എഡിറ്റര്‍
എഡിറ്റര്‍
ചോഗം ഉച്ചകോടി; പ്രധാനമന്ത്രിയുടെ അസാന്നിധ്യം ശ്രീലങ്കയുമായുള്ള ബന്ധത്തെ ബാധിക്കില്ല: ഖുര്‍ഷിദ്
എഡിറ്റര്‍
Sunday 10th November 2013 1:48pm

manmohan-singh

ന്യൂദല്‍ഹി: കൊളംബോയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്‍മാരുടെ ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് കാണിച്ച് പ്രധാനമന്ത്രി മന്‍മഹോന്‍ സിങ് ലങ്കന്‍ പ്രസിഡന്റിന് കത്തയച്ചു.

ചോഗം മീറ്റിങ്ങില്‍ മന്‍മോഹന്‍ സിങ്ങിന്റെ അസാന്നിധ്യം ഇന്ത്യ-ശ്രീലങ്ക ബന്ധത്തെ ബാധിക്കില്ലെന്ന് വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.  രാജ്യതാത്പര്യം പരിഗണിച്ച് ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നത് സ്വാഭാവികമാണെന്നും ഖുര്‍ഷിദ് പറഞ്ഞു.

ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് പ്രധാനമന്ത്രി അറിയിച്ചതിനെ ഡി.എം.കെ നേതാവ് കരുണാനിധി സ്വാഗതം ചെയ്തിരുന്നു. തമിഴ് നാട്ടിലെ വിവിധ പാര്‍ട്ടികളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് സമ്മേളനത്തില്‍ നിന്ന് വിട്ട് നില്‍ക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം.

പ്രധാനമന്ത്രിക്ക് പകരം വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാവും ഉച്ചകോടിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുക.

ശ്രീലങ്കയില്‍ തമിഴര്‍ നേരിടുന്ന വംശീയ പ്രശ്‌നങ്ങളും പീഡനങ്ങളും കണക്കിലെടുത്ത് പ്രധാനമന്ത്രി കൊളംബോ സന്ദര്‍ശനം ഒഴിവാക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.

ഡി.എം.കെയും., എ.ഐ.എ.ഡി.എം.കെയുമടക്കമുള്ള ഒട്ടുമിക്ക രാഷ്ട്രീയപാര്‍ട്ടികളും പ്രധാനമന്ത്രി സമ്മേളനത്തില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.

തമിഴ് നാട്ടില്‍ നിന്നുള്ള നേതാതാക്കളും കേന്ദ്രമന്ത്രിമാരുമായ പി.ചിദംബരം , ജയന്തി നടരാജന്‍, ജി.കെ വാസന്‍ എന്നിവരും ഇക്കാര്യത്തിലുള്ള തങ്ങളുടെ വിയോജിപ്പ് അറിയിച്ചിരുന്നു. 15, 16 തീയ്യതികളിലായാണ് സമ്മേളനം നടക്കുന്നത്.

Advertisement