാദത്തില്‍.  പൊതുമേഖലാ സ്ഥാപനമായ ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡിന്റെ (ബി.ഇ.എം.എല്‍) തൊഴിലാളികള്‍ക്കായി നീക്കിവെച്ച എംപ്ലോയീസ് സൊസൈറ്റിയുടെ വക ഭൂമി തുച്ഛമായ വിലയ്ക്ക് ബന്ധുവിനും കുടുംബ സുഹൃത്തിനും ടി.കെ.എ നായര്‍ കൈമാറിയെന്നാണ് ആരോപണം. ‘ദ ഹിന്ദു’ ദിനപത്രമാണ് വാര്‍ത്ത പുറത്ത് വിട്ടത്.

2008 ഡിസംബറിലാണ് ഭൂമി കൈമാറ്റം നടന്നത്. സംഭവം വിവാദമായതോടെ 2010 ഡിസംബറില്‍ ഭൂമി തിരികെ നല്‍കുകയായിരുന്നുവെന്ന് ഹിന്ദുവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ടി.കെ.എ നായരുടെ മരുമകള്‍ എ പ്രീതിപ്രഭ, കുടുംബസുഹൃത്ത് ഉമാദേവി നമ്പ്യാര്‍ എന്നിവരുടെ പേരിലാണ് ഭൂമി അനുവദിച്ചത്. മൂന്നാമതൊരാള്‍ക്ക് കൂടി ഭൂമി കൈമാറിയിട്ടുണ്ടെങ്കിലും അയാള്‍ക്ക് നായരുമായുള്ള ബന്ധം വ്യക്തമല്ലാത്തതിനാല്‍ അത് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

അന്ന് ബി.ഇ.എം.എല്‍ മേധാവിയായിരുന്ന വി.ആര്‍.എസ് നടരാജനും ഇതില്‍ കുറ്റക്കാരനാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ടെട്ര ട്രക്ക് ഇടപാടുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഉദ്യോഗസ്ഥനാണ് നടരാജന്‍.

ചതുരശ്ര അടിക്ക് 2500 മുതല്‍ 3000 വരെ വിലയുണ്ടായിരുന്ന സമയത്ത് കേവലം 450 രൂപ നിരക്കിലാണ് ഇവര്‍ക്ക് ഭൂമി കൈമാറിയതെന്നാണ് ആരോപണം. വി.ആര്‍.എസ് നടരാജന്‍ ബി.ഇ.എം.എല്‍ ചെയര്‍മാനായിരിക്കെ അദ്ദേഹത്തിന്റെ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഭൂമി കൈമാറിക്കൊണ്ടുള്ള രേഖകളില്‍ ഒപ്പുവച്ചിരിക്കുന്നത്.

അതാണ് ചട്ടങ്ങള്‍ മറകടന്ന് ടി.കെ.എ നായരുടെ ബന്ധുക്കള്‍ക്ക് കൈമാറിയത്. ബി.ഇ.എം.എല്‍ ചെയര്‍മാനായിരുന്ന വി.ആര്‍.എസ് നടരാജനും ഇപ്രകാരം കണ്ണായ സ്ഥലത്ത് രണ്ട് സര്‍വെ നമ്പറുകളിലായി 6000 ചതുരശ്ര അടി ഭൂമി സ്വന്തമാക്കിയിട്ടുണ്ട്. അതും ചതുരശ്ര അടിക്ക് കേവലം 152 രൂപയ്ക്കായിരുന്നു കൈമാറ്റം. വിപണി വില ചതുരശ്ര അടിക്ക് 8000 രൂപയുണ്ടായിരിക്കുമ്പോഴാണ് തുഛമായ വിലയ്ക്ക് നടരാജനും ഭൂമി സ്വന്തമാക്കിയത്.

അനധികൃതമായി ഭൂമികൈമാറ്റം നടന്നുവെന്ന് ചൂണ്ടിക്കാട്ടി ബി.ഇ.എം.എല്ലിലെ മുന്‍ തൊഴിലാളിയും ഓഹരിയുടമയുമായ കെ.എസ് പെരിയസ്വാമി 2010 ഓഗസ്റ്റ് ഏഴിന് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും പരാതി നല്‍കി. രണ്ട് പേരില്‍ നിന്നും പെരിയസ്വാമിക്ക് മറുപടി ലഭിച്ചില്ലെങ്കിലും വിശദീകരണമെന്നും കൂടാതെ തന്നെ മൂന്ന് മാസത്തിന് ശേഷം ഭൂമി തിരികെ സൊസൈറ്റിക്ക് തന്നെ നല്‍കുകയായിരുന്നു. ബി.ഇ.എം.എല്ലിലെ തൊഴിലാളികള്‍ക്ക് സബ്‌സിഡി നിരക്കില്‍ ഭൂമി നല്‍കുന്നതിനാണ് കര്‍ണാടക സര്‍ക്കാര്‍ തൊഴിലാളികളുടെ സൊസൈറ്റിക്ക് ഭൂമി പതിച്ചുനല്‍കിയത്.

ടി.കെ.എ നായര്‍ക്കെതിരെ കടുത്ത ആരോപണങ്ങളാണ് പെരിയസ്വാമി ഉന്നയിച്ചിട്ടുള്ളത്. ടി.കെ.എ നായര്‍ രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാരനാണെന്നും പല രാഷ്ട്രീയക്കാര്‍ക്കും ചരട് വലി നടത്താനാണ് അദ്ദേഹം പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഇരിക്കുന്നതെന്നും പെരിയസ്വാമി കുറ്റപ്പെടുത്തുന്നു. ടി.കെ.എ നായരും നടരാജനും സുഹൃത്തുക്കളാണ്. ഇരുവരും ചേര്‍ന്ന് നിരവധി അഴിമതികള്‍ നടത്തിയിട്ടുണ്ട്. നായരുടെ സ്വാധീനം കാരണം ഈ കാര്യങ്ങളൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ് സി.ബി.ഐ. പ്രതിരോധ മന്ത്രി എ.കെ ആന്റണി നിസ്സഹായനാണെന്നും അദ്ദേഹം പറഞ്ഞു.

Malayalam News

Kerala News in English