ന്യൂദല്‍ഹി: അണ്ണാ ഹസാരെയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കിടെ ലോക്‌സഭയില്‍ ബഹളം. ഹസാരെയുടെ അറസ്റ്റിനെ ന്യായീകരിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.

പോലീസിനു മുന്നില്‍ മറ്റുവഴികളില്ലാത്തതുകൊണ്ടാണ് അറസ്റ്റു ചെയ്തതെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിബന്ധനകള്‍ അനുസരിക്കാന്‍ ഹസാരെ തയ്യാറാകാതിരുന്ന സാഹചര്യത്തില്‍ കരുതല്‍ നടപടി എന്ന നിലയിലാണ് അദ്ദേഹത്തെ അറസ്റ്റു ചെയ്തത്. ദില്ലി പോലീസ് മുന്നോട്ടുവെച്ച ഉപാധികള്‍ അംഗീകരിക്കാന്‍ വിസമ്മതിച്ചുകൊണ്ട് നിരാഹാരമിരിക്കാന്‍ ഹസാരെ തീരുമാനിക്കുകയാണ് ചെയ്തത്. സമാധാനപരമായി സമരം നടത്താനുള്ള അവകാശത്തെ സര്‍ക്കാര്‍ അംഗീകരിക്കും. എന്നാല്‍ ജനങ്ങളെ സമരത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ഹസാരെയുടെ പ്രസംഗത്തില്‍ രാജ്യത്തെ ക്രമസമാധാന നില താറുമാറാകുമെന്ന് വ്യക്തമായി. ഇതിനെത്തുടര്‍ന്ന് സമരം ഉപേക്ഷിക്കാന്‍ പോലീസിന് ഹസാരെയോട് അഭ്യര്‍ത്ഥിക്കേണ്ടിവന്നു.

സ്വന്തം ബില്ലിനായി ഹസാരെ വാശിപിടിക്കുകയാണ്. പാര്‍ലമെന്റില്‍ അവതരിപ്പിച്ചുകഴിഞ്ഞ ലോക്പാല്‍ബില്ലിനുവേണ്ടി ഹസാരെ സമരമിരിക്കുന്നതെന്തിനാണെന്നും ഗവണ്‍മെന്റ് വിട്ടയച്ചിട്ടും അദ്ദേഹം ജയിലില്‍ തുടരുന്നതെന്തിനാണെന്നും പ്രധാനമന്ത്രി ചോദിച്ചു. എഴുതി തയ്യാറാക്കിയ പ്രസ്താവന വായിക്കുകയാണ് പാര്‍ലമെന്റില്‍ അദ്ദേഹം ചെയ്തത്. ഹസാരെയുടെ ലക്ഷ്യം ഉന്നതമെങ്കിലും മാര്‍ഗം ശരിയല്ല. പാര്‍ലമെന്റിന്റെ അടിസ്ഥാനതത്വങ്ങളെ ഹസാരെ വെല്ലുവിളിക്കുകയാണ് ചെയ്തത്. പാര്‍ലമെന്റിന്റെയും സര്‍ക്കാരിന്റെയും അവകാശങ്ങളെ വെല്ലുവിളിച്ചാല്‍ അതിനെ നേരിടാന്‍ സര്‍ക്കാരിന് അവകാശമുണ്ട്. അതേസമയം പ്രതിപക്ഷം ബഹളം തുടരുന്ന സാഹചര്യത്തില്‍ പാര്‍ലമെന്റിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാ അംഗങ്ങളോടും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.