Categories

ലോക്പാല്‍ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനോട് എതിര്‍പ്പില്ലെന്ന് പ്രധാനമന്ത്രി

manmohan-2ന്യൂദല്‍ഹി: ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനോട് തനിക്ക് എതിര്‍പ്പില്ലെന്ന് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ് പറഞ്ഞു. എന്നാല്‍ ഇതു സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് മന്ത്രിസഭയാണെന്നും, മാധ്യമസമ്പര്‍ക്ക പരിപാടിയില്‍ പ്രധാനമന്ത്രി വ്യക്തമാക്കി.

അഴിമതിക്കെതിരെയുള്ള ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ വരാന്‍ താന്‍ ഒരുക്കമാണ്. പക്ഷേ മന്ത്രിസഭയിലെ പല അംഗങ്ങള്‍ക്കും പ്രധാനമന്ത്രിയെ ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ എതിര്‍പ്പാണ്. മന്ത്രിസഭയെ നയിക്കുന്ന തനിക്ക് അവരുടെ അഭിപ്രായങ്ങള്‍ക്ക് വില കൊടുത്തേ മതിയാവൂ മന്‍മോഹന്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

രാഹുല്‍ഗാന്ധി അടുത്ത പ്രധാനമന്ത്രി ആകുന്നതിനോട് വിയോജിപ്പില്ലെന്നും എന്നാല്‍ ഇതുസംബന്ധിച്ച ചര്‍ച്ചകളൊന്നും കോണ്‍ഗ്രസില്‍ നടക്കുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ധനമന്ത്രിയുടെ ഓഫീസില്‍നിന്ന് രഹസ്യങ്ങള്‍ ചോരുന്നുവെന്ന പ്രണബ് കുമാര്‍ മുഖര്‍ജിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണം നടത്തി. ഇതുസംബന്ധിച്ച വിവാദം അടഞ്ഞ അധ്യായമാണെന്നും മന്‍മോഹന്‍ കൂട്ടിച്ചേര്‍ത്തു.

ലോക്പാല്‍ ബില്‍ സംബന്ധിച്ച് അന്നാ ഹസാരെയും, ബാബ രാംദേവുമായി ചര്‍ച്ചയ്ക്ക് മുന്‍കൈ എടുത്തത് താനാണ്. ഈ വിഷയത്തില്‍ എല്ലാവരുമായി അനുരഞ്ജനത്തില്‍ എത്തേണ്ടത് ആവശ്യമാണ്. ആരുടെയെങ്കിലും എതിര്‍പ്പോടെ ബില്‍ രൂപീകരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം ബാബ രാംദേവിനെതിരായ പൊലീസ് നടപടിയെയും അദ്ദേഹം ന്യായീകരിച്ചു. രാംദേവിനെതിരായ നടപടി നിര്‍ഭാഗ്യകരമാണ്. പക്ഷേ ആ സഹാചര്യത്തില്‍ അതല്ലാതെ മറ്റു മാര്‍ഗമില്ലായിരുന്നുവെന്നും മന്‍മോഹന്‍ വ്യക്തമാക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.