manmohan-2ന്യൂദല്‍ഹി: പ്രധാനമന്ത്രിയ്‌ക്കെതിരെ ബി.ജെ.പി തങ്ങളുടെ സര്‍വ്വ ആയുധങ്ങളുമെടുത്ത് പ്രയോഗിക്കുകയാണ്. തയ്യാറാക്കിയ ചോദ്യങ്ങളുടെ നീണ്ടനിര അവര്‍ വര്‍ഷകാലസമ്മേളനത്തില്‍ അവതരിപ്പിക്കുകയുണ്ടായി . പ്രധാനമായും ടു ജി അഴിമതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് അവരുടെ ചോദ്യങ്ങള്‍. അഴിമതിക്കേസില്‍ മുന്‍മന്ത്രി രാജയ്‌ക്കെതിരെ പ്രധാനമന്ത്രി വ്യത്യസ്ത നിലപാട് സ്വീകരിച്ചതിനെക്കുറിച്ചാണ് നേതാക്കള്‍ പ്രധാനമായും വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.

സ്‌പെക്ട്രവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും താന്‍ പ്രധാനമന്ത്രിയുടെയും ചിദംബരത്തിന്റെയും അറിവോടെയാണ് നടത്തിയതെന്ന് സി.ബി.ഐ കോടതിയില്‍ കുറ്റസമ്മതം നടത്തിയ മുന്‍ ടെലകോം മന്ത്രി എ രാജയെ നേതാക്കള്‍ സഭയില്‍ പിന്തുണയ്ക്കുകയാണുണ്ടായത്. ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ക്ക് അനുമതി തന്നത് ഈ രണ്ടു മന്ത്രിമാരും ചേര്‍ന്നാണെന്നും തെറ്റായിരുന്നെങ്കില്‍ പ്രധാനമന്ത്രിയ്ക്ക് തിരുത്താനുള്ള അധികാരമുണ്ടായിരുന്നുവെന്നും എ രാജ സി.ബി.ഐ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. സ്‌പെക്ട്രം ഇടപാടിനെ സംബന്ധിച്ച് 9 കത്തുകള്‍ രാജ പ്രധാനമന്ത്രിയ്ക്ക് അയച്ചിരുന്നു. ഓഹരികള്‍ ലേലത്തിലൂടെയല്ലെന്നും 2001 ലെ വിലയ്ക്ക് തുല്യമായാണ് ഓഹരി നല്‍കുന്നതെന്നും കാണിച്ചുകൊണ്ടായിരുന്നു രാജ കത്തു നല്‍കിയിരുന്നത്.

പ്രധാനമന്ത്രിയ്‌ക്കെതിരെ ആരോപണമുന്നയിച്ച നേതാക്കള്‍ പുതിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കോര്‍പ്പറേറ്റ് തലവന്‍മാരുമായി പ്രണബ് മുഖര്‍ജി നടത്തിയ ചര്‍ച്ചയെ അഭിനന്ദിച്ചു. പ്രധാനമന്ത്രിയെ ചോദ്യം ചെയ്യലിന് വിധേയനാക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. ‘ബി.ജെ.പിയുടെ കബോര്‍ഡില്‍ കുറേ അസ്ഥികൂടങ്ങളുണ്ട്’ എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയാണ് നേതാക്കളെ ചൊടിപ്പിച്ചത്. സമ്മേളനത്തിന്റെ ആദ്യദിവസം 184 ാം വകുപ്പ് പ്രകാരം അഴിമതിയും വിലക്കയറ്റവും സംബന്ധിച്ച ചര്‍ച്ച നടത്തണമെന്ന് ബി.ജെ.പി നേതാക്കള്‍ നോട്ടീസ് നല്‍കിയപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇതേ വിഷയത്തില്‍ 193 ാം വകുപ്പാണ് അടിസ്ഥാനമാക്കിയത്. വിലക്കയറ്റവും അഴിമതിയും സംബന്ധിച്ച് ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ ധാരണയിലെത്തണമെന്നാണ് ഗവണ്‍മെന്റിന്റെ ആവശ്യമെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷകാല സമ്മേളനത്തില്‍ വിലക്കയറ്റം സംബന്ധിച്ച് ഇരുകൂട്ടരും ധാരണയിലെത്തിയശേഷമായിരുന്നു തീരുമാനമെടുത്തത്. അഴിമതിയുമായി ബന്ധപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു. കര്‍ണാടകയില്‍ അനധികൃതഖനനവുമായി ബന്ധപ്പെട്ട് ലോകായുക്ത നടത്തിയ അന്വേഷണത്തില്‍ അഴിമതി നടത്തിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രി രാജി വെച്ചത്.

ടു ജി ഇടപാട് കൂടാതെ നിരവധി പ്രശ്‌നങ്ങളില്‍ പ്രതിപക്ഷം സഭയില്‍ പ്രതിഷേധം രേഖപ്പെടുത്തി. ലോക്പാല്‍ ബില്‍, വിലക്കയറ്റം, തെലങ്കാന രൂപീകരണം, തീവ്രവാദം എന്നിങ്ങനെ നിരവധി കാര്യങ്ങളില്‍ പ്രതിപക്ഷം നിയമസഭയില്‍ ചോദ്യങ്ങളുന്നയിച്ചു. അടുത്തിടെ നടന്ന മുംബൈ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യസഭയില്‍ ചര്‍ച്ച നടത്താമെന്ന് ഗവണ്‍മെന്റ് അനുമതി നല്‍കിയിട്ടുണ്ട്.