ന്യൂദല്‍ഹി: യു.പി.എ സര്‍ക്കാറിനെതിരേ പ്രതിപക്ഷം ആരോപിച്ച കോഴിവിവാദം ജനം തള്ളിയെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. വിഷയത്തില്‍ സര്‍ക്കാറിന്റെ നിലപാട് വ്യക്തമാക്കി നടത്തിയ പ്രസംഗത്തിലാണ് മന്‍മോഹന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

യു.പി.എ സര്‍ക്കാര്‍ വിശ്വാസവോട്ടിനായി എം.പിമാര്‍ക്ക് കോഴനല്‍കിയെന്ന വിക്കിലീക്‌സ് രേഖകളാണ് പ്രമുഖ ദിനപ്പത്രമായ ദ ഹിന്ദു പുറത്തുവിട്ടത്. എന്നാല്‍ രേഖകള്‍ ഊഹാപോഹങ്ങള്‍ അടിസ്ഥാനമാക്കിയുള്ളവ മാത്രമാണെന്നാണ് മന്‍മോഹന്‍ സിംഗ് വ്യക്തമാക്കിയത്.

2008ലായിരുന്നു ആദ്യ യു.പി.എ സര്‍ക്കാര്‍ വിശ്വാസവോട്ടു നേടിയത്. എന്നാല്‍ തുടര്‍ന്ന് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പാര്‍ട്ടിക്ക് വോട്ടുചെയ്തുവെന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമായിരുന്നു എന്നതിന്റെ തെളിവാണ് ജനവിധിയെന്നും പ്രധാനമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പെട്ട ആരും തന്നെ കോഴവാങ്ങാനോ നല്‍കാനോ തയ്യാറായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.