ന്യൂദല്‍ഹി: മുന്‍ധാരണകളോടെ തീവ്രവാദ കേസുകള്‍ അന്വേഷിക്കരുതെന്ന് പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ്. ഡല്‍ഹിയില്‍ പതിനഞ്ചാമത് ദേശീയോദ്ഗ്രഥന കൗണ്‍സില്‍ യോഗത്തില്‍സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണ ഏജന്‍സികള്‍ അകാരണമായി ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്നുവെന്ന ധാരണയുണ്ടെന്നും അത് തിരുത്തണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

തീവ്രവാദവും ഇടതുപക്ഷ ഭീകരതയുമാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി. ഡല്‍ഹി ഹൈക്കോടതി കവാടത്തിന് സമീപമുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ ശക്തമാക്കേണ്ടതുണ്ട്. തീവ്രവാദം നേരിടുന്ന കാര്യത്തില്‍ വിട്ടുവീഴ്ച വരാന്‍ പാടില്ല. യുവാക്കള്‍വിഘടനവാദ പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് തടയണം. ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ പക്ഷപാതിത്വം ഇല്ലാതെ പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹി സ്‌ഫോടനത്തിന്റെ അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന് പിന്നീട് സംസാരിച്ച ആഭ്യന്തരമന്ത്രി പി.ചിദംബരം പറഞ്ഞു. ആദ്യ ഇമെയില്‍ സന്ദേശം അയച്ച ആളിനെ പോലീസിന് അറസ്റ്റുചെയ്യാന്‍ സാധിച്ചിട്ടുണ്ട്. ഇത്തരം അടിയന്തരഘട്ടങ്ങളില്‍ സര്‍ക്കാരിനെ വെറുതെ കുറ്റപ്പെടുത്തുകയല്ല ചെയ്യേണ്ടത്. പാര്‍ട്ടി വ്യത്യാസങ്ങള്‍ മറന്ന് വെല്ലുവിളികളെ നേരിടുന്ന കാര്യത്തില്‍ പിന്തുണയ്ക്കുകയാണ് വേണ്ടതെന്ന് പ്രതിപക്ഷ പാര്‍ട്ടികളോട് അദ്ദേഹം പറഞ്ഞു.