Administrator
Administrator
കൂടംകുളം പദ്ധതിയെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് ജയലളിതക്ക് പ്രധാനമന്ത്രിയുടെ കത്ത്
Administrator
Wednesday 12th October 2011 5:00pm

ന്യൂദല്‍ഹി: കൂടംകുളം ആണവപദ്ധതി പിന്തുണക്കണമെന്നാവശ്യപ്പെട്ട് ജയലളിതക്ക് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് കത്തയച്ചു. പദ്ധതി നടപ്പാക്കാതിരിക്കുന്നത് രാജ്യത്ത് ഗുരുതരമായ വൈദ്യുതി പ്രതിസന്ധിക്ക് കാരണമാകുമെന്നും ഇത് രാജ്യത്തിന്റെ വ്യാവസായിക വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്നും പ്രധാനമന്ത്രി കത്തില്‍ പറയുന്നുണ്ട്.

ആണവനിലയ പ്രശ്‌നത്തില്‍ കഴിഞ്ഞ ഏഴിന് സമരസമിതിയുമായും സര്‍വകക്ഷി സംഘവുമായും ചര്‍ച്ച നടത്തിയ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, തൊട്ടുപിന്നാലെയാണ് ആണവനിലയം നിശ്ചിത സമയത്ത് പ്രവര്‍ത്തനമാരംഭിക്കാന്‍ പിന്തുണ അഭ്യര്‍ഥിച്ച ജയലളിതക്ക് കത്തയച്ചിരിക്കുന്നത്. പദ്ധതി നടപ്പാക്കരുതെന്നാവശ്യപ്പെട്ട് ജയലളിത നേരത്തെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.

പ്രധാനമന്ത്രി മന്‍മോഹന്‍സിംഗുമായി മുന്‍പ് തമിഴ്‌നാട്ടില്‍ നിന്നുള്ള സര്‍വകക്ഷി സംഘം നടത്തിയ ചര്‍ച്ചയില്‍ ആണവനിലയം അടച്ചുപൂട്ടുന്നതു സംബന്ധിച്ച് വ്യക്തമായ ഉറപ്പ് ലഭിച്ചിരുന്നില്ല.

അതേസമയം, കൂടംകുളം ആണവനിലയത്തിന്റെ നിര്‍മാണജോലികള്‍ നിര്‍ത്തിവെക്കുന്നതുവരെ തദ്ദേശവാസികളുടെ നിരാഹാരസമരം തുടരാന്‍ സമരസമിതി തീരുമാനിച്ചു. ആണവനിലയത്തിന്റെ നിര്‍മാണജോലികള്‍ നിര്‍ത്തിവെക്കുന്നതു സംബന്ധിച്ചു കേന്ദ്ര സര്‍ക്കാറില്‍ നിന്നും വ്യക്തമായ ഉറപ്പ് ലഭിക്കാത്തതിന്റെ പശ്ചാത്തലത്തിലാണിത്. 22 സ്ത്രീകളുള്‍പ്പെടെ 106 പേരാണ് മൂന്നു ദിവസമായി നിരാഹാരമനുഷ്ഠിച്ചുവന്നത്. ഇന്നലെ ഉച്ചക്കുശേഷം ചേര്‍ന്ന സമരസമിതി യോഗം അനിശ്ചിതകാല നിരാഹാരം തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

ഇടിന്തകരയില്‍ സമരത്തിന്റെ മൂന്നാം നാളായ ഇന്നലെയും ആയിരക്കണക്കിനാളുകള്‍ നിരാഹാരത്തില്‍ പങ്കെടുത്തു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കൂടംകുളത്തും ഇടിന്തകരയിലും കടകള്‍ അടച്ചിട്ടു. മേഖലയില്‍നിന്നുള്ള 1500-ഓളം ബോട്ടുകള്‍ മത്സ്യബന്ധനത്തിനു പോയില്ല.

Advertisement