ബംഗളുരു: പാകിസ്ഥാനില്‍ ഉപയോഗിക്കുന്ന ഭാഷയാണ് കോണ്‍ഗ്രസ് പാര്‍ട്ടി ഉപയോഗിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജമ്മു കശ്മീര്‍ ജനതയ്ക്ക് സ്വയം ഭരണമാണ് വേണ്ടതെന്നും അവിടുത്തെ ജനത അതിനായി വളരെയധികം ആഗ്രഹിക്കുന്നുണ്ടെന്നുമുള്ള പി. ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് മോദിയുടെ പരാമര്‍ശം.

Subscribe Us:

‘ഇന്നലെവരെ അധികാരത്തിലിരുന്നവര്‍ ഇപ്പോള്‍ പെട്ടെന്ന് യൂടേണെടുത്ത് കശ്മീരിന്റെ സ്വയംഭരണത്തിനുവേണ്ടി നാണമില്ലാതെ വാദിക്കുന്നു. രക്തസാക്ഷികളുടെ ജീവിത്തിനുമേല്‍ രാഷ്ട്രീയം കളിക്കുന്നവര്‍ ഇന്ത്യയെ വികസിപ്പിക്കുമെന്ന് പ്രതീക്ഷിക്കേണ്ട. അവര്‍ക്ക് ഇങ്ങനെ ചെയ്യാന്‍ ഒരു നാണവുമില്ല. കോണ്‍ഗ്രസ് ഇതിന് ഉത്തരം പറയണം’ മോദി പറഞ്ഞു.

കശ്മീരിലെ വിഘടനവാദികളുടെയും പാകിസ്ഥാന്റെയും ഭാഷയാണ് കോണ്‍ഗ്രസ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


Also Read: ‘അതൊന്നും കണക്കാക്കാനാവില്ല’ മോദിയുടെ വിദേശ സന്ദര്‍ശനം കൊണ്ട് എന്തുനേടിയെന്ന് ചോദിച്ചപ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞത്


രാജ്യത്തിന്റെ സുരക്ഷിതത്വത്തില്‍ വീഴ്ചവരുത്താന്‍ താന്‍ അനുവദിക്കില്ല. കശ്മീരിനുവേണ്ടി നൂറുകണക്കിന് യുവാക്കള്‍ അവരുടെ ജീവന്‍ വെടിഞ്ഞു. കശ്മീരിനുവേണ്ടി ജീവന്‍വെടിഞ്ഞ യുവാക്കള്‍ ഇല്ലാത്ത ഒരു സംസ്ഥാനവും ഇവിടെയില്ല.’ അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യത്തിനായി കാശ്മീരികള്‍ ആവശ്യമുന്നയിക്കുമ്പോള്‍ കൂടുതല്‍ പേര്‍ക്കും വേണ്ടത് സ്വയം ഭരണമാണെന്നായിരുന്നു ചിദംബരം കഴിഞ്ഞ ദിവസം രാജ്ഘട്ടില്‍ പറഞ്ഞത്.

ആര്‍ട്ടിക്കിള്‍ 370 ലെ അക്ഷരങ്ങളെയും ആത്മാവിനെയും ബഹുമാനിക്കുകയാണ് കാശ്മീര്‍ ജനതയെന്നും അവരോട് സംസാരിച്ചതില്‍ നിന്ന് സ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളി കൂട്ടുകയാണവരെന്നു തനിക്ക് മനസിലായെന്നുമായിരുന്നു ചിദംബരത്തിന്റെ പ്രസ്താവന.