manmohan sigh in china ഏഴുവര്‍ഷത്തെ ഭരണത്തിനിടയില്‍ തെറ്റു പറ്റിയിട്ടുണ്ടാവാമെന്നും എന്നാല്‍ അഴിമതിക്ക് കൂട്ടുനിന്നിട്ടില്ലെന്നും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ലോക്പാല്‍ വിഷയവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

തനിക്കെതിരെ വ്യക്തിപരമായ വിമര്‍ശനമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. 41 വര്‍ഷത്തെ തന്റെ സേവനത്തെയാണ് കഴിഞ്ഞ ദിവസം മുരളി മനോഹര്‍ ജോഷി ചോദ്യം ചെയ്തത്. ഇത്രയും വര്‍ഷത്തിനിടയില്‍ രാജ്യത്തിനെതിരായി താനൊന്നും ചെയ്തിട്ടില്ല. ധനകാര്യമന്ത്രിയായിരുന്ന സമയത്ത് രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ച വ്യക്തിയാണ് താനെന്നും പ്രതിപക്ഷത്തിന് ആവശ്യമെങ്കില്‍ തനിക്കും ബന്ധുക്കള്‍ക്കുമുള്ള സ്വത്തുക്കള്‍ പരിശോധിക്കാമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇത്തരം നിസ്സാര ആരോപണങ്ങളെ അവഗണിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു

അഴിമതിക്കെതിരായ പോരാട്ടം രാജ്യത്തിന്റെ മൊത്തം ഉത്തരവാദിത്വമാണ്. അതുകൊണ്ട് അഴിമതി ഇല്ലാതാക്കാന്‍ സാധ്യമായതെല്ലാം ചെയ്യും. വിവിധ മുഖങ്ങളുള്ള പ്രതിഭാസമാണ് അഴിമതി. ഇതിനെതിരെ സമഗ്രമായ നീക്കമാണ് ആവശ്യം. ലൈസന്‍സിംഗ് സമ്പ്രദായമാണ് അഴിമതിയുടെ പ്രധാന കാരണമെന്നും ഉദാരവല്‍കരണത്തിലൂടെ ഇതിന് അവസാനമുണ്ടായെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.

ഹസാരെയുടെ ജീവന്‍ വിലപ്പെട്ടതാണ്. അദ്ദേഹത്തിന്റെ സേവനം രാജ്യത്തിന് ആവശ്യമാണ്. അതിനാല്‍ ഹസാരെ നിരാഹാരം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥനയോട് പ്രതിപക്ഷവും യോജിക്കുകയാണുണ്ടായത്. നേരത്തെ ഹസാരെ വിഷയവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ധമായതിനെത്തുടര്‍ന്ന് ലോക്‌സഭ 11.30 വരെയും രാജ്യസഭ 12 മണി വരെയും നിര്‍ത്തിവെച്ചിരുന്നു. ഹസാരെയെപ്പോലുള്ളവരെ രാജ്യത്തിന് കൂടുതല്‍കാലം ആവശ്യമാണെന്നും സമരം നിര്‍ത്താന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പാര്‍ലമെന്റില്‍ ബഹളം. സഭ വീണ്ടും ആരംഭിച്ച സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.

ജന്‍ലോക്പാലിന് അര്‍ഹമായ പരിഗണന നല്‍കിയിട്ടുണ്ട്. ലോക്പാലിന്റെ എല്ലാ കരടുകളും പരിശോധിക്കുമെന്നും ജന്‍ലോക്പാലിന് അര്‍ഹമായ പരിഗണന നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ ലോക്പാലുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളില്‍ ഇപ്പോഴും ഹസാരെയുമായി അഭിപ്രായ ഭിന്നത തുടരുകയാണ്. ലോക്പാല്‍സംബന്ധിച്ച എല്ലാ നിര്‍ദേശങ്ങളും സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.