ചെന്നൈ: കൂടംകുളം ആണവ നിലയവുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ക്കിടയില്‍ ഉയര്‍ന്ന സുരക്ഷാ ആശങ്ക പരിഹരിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുളള കേന്ദ്രമന്ത്രി വി. നാരായണസ്വാമി തമിഴ്‌നാട്ടിലെത്തി. പ്രദേശവാസികളുമായി നേരിട്ട് സംസാരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

നിലയത്തിന്റെ നിര്‍മാണം നിര്‍ത്തിവക്കണമെന്നും പ്രദേശവാസികളുടെ ആശങ്ക പരിഹരിച്ച ശേഷം മാത്രമേ മുന്‍പോട്ടു പോകാവുവെന്നും തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രിയോട് കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി ചര്‍ച്ചയ്ക്കായി നാരായണസ്വാമിയെ ചുമതലപ്പെടുത്തിയത്.

ആണവോര്‍ജ കോര്‍പ്പറേഷന്‍ നടത്തിയ സുരക്ഷാ പരിശോധനയില്‍ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് പ്ലാന്റ് നിര്‍മിച്ചിരിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ടെന്നും ഇത് പ്രദേശവാസികളെ ബോധ്യപ്പെടുത്തുമെന്നും നാരായണസ്വാമി പറഞ്ഞു. തമിഴ്‌നാട് ഉന്നത ഉദ്യോഗസ്ഥരുമായും നാരായണസ്വാമി ചര്‍ച്ച നടത്തും.

കൂടംകുളം പ്രതിഷേധം

കന്യാകുമാരിയില്‍നിന്ന് 35 കിലോമീറ്റര്‍ ദൂരെ തിരുനെല്‍വേലി ജില്ലയിലെ കൂടംകുളത്ത് ന്യൂക്‌ളിയര്‍ പവര്‍ പ്‌ളാന്റ് സ്ഥാപിക്കാന്‍ 1988ലാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. സാങ്കേതിക വിദ്യക്ക് റഷ്യന്‍ കരാറുണ്ടാക്കി. അന്നുതന്നെ പ്ലാന്റിനെതിരെ പ്രതിഷേധങ്ങളും തുടങ്ങി. വളരെചെറിയ രീതിയില്‍, ഏതാനും വ്യക്തികളും കൂട്ടായ്മയായിരുന്നു ആദ്യം. തൊട്ടടുത്ത വര്‍ഷം മേധാപട്കര്‍ നയിച്ച സേവ് ലൈഫ് ആന്‍ഡ് സേവ് വാട്ടര്‍ കാമ്പയിനില്‍ കൂടംകുളം മുഖ്യവിഷയമായി. 1998ല്‍ പദ്ധതി കരാര്‍ പുതുക്കി. അതോടെ വലിയ പ്രതിഷേധ റാലി നടന്നു. പിന്നീട് സമരങ്ങളുടെ തുടര്‍ച്ചയായിരുന്നു.

എട്ട് പ്‌ളാന്റുകളില്‍ നിന്നായി 8,000 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുമെന്നാണ് പറയുന്നത്. ഇതില്‍ ഒന്ന് പൂര്‍ത്തിയായി. രണ്ടാമത്തേത് അന്തിമഘട്ടത്തിലാണ്. നാലെണ്ണത്തിന് തീര നിയന്ത്രണ നിയമത്തിന്റെ അനുമതി കിട്ടിയിട്ടില്ല. 6,000 കോടിയാണ് തുടക്കത്തില്‍ പറഞ്ഞ പദ്ധതി ചെലവ്.1998ല്‍ അത് 15,500 കോടിയാക്കി. 13,171 കോടിയെന്ന് 2001ല്‍ മന്ത്രിതല സംഘം പ്രഖ്യാപിച്ചു. ഇതില്‍ 6,775 കോടി ഇന്ത്യന്‍ നിക്ഷേപവും ബാക്കി നാല് ശതമാനം പലിശക്ക് റഷ്യന്‍ വായ്പയും.

പദ്ധതിയുടെ തുടക്കം തൊട്ടുതന്നെ പ്രതിഷേധവുമുയര്‍ന്നെങ്കിലും തൊഴിലും വെള്ളവും വികസനവും വാഗ്ദാനം ചെയ്ത് ദരിദ്ര ഗ്രാമീണരില്‍ പലരെയും കമ്പനി പ്രലോഭിപ്പിച്ചു. അതോടെ കടലിനോട് ചേര്‍ന്ന പ്രദേശമായിട്ടും സ്ഥലമെടുപ്പ് സുഗമമായി നടന്നു. തൊണ്ണൂറുകളുടെ മധ്യത്തോടെ മത്സ്യത്തൊഴിലാളികള്‍ സമരത്തോടൊപ്പം ചേര്‍ന്നു. മറ്റ് വിഭാഗങ്ങള്‍ അപ്പോഴും മാറിനിന്നു. ഈ വിഭജനത്തില്‍ ജാതിയും പ്രധാന കാരണമായി.

പ്രദേശവാസിയായ തമിഴ് മാന്തന്‍, 1996ല്‍ കൂടംകുളം ആണവ പദ്ധതി വിരുദ്ധ സമിതിയുണ്ടാക്കി. ഇദ്ദേഹമിപ്പോള്‍ കിടപ്പിലാണ്. ഈ സംഘമാണ് ഇന്ന് സമരം നയിക്കുന്ന പീപ്പിള്‍സ് മൂവ്‌മെന്റ് എഗന്‍സ്റ്റ് ന്യൂക്‌ളിയര്‍ എനര്‍ജി (പി.എം.എ.എന്‍.ഇ) ആയി വളര്‍ന്നത്. വിദേശ സര്‍വകലാശാലകളിലടക്കം വിസിറ്റിങ് പ്രഫസറായ പ്രഫ. എസ്.പി. ഉദയകുമാര്‍, ഇപ്പോള്‍ ആണവ വിരുദ്ധ ആക്ടിവിസ്റ്റായ പുഷ്പരായന്‍ എന്നിവരാണ് ഇതിന്റെ തലപ്പത്ത്.

കാല്‍നൂറ്റാണ്ടോളം നീണ്ട ചെറുത്തുനില്‍പുകളുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ വന്‍ജനമുന്നേറ്റം. ഫുകുഷിമയിലെ ദുരന്ത വാര്‍ത്തയറിഞ്ഞവരെല്ലാം ഈ സമരത്തില്‍ സ്വയം അണി ചേരുകയായിരുന്നു. ജാതിയും ജോലിയുമെല്ലാം മറന്ന് അതിജീവനത്തിന്റെ അവസാന ചുവടു വെക്കാന്‍ അവരിപ്പോള്‍ ഒന്നിച്ചിറങ്ങുന്നു.