ന്യൂദല്‍ഹി:പ്രധാനമന്ത്രി ജനാധിപത്യവിരുദ്ധ  തീരുമാനങ്ങളെടുക്കില്ലെന്ന് തനിക്കുറപ്പുണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. കര്‍ണ്ണാടകയില്‍ രാഷ്ട്രപതി ഭരണം വേണമെന്ന ഗവര്‍ണറുടെ നിര്‍ദേശത്തില്‍ പ്രതിഷേധമറിയിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴുള്ള ഭരണത്തില്‍ തങ്ങള്‍ സന്തുഷ്ടരാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇതിനായി താനിന്ന് രാഷ്ട്രപതിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു.

224 അംഗസഭയില്‍ 121 അംഗങ്ങള്‍ തങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഊഹാപോഹങ്ങള്‍ക്ക് ഇവിടെ സ്ഥാനമില്ല. പ്രധാനമന്ത്രി ജനാധിപത്യവിരുദ്ധമായ തീരുമാനങ്ങളെടുക്കില്ലെന്നും തങ്ങള്‍ക്ക് നീതി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ഞങ്ങളുടെ എം എല്‍ എമാരോടൊപ്പം രാഷ്ട്രപതിയെ കാണും. കേന്ദ്രനേതാക്കളെ സന്ദര്‍ശിക്കുക എന്നത് എന്റെ കടമയാണ്. അരുണ്‍ ജയ്റ്റ്‌ലി, എല്‍.കെ അദ്വാനി തുടങ്ങിയവരുമായി ഞാന്‍ കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ അവരാണ് എന്നെ ഉപദേശിച്ചത്-യെദ്യൂരപ്പ പറഞ്ഞു.

രാഷ്ട്രപതി ഭരണമെന്ന ആവശ്യത്തിലൂടെ ബി.ജെ.പി യെ ഏകീകരിക്കാന്‍ സഹായിച്ചതിന് ഗവര്‍ണര്‍ ഭരദ്വാജിനോട് തങ്ങള്‍ക്കു കടപ്പാടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ പിറന്നാളിന് ആശംസകള്‍ നേരാന്‍ ചീഫ് സെക്രട്ടറിയോട് താനാവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യൂണിയന്‍ ക്യാബിനറ്റിനോട് കര്‍ണാടകയില്‍ രാഷ്ട്രപതി ഭരണം വേണമെന്ന ആവശ്യപ്പെടലിനെത്തുടര്‍ന്ന് ഗവര്‍ണറും ബി.ജെ.പിയും തമ്മില്‍ ചില അസ്വാരസ്യങ്ങള്‍ നിലവിലുണ്ട്. ബാംഗ്ലൂരിലെ ആയിരത്തോളംവരുന്ന ബിജെപി നേതാക്കളും പ്രവര്‍ത്തകരും ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധവുമായെത്തിയിരുന്നു.