ന്യൂദല്‍ഹി: രണ്ടുദിവസത്തെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനുശേഷം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് ന്യൂദല്‍ഹിയില്‍ തിരിച്ചെത്തി.
വൈകീട്ടോടെ ബുധനാഴ്ച വൈകീട്ടോടെ രാഷ്ട്ര തലസ്ഥാനത്ത് തിരിച്ചെത്തിയ പ്രധാനമന്ത്രി നേരേ ദില്ലി സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ പ്രവേശിപ്പിച്ച റാം മനോഹര്‍ ഹോസ്പിറ്റലില്‍ സന്ദര്‍ശനം നടത്തി. മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രുപയും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

ബംഗ്ലാദേശ് സന്ദര്‍ശനത്തിനായി ഞായറാഴ്ചയാണ് പ്രധാനമന്ത്രിയും സംഘവും യാത്ര തിരിച്ചത്. പന്ത്രണ്ട് വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരിന്ത്യന്‍ പ്രധാനമന്ത്രി ധാക്കാ സന്ദര്‍ശനം നടത്തുന്നത്. സന്ദര്‍ശനത്തില്‍ വിവിധ മേഖലകളില്‍ സഹകരിക്കുന്നതിനുള്ള മാര്‍ഗ്ഗരേഖയില്‍ ഇരു രാജ്യങ്ങളും ഒപ്പു വെച്ചിരുന്നു.

ഊര്‍ജം, വിദ്യാഭ്യാസം, പരിസ്ഥിതി, ഗതാഗതം തുടങ്ങിയ മേഖലകളിലായി ഒമ്പതു കരാറുകളിലാണ് പ്രധാനമന്ത്രിമാരായ മന്‍മോഹന്‍ സിങ്ങും ശൈഖ് ഹസീനയും ഒപ്പുവെച്ചത്.എന്നാല്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് തീസ്ത, നദീജല കരാറില്‍ ഒപ്പിടാനായില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചയിലെ പ്രധാന ഇനമായിരുന്നു നദീജലം പങ്കിടല്‍ വിഷയം.

വിദേശകാര്യമന്ത്രി എസ്.എം കൃഷ്ണ, ആസാം മുഖ്യമന്ത്രി തരുണ്‍ ജോഗി, ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍, മിസോറാം, മേഖാലയാ മുഖ്യമന്ത്രിമാര്‍ എന്നിവര്‍ പ്രധാനമന്ത്രിയോടൊപ്പം ധാക്കാ സന്ദര്‍ശനത്തില്‍ ഉള്‍പ്പെട്ടിരുന്നു.