ന്യൂദല്‍ഹി: ദുരന്തചിത്രമെന്ന് വിശേഷിപ്പിച്ച വാഷിങ്ടണ്‍ പോസ്റ്റിന് മറുപടിയുമായി പ്രധാനമന്ത്രിയുടെ ഓഫീസ്. വിവാദ ലേഖനം എഴുതുന്നതിന് മുമ്പ് പ്രധാനമന്ത്രിയുടെ ഭാഗം കേള്‍ക്കാന്‍ വാഷിങ്ടണ്‍ പോസ്റ്റ് ജേണലിസ്റ്റ് സൈമണ്‍ ഡെന്‍യര്‍ തയ്യാറായില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് കുറ്റപ്പെടുത്തി.

Ads By Google

പി.എം.ഒ ഓഫീസ് വഴി താനുമായി സ്ഥിരമായി ബന്ധപ്പെടാറുണ്ടായിരുന്നിട്ടും പ്രധാനമന്ത്രിയുടെ അഭിപ്രായമറിയാന്‍ ജേണലിസ്റ്റ് ശ്രമിച്ചില്ല. അതുകൊണ്ട് ഈ ലേഖനം പൂര്‍ണമായും ഒരു ഭാഗത്ത് മാത്രം നിന്നുകൊണ്ടുള്ളതാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞു.

ലേഖനത്തിന്റെ റിപ്പോര്‍ട്ടര്‍ തന്നോട് രണ്ട് തവണ മാപ്പ് പറഞ്ഞെന്നാണ് പ്രധാനമന്ത്രി അവകാശപ്പെടുന്നത്. എന്നാല്‍ മന്‍മോഹന്‍ സിങ്ങിനെ ദുരന്തചിത്രമെന്ന് വിശേഷിപ്പിച്ചതില്‍ മാപ്പ് പറയില്ലെന്ന് വാഷിങ്ടണ്‍ പോസ്റ്റ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയുടെ ഓഫീസ് വാഷിങ്ടണ്‍ പോസ്റ്റിന് കത്തയച്ചിട്ടുണ്ട്. ‘ നിങ്ങള്‍  രണ്ട് തവണ മാപ്പ് പറയുകയും മാധ്യമങ്ങളോട് മാപ്പ് പറയില്ലെന്ന് പറയുകയുമാണ് ചെയ്തത്. ‘ കത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് കുറ്റപ്പെടുത്തുന്നു.

ഒരു മാസികയില്‍ മുമ്പ് ഉപയോഗിച്ച് വാക്ക് മാറ്റം വരുത്തി ഉപയോഗിക്കുകയാണ് വാഷിങ്ടണ്‍ പോസ്റ്റ് ചെയ്തത്. പ്രധാനമന്ത്രിയുടെ മുന്‍ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ ബാരു ഇക്കാര്യം അറിയിച്ചിട്ടുണ്ട്. എട്ട് മാസം മുമ്പ് ഇന്ത്യന്‍ മാസികയില്‍ വന്ന ഉദ്ധരണി നിങ്ങള്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി ഉപയോഗിക്കുകയാണ് ചെയ്തതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

റിപ്പോര്‍ട്ടറുടെ നടപടി തീര്‍ത്തും അധാര്‍മികമാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് കുറ്റപ്പെടുത്തുന്നു.

ദുരന്തചിത്രമെന്ന് വിശേഷിപ്പിച്ചതില്‍ ഖേദപ്രകടനം നടത്തില്ലെന്ന് കഴിഞ്ഞദിവസം വാഷിങ്ടണ്‍ പോസ്റ്റ് വ്യക്തമാക്കിയിരുന്നു. ലേഖനത്തില്‍ മന്‍മോഹന്റെ ഭാഗം പറയുന്നില്ലെന്നത് ശരിയാണ്. എന്നാല്‍ കഴിഞ്ഞ  ജുലൈയിയില്‍ പ്രധാനമന്ത്രിയെ അഭിമുഖത്തിനായി ക്ഷണിച്ചിരുന്നെങ്കിലും അത് നിരാകരിക്കുകയായിരുന്നു. ഇങ്ങനെയൊരു ലേഖനം വരുന്ന കാര്യം നേരത്തേ അദ്ദേഹത്തിന് അറിയാമായിരുന്നെന്നും വാഷിങ്ടണ്‍ പോസ്റ്റിലെ ജേണലിസ്റ്റായ സൈമണ്‍ ഡന്‍യര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

‘ഇന്ത്യാസ് സൈലന്റ് പ്രൈംമിനിസ്റ്റര്‍ ബികംസ് ട്രാജിക് ഫിഗര്‍’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച സ്‌റ്റോറിയിലാണ് മന്‍മോഹന്‍ സിങ്ങിനെ വിമര്‍ശിക്കുന്നത്. ഇന്ത്യയെ ഐശ്വര്യത്തിലേക്കും ശക്തിയിലേക്കും നവീനതയിലേക്കും നയിച്ച പ്രധാനമന്ത്രി ഇപ്പോള്‍ ചരിത്രത്തിലെ പരാജിതനായി മാറുകയാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞത്.

വാഷിങ്ടണ്‍ പോസ്റ്റിന്റെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ്സ് ശക്തമായ പ്രതിഷേധമറിയിച്ചതിന് പിന്നാലെയാണ് ഖേദപ്രകടനം നടത്തില്ലെന്ന തീരുമാനവുമായി വാഷിങ്ടണ്‍ പോസ്റ്റ് എത്തിയത്.

മന്‍മോഹന്‍ സിങ് ‘ദുരന്തചിത്ര’മെന്ന് വാഷിങ്ടണ്‍ പോസ്റ്റ്