Administrator
Administrator
സമൂഹത്തോടുള്ള ബാധ്യത ഐ എന്‍ എല്‍ നിറവേറ്റി
Administrator
Wednesday 10th March 2010 7:49am

സംഭാഷണം /പി എം എ സലാം

ബാബരി മസ്ജിദ് തകര്‍ച്ചയെ തുടര്‍ന്ന് മുസ്‌ലിം ലീഗുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് 1993 ഏപ്രില്‍ 23നാണ് ഇന്ത്യന്‍ നാഷണല്‍ ലീഗ്( ഐ എന്‍ എല്‍ ) രൂപീകൃതമായത്. ബാബരി തകര്‍ച്ചക്ക് ഉത്തരവാദികളായ കോണ്‍ഗ്രസുമായി മുസ്‌ലിം ലീഗ് ബന്ധം തുടരുന്നതിനെ തുറന്നെതിര്‍ത്ത അഖിലേന്ത്യാ പ്രസിഡണ്ട് ഇബ്രാഹീം സുലൈമാന്‍ സേഠുവിനെ പാര്‍ട്ടി പുറത്താക്കുകയായിരുന്നു. സേഠുവിന്റെ നേതൃത്വത്തില്‍ ഐ എന്‍ എല്‍ രൂപീകരിക്കപ്പെട്ടു. പിന്നീട് കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്, ബി ജെ പി ഇതര മുന്നണികളിലാണ് ഐ എന്‍ എല്‍ പ്രവര്‍ത്തിച്ചത്. കേരളത്തില്‍ എല്‍ ഡി എഫിനൊപ്പം നിന്ന ഐ എന്‍ എല്‍ മുന്നണിയുടെ ഭാഗമാകാതെ എല്‍ ഡി എഫ് സീറ്റുകളില്‍ മത്സരിച്ചു. ജയിക്കുകയും തോല്‍ക്കുകയും ചെയ്തു.

എല്‍ ഡി എഫ് പ്രവേശനം സ്വപ്‌നം മാത്രമായി തുടരവെ മുസ്‌ലിം ലീഗിലേക്ക് ഒരു തിരിച്ച് പോക്കിനൊരുങ്ങുകയാണ് ഐ എന്‍ എല്‍ . അതിനായി ലീഗുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ചരിത്രം എന്നും ഓര്‍ക്കാനുള്ളതല്ലെന്ന് ഐ എന്‍ എല്‍ നേതാക്കള്‍ ഇപ്പോള്‍ പറയുന്നു. ഐ ന്‍ എല്‍ സംസ്ഥാന പ്രസിഡണ്ട് പി എം എ സലാം എം എല്‍ എ കേരളഫ്‌ളാഷ്‌ന്യൂസ് എക്‌സിക്യുട്ടീവ് എഡിറ്റര്‍ കെ മുഹമ്മദ് ഷഹീദുമായി സംസാരിക്കുന്നു.

ഐ എന്‍ എല്‍ രൂപീകരണത്തിനുണ്ടായ സാഹചര്യം.

തികച്ചും ആശയാധിഷ്ഠിതമായിരുന്നു ഐ എന്‍ എല്‍ രൂപീകരണം. ബാബരി മസ്ജിദ് തകര്‍ച്ച തന്നെയായിരുന്നു ഐ എന്‍ എല്‍ രൂപീകരണത്തിനുള്ള കാരണം. അധികാരങ്ങളും സൗകര്യങ്ങളും വലിച്ചെറിഞ്ഞാണ് ഐ എന്‍ എല്‍ ലീഗ് വിട്ട് പുറത്ത് വന്നത്. മുസ്‌ലിം ലീഗ് നയങ്ങളോടുള്ള എതിര്‍പ്പായിരുന്നു അതിന് കാരണം. ഐന്‍ എന്‍ എല്‍ ഒരിക്കലും വ്യക്താധിഷ്ഠിതമായ നിലപാടല്ല സ്വീകരിച്ചത്.

ആശയത്തിന്റെ പേരില്‍ രൂപീകരിക്കപ്പെട്ട പാര്‍ട്ടി സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി മാത്രം ഇപ്പോള്‍ ആ നിലപാട് കയ്യൊഴിയുന്നത് ശരിയാണോ?.

ഐ എന്‍ എല്‍ പ്രവര്‍ത്തകരെല്ലാം പഴയകാല ലീഗ് പ്രവര്‍ത്തകരാണ്. കേരളത്തിന് പുറത്ത 12ഓളം സംസ്ഥാനങ്ങളില്‍ ഐ എന്‍ എല്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഒന്നിലധികം സംസ്ഥാനങ്ങളില്‍ നിയമസഭാംഗങ്ങളുണ്ടായിരുന്നു. തമിഴ്‌നാട്ടില്‍ സി പി ഐ എം അടക്കമുള്ള മുന്നണിയില്‍ 15 വര്‍ഷമായി ഐ എന്‍ എല്‍ ഘടക കക്ഷിയാണ്. കര്‍ണാടകയിലും ഇതു പോലെ മുന്നണി സംവിധാനമുണ്ട്.

കേരളത്തില്‍ പാര്‍ട്ടി രൂപീകരിച്ചതു മുതല്‍ എല്‍ ഡി എഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ്. എല്‍ ഡി എഫിന്റെ രാഷ്ട്രീയ നിലപാട് എല്‍ ഡി എഫുമായി യോജിച്ച് പോകുന്നതാണെന്ന് മനസിലാക്കിയായിരുന്നു അത്. സാമ്രാജ്യത്വം, വിദേശ കുത്തകകള് ‍, വര്‍ഗീയത, ഫാഷിസം തുടങ്ങിയ കാര്യങ്ങളില്‍ എല്‍ ഡി എഫ് നിലപാട് ഞങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിഞ്ഞിരുന്നു. ഐ എന്‍ എല്‍ രൂപീകരണം മുതല്‍ ഇതുവരെ എല്ലാ തിരഞ്ഞെടുപ്പുകളിലും യോജിച്ചാണ് പ്രവര്‍ത്തിച്ചത്. അത് കൊണ്ട് എല്‍ ഡി എഫിന്റെ മതേതര പ്രതിഛായക്ക് മങ്ങലേറ്റതായി ഇതുവരെ ആരും പറഞ്ഞിട്ടില്ല. കഴിഞ്ഞ പത്ത് വര്‍ഷമായി എല്‍ ഡി എഫ് മുന്നണി പ്രവേശനത്തിന് ആവശ്യപ്പെട്ട് കൊണ്ടിരിക്കയാണ്. എന്നാല്‍ അനുകൂലമോ പ്രതികൂലമോ ആയ മറുപടി ഉണ്ടായില്ല. ഈ സാഹചര്യത്തില്‍ ഞങ്ങള്‍ക്ക് ഇനിയും ഇങ്ങിനെ തുടരാനാകില്ല. അണികള്‍ എത്രയോ കാലമായി ഇത് ഞങ്ങളോട് ആവശ്യപ്പെട്ട് വരികയായിരുന്നു.

വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ദേശീയ, അന്തര്‍ദേശീയ പ്രശ്‌നങ്ങളൊന്നും ചര്‍ച്ചയാവില്ല. പ്രാദേശിക വിഷയങ്ങളാണ് പ്രശ്‌നം. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇരു മുന്നണികളും അടവ് നയം സ്വീകരിച്ചത് ചരിത്രമാണ്. ആ നിലക്ക് ഒരു മുന്നണിയിലും ഘടകകക്ഷിയല്ലാത്ത ഐ എന്‍ എലിന്, സ്വതന്ത്ര നിലപാട് സ്വീകരിക്കാം. പ്രാദേശിക വികസനം, പാര്‍ട്ടി പ്രാതിനിധ്യം എന്നിവ പരിഗണിച്ച് തീരുമാനമെടുക്കാന്‍ അതാത് ജില്ലാ കമ്മിറ്റികള്‍ക്ക് മൂന്ന് മാസം മുമ്പ് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പല പാര്‍ട്ടികളുമായും അനൗപചാരിക ചര്‍ച്ച നടത്തി. അവസാന തീരുമാനമായിട്ടില്ല. യഥാസമയത്ത് തീരുമാനം പ്രഖ്യാപിക്കും.

എല്‍ ഡി എഫ് മുന്നണി പ്രവേശനത്തിന് തടസമായി നില്‍ക്കുന്നത് എന്താണെന്നാണ് കരുതുന്നത്?.

ഇക്കാര്യം ഞങ്ങള്‍ക്കും ശരിക്ക് വ്യക്തമായിട്ടില്ല. എല്‍ ഡി എഫ് തീരുമാനങ്ങളെല്ലാം പത്രങ്ങളിലൂടെ അറിയേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളത്. തീരുമാനങ്ങളുടെ നിജസ്ഥിതി അറിയാനും അത് പ്രവര്‍ത്തകരെ ബോധ്യപ്പെടുത്തിക്കൊടുക്കാനും കഴിയാതെ വരുന്നു. ന്യൂനപക്ഷ പിന്നാക്ക വിഷയങ്ങളില്‍ ഞങ്ങളുമായി കൂടിയാലോചിക്കാനോ ചര്‍ച്ചകളില്‍ ഞങ്ങളെ ഉള്‍പ്പെടുത്താനോ എല്‍ ഡി എഫ് തയ്യാറായില്ല. ഞങ്ങള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യം ലഭിക്കുകയും ചെയ്തില്ല. മുന്നണി പ്രവേശനം സി പി ഐ എമ്മാണ് എല്‍ ഡി എഫ് യോഗത്തില്‍ അജണ്ടയില്‍ വെക്കേണ്ടതെന്നാണ് മറ്റ് ഘടകകക്ഷികള്‍ പറയുന്നത്. എന്നാല്‍ സി പി ഐ എം അത് ചെയ്യുന്നില്ല. എന്നാല്‍ സി പി ഐ എം അത് ചെയ്യാത്ത സാഹചര്യത്തില്‍ മറ്റ് ഘടകക്ഷികള്‍ക്ക് അത് യോഗത്തില്‍ ഉന്നയിക്കാവുന്നതേയുള്ളൂ എന്നാല്‍ അതും ഉണ്ടായില്ല. സി പി ഐ എം അവര്‍ക്ക് വേണ്ടതെല്ലാം കൃത്യമായി ചെയ്യുന്നുണ്ട്. ഒറ്റ എം എല്‍ എ മാത്രമുള്ള കോണ്‍ഗ്രസ് എസിന് മന്ത്രിസ്ഥാനം നല്‍കി. ജോസ് തെറ്റയിലിനെ മന്ത്രിയാക്കി, പി ഡി പിയുമായി ബന്ധപ്പെട്ടു.

പ്രത്യേക മതവിഭാഗവുമായി ബന്ധപ്പെട്ട പാര്‍ട്ടിയായത് കൊണ്ടാണോ തഴയപ്പെടുന്നത്.

അങ്ങിനെയെങ്കില്‍ കേരള കോണ്‍ഗ്രസ് എല്‍ ഡി എഫിലില്ലേ?.

മുസ്‌ലിം സംഘടന എന്ന നിലയില്‍ എന്തെങ്കിലും വിവേചനം?.

ചില കാര്യങ്ങള്‍ പറയാനുണ്ട്. അത് പിന്നീട് പറയാം.

ബാബരി തകര്‍ച്ചയെ തുടര്‍ന്നാണ് ലീഗ് വിട്ടതെന്ന് പറയുന്നു. പക്ഷെ ചരിത്രം അതേ പോലെ നിലനില്‍ക്കുകയാണ്. എല്ലാം മറന്ന് ഒരു തിരിച്ച് പോക്ക് എങ്ങിനെ സാധിക്കുന്നു?.

ബാബരി തകര്‍ച്ച ഏറ്റവും സങ്കടകരമായ സംഭവമായിരുന്നു. അക്കാലത്തെ കോണ്‍്ഗ്രസിന്റെയും മുസ്‌ലിം ലീഗിന്റെയും നിലപാടുകളോട് ശക്തമായ വിയോജിപ്പുണ്ടായിരുന്നു. സത്യം തുറന്ന് പറഞ്ഞാല്‍ അധികാരം നഷ്ടപ്പെടുമോയെന്ന ഭീതിയായിരുന്നു ലീഗിന്. എന്നാല്‍ ഐ എന്‍ എല്‍ അത് തുറന്ന് പറയാന്‍ തയ്യാറായി. എന്നാല്‍ തെറ്റ് സംഭവിച്ചുവെന്ന് കോണ്‍ഗ്രസ് പിന്നീട് ഏറ്റു പറഞ്ഞു. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവുവിനെ തള്ളിപ്പറഞ്ഞു.

ഞങ്ങളുടെ ആ നിലപാട് ശരിയായിരുന്നു. എന്നാല്‍ എല്ലാ കാലത്തും അങ്ങിനെ നിലനില്‍ക്കണമെന്ന് പറയുന്നത് ശരിയല്ല. ലീഗ് കൂടി ഉള്‍പ്പെട്ട മുന്നണിയാണ് കേരളത്തില്‍ മദ്യനിരോധനം എടുത്ത് കളഞ്ഞത്. എന്നാല്‍ അതിന്റെ പേരില്‍ എല്ലാ കാലത്തും ലീഗുമായി ബന്ധപ്പെടരുതെന്ന് പറയാനാകുമോ?. യോജിക്കാവുന്ന മേഖലകളില്‍ ലീഗുമായി യോജിക്കാന്‍ ഐ എന്‍ എലിന് ബാധ്യതയുണ്ട്.

ഐ എന്‍ എലിന് കേരള രാഷ്ട്രീയത്തില്‍ എന്തെങ്കിലും ഇടപെടല്‍ നടത്താന്‍ കഴിഞ്ഞതായി കരുതുന്നുണ്ടോ?.

തീര്‍ച്ചയായും. മുസ്‌ലിം ലീഗിന്റെ തെറ്റായ നയങ്ങളെ ചൂണ്ടിക്കാണിക്കാന്‍ ഐ എന്‍ എലിന് കഴിഞ്ഞുവെന്നത് എടുത്ത് പറയേണ്ടതാണ്. പല തെറ്റായ നിലപാടുകളില്‍ നിന്നും ലീഗിന് പിന്‍മാറേണ്ടി വന്നു. വ്യക്താധിഷ്ടിതമായിരുന്നില്ല ഞങ്ങളുടെ നിലപാടുകള്‍ . കെ ടി ജലീലും മറ്റും ലീഗില്‍ നിന്ന് പുറത്ത് വന്നത് എന്തിന്റെ പേരിലായിരുന്നു?. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോഴൊക്കെ ലീഗിനെ പിന്തുണച്ചവരാണ് കെ ടി ജലീല്‍ ഉള്‍പ്പെടെയുള്ളവര്‍ . ലീഗിന്റെ നയപരിപാടികളെയാണ് ഞങ്ങള്‍ എതിര്‍ത്തത്. നയപരിപാടികളിലെ പാളിച്ച ഒരു വ്യക്തിയുടെ കുറ്റമല്ല. നേതൃത്വത്തിന് ഒന്നാകെ ബാധ്യതയുണ്ട്. അനുഭവങ്ങളില്‍ നിന്ന് ലീഗ് പാഠം പഠിച്ചു.

ബാബരി തകര്‍ച്ചയുമായി ബന്ധപ്പെട്ട് ഐ എന്‍ എലിന്റെ നിലപാട് തീവ്രമായിരുന്നെന്ന് മുസ്‌ലിംലീഗ് എപ്പോഴും പറയാറുണ്ട്. മതേതരത്വം കാത്ത് സൂക്ഷിച്ചത് തങ്ങളാണെന്നും ലീഗ് പറയാറുണ്ട്. എങ്ങിനെ കാണുന്നു?.

ബാബരി മസ്ജിദ് തകര്‍ച്ചയുമായി ബന്ധപ്പെട്ട് 10 നഗരങ്ങളില്‍ കലാപമുണ്ടായി. മുസ്‌ലിം ലീഗിന്റെ പൊടി പോലുമില്ലാത്ത പശ്ചിമ ബംഗാളില്‍ ഒരില പോലും അനങ്ങിയില്ല. അത് ലീഗുണ്ടായത് കൊണ്ടാണോ?. അതേ സമയം ലീഗിന് ശക്തിയുള്ള കേരളത്തില്‍ പ്രശ്‌നങ്ങളുണ്ടായി. കൊണ്ടോട്ടിയില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. കാസര്‍കോടും പ്രശ്‌നമുണ്ടായി. മുസ്‌ലിംലീഗുള്ളയിടങ്ങളില്‍ പ്രശ്‌നങ്ങളുണ്ടായില്ലെന്നത് ചരിത്രത്തെ വളച്ചൊടിക്കലാണ്.

മതേതര സാമ്രാജ്യത്വ നിലപാടുകളില്‍ ആകൃഷ്ടമായാണ് ഇടതുപക്ഷത്തിന് പിന്തുണ നല്‍കിയതെന്ന് താങ്കള്‍ പറഞ്ഞു. ഈ നിലപാടില്‍ എന്ത് മാറ്റമാണ് ഇപ്പോള്‍ സി പി ഐ എമ്മിനും ഇടതുപക്ഷത്തിനുമുണ്ടായത്?.

പിന്നാക്ക വിഭാഗങ്ങള്‍ക്ക് ദോഷകരമായ നിലപാടാണ് സി പി ഐ എമ്മില്‍ നിന്ന് ഇപ്പോള്‍ ഉണ്ടാവുന്നത്. സംവരണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ഇത് പ്രകടമാണ്. അവര്‍ പറയുന്ന ന്യൂനപക്ഷ സ്‌നേഹം സംശയം ജനിപ്പിക്കുന്നതാണ്. സാമ്പത്തിക സംവരണമെന്ന സി പി ഐ എം നിലപാട് ഭരണഘടനാ വിരുദ്ധമാണ്. ഇതിനെതിരെ തങ്ങളും ലീഗുള്‍പ്പെടെയുള്ള 30 ഓളം പിന്നാക്ക സംഘടനകള്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി മാര്‍ച്ച് നടത്തിയിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര നിലപാടെടുക്കുമെന്ന് താങ്കള്‍ പ്രഖ്യാപിച്ച ശേഷം സി പി ഐ എം, എല്‍ ഡി എഫ് നേതാക്കള്‍ തങ്കളെ ബന്ധപ്പെട്ടിരുന്നോ?.

ഇല്ല, ഇതുവരെ ആരും ബന്ധപ്പെട്ടിട്ടില്ല.

ഐ എന്‍ എല്‍ എന്ന പാര്‍്ട്ടിയെ ചരിത്രം എങ്ങിനെ രേഖപ്പെടുത്തുമെന്നാണ് താങ്കള്‍ കരുതുന്നത്?.

ഐ എന്‍ എല്‍ ഒരു വലിയ വിജയമായിരുന്നു. സമൂഹത്തോടുള്ള ബാധ്യത അത് നിറവേറ്റിയതായി ചരിത്രം രേഖപ്പെടുത്തും.

Advertisement