Administrator
Administrator
മുല്ലപ്പെരിയാറില്‍ ഇടപെടാമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കി: ഉമ്മന്‍ ചാണ്ടി
Administrator
Wednesday 14th December 2011 3:10pm

ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ഇടപെടാമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഉറപ്പു നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ചക്കു ശേഷം കേരളാ ഹൗസില്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിന്റെ ആശങ്ക പ്രധാനമന്ത്രിയെ പൂര്‍ണ്ണായി ബോധ്യപ്പെടുത്താനായെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

ചര്‍ച്ചയ്ക്കുള്ള നല്ല സാഹചര്യം കേരളവും തമിഴ്‌നാടും ഒരുക്കണമെന്നും ഇരു സംസ്ഥാനങ്ങളും സംയമനം പാലിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമായും ഇത് രണ്ട് സ്റ്റേറ്റുകള്‍ തമ്മിലുള്ള പ്രശ്‌നമാണ്. രണ്ടാമത് സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്. എങ്കിലും പുതിയ അണക്കെട്ടിന് പാരിസ്ഥിതിക അനുമതി നല്‍കുന്ന കാര്യം പരിശോധിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ടെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

പുതിയ അണക്കെട്ടും ജലനിരപ്പ് അടിയന്തരമായി താഴ്ത്തുന്ന കാര്യവും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെ മാനിച്ച് അക്രമങ്ങളും പ്രക്ഷോഭങ്ങളും ഒഴിവാക്കി നല്ല സാഹചര്യമൊരുക്കാന്‍ ഞങ്ങള്‍ എല്ലാ പാര്‍ട്ടിക്കാരും ചര്‍ച്ച ചെയ്ത് തീരുമാനമെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ചര്‍ച്ചകള്‍ക്കായി നല്ല സാഹചര്യം തമിഴ്‌നാടും ഒരുക്കുമെന്നാണ് വിശ്വാസമെന്നും മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

ചര്‍ച്ചകള്‍ക്കായി നല്ല അന്തരീക്ഷം ഒരുക്കണമെന്ന പ്രധാനമന്ത്രിയുടെ ആവശ്യം മാനിക്കുന്നതായി പ്രതിപക്ഷ നാതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ നീക്കങ്ങള്‍ വിജയകരമാവട്ടെ എന്ന് ഞങ്ങള്‍ ആശിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുല്ലപ്പെരിയാര്‍ പ്രശ്‌ന പരിഹാരത്തിനായി പ്രധാനമന്ത്രിയെ കാണാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെയും നേതൃത്വത്തില്‍ 23 അംഗ സംഘമാണ് പ്രധാനമന്ത്രിയെ കണ്ടത്. ഉച്ചയ്ക്ക് 12 മണിക്ക് പാര്‍ലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. ചര്‍ച്ച 20 മിനുട്ട് നീണ്ടു നിന്നു.

വിവിധ കക്ഷിനേതാക്കളായ ഇ ടി മുഹമ്മദ് ബഷീര്‍, മാത്യു ടി തോമസ്, എന്‍ കെ പ്രേമചന്ദ്രന്‍, ആര്‍.ബാലകൃഷ്ണപിള്ള, സി ദിവാകരന്‍, എ.സി ഷണ്മുഖദാസ്, കടന്നപ്പള്ളി രാമചന്ദ്രന്‍, പി.സി തോമസ്, വര്‍ഗീസ് ജോര്‍ജ്, ജോണി നെല്ലൂര്‍, എ.എന്‍ രാധാകൃഷ്ണന്‍ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

മുല്ലപ്പെരിയാര്‍: ഒരു മാസം വരെ ക്ഷമിക്കുമെന്ന് കെ.എം മാണി

Malayalam News
Kerala News in English

Advertisement