ന്യൂദല്‍ഹി: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ജസ്റ്റിസ് വര്‍മ കമ്മീഷന്‍ സമര്‍പ്പിച്ച ശുപാര്‍ശകള്‍ ഉടന്‍ പരിഗണിക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ നിയമങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായുള്ള ശുപാര്‍ശകള്‍ കഴിഞ്ഞ ആഴ്ച്ചയാണ് വര്‍മ കമ്മീഷന്‍ സമര്‍പ്പിച്ചത്.

Ads By Google

റിപ്പോര്‍ട്ട് സമര്‍പ്പിച്ചതില്‍ നന്ദിയുണ്ടെന്നും നിയമങ്ങള്‍ പുനര്‍നിര്‍മിക്കുന്നതില്‍ വര്‍മ കമ്മീഷന്‍ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. കമ്മീഷന്റെ നിര്‍ദേശങ്ങള്‍ ഗൗരവത്തില്‍ പരിഗണിക്കുമെന്നും മന്‍മോഹന്‍ ഉറപ്പ് നല്‍കി.

ദല്‍ഹിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ നിയമം ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഇതിനായി ജസ്റ്റിസ് വര്‍മയുടെ നേതൃത്വത്തില്‍ മൂന്നംഗ കമ്മിറ്റിയേയും സര്‍ക്കാര്‍ നിയോഗിച്ചു. ജസ്റ്റിസ് വര്‍മ, ലീല സേത്ത്, ഗോപാല്‍ സുബ്രഹ്മണ്യന്‍ എന്നിവരടങ്ങുന്നതാണ് കമ്മീഷന്‍.

രാജ്യത്തെ മനുഷ്യാവകാശ സംഘടനകളില്‍ നിന്നും സാമുദായിക സംഘടനകളില്‍ നിന്നും അഭിപ്രായമാരാഞ്ഞ വര്‍മ കമ്മീഷന്‍ മുപ്പത് ദിവസത്തിനുള്ളിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ബലാത്സംഗക്കേസുകളില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കേണ്ടതില്ലെന്നായിരുന്നു വര്‍മ കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്. കൂട്ട ബലാത്സംഗത്തിന് ജീവപര്യന്തം തടവും ബലാത്സംഗത്തിനിടയിലുള്ള കൊലപാതകത്തിന് 20 വര്‍ഷം തടവും വര്‍മ കമ്മീഷന്‍ ശുപാര്‍ശ ചെയ്തു.

സ്ത്രീസുരക്ഷ ഉറപ്പാക്കാനാവാത്തത് ഭരണപരാജയമാണ്. ബലാത്സംഗക്കേസുകളില്‍ മൂന്ന് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുക, സ്ത്രീകള്‍ക്കെതിരായുള്ള മുഴുവന്‍ അതിക്രമങ്ങളിലും ശിക്ഷ വര്‍ധിപ്പിക്കുക, ബലാത്സംഗ കേസുകളില്‍ വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കുക. എന്നീ ശുപാര്‍ശകളാണ് ജസ്റ്റിസ് വര്‍മ കമ്മീഷന്‍ കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ചിരിക്കുന്നത്.

ചില സംസ്ഥാനങ്ങളിലെ സായുധ സേന പ്രത്യേക അധികാര നിയമം പരിശോധിക്കണം. സൈനിക ഉദ്യേഗസ്ഥര്‍ നടത്തുന്ന ബലാത്സംഗങ്ങള്‍ സാധാരണ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.