ന്യൂദല്‍ഹി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ബംഗ്ലദേശിലേക്ക് യാത്രതിരിച്ചു. ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന നാല് ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്.

വാണിജ്യം, ഊര്‍ജം, സുരക്ഷ തുടങ്ങിയ മേഖലകളില്‍സഹകരണം ശക്തമാക്കുമെന്ന് ധാക്കയിലേക്ക് തിരിക്കും മുന്‍പ് മന്‍മോഹന്‍ സിംഗ് അറിയിച്ചു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനിടെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയുള്‍പ്പെടെ പ്രമുഖ നേതാക്കളുമായി മന്‍മോഹന്‍സിഹ് കൂടിക്കാഴ്ച നടത്തും. ടെക്‌സ്‌റ്റെല്‍ ഉള്‍പ്പെടെ വാണിജ്യരംഗത്ത് സഹകരണം വര്‍ധിപ്പിക്കാനുള്ള കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവെയ്ക്കും.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ ബംഗ്ലാദേശുമായി ടീസ്റ്റ നദീജലകരാര്‍ ഉഭയകക്ഷി ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സംസ്ഥാനത്തിന് നല്‍കിയ ഉറപ്പുകള്‍ പാലിക്കാതെ ബംഗ്ലാദേശിന് 25 ശതമാനം അധിക ജലം നല്‍കുന്നത് പശ്ചിമബംഗാളിലെ അഞ്ചു ജില്ലകളെ പ്രതികൂലമായി ബാധിക്കുമെന്നാണ് മമതയുടെ വാദം.

ഇന്ത്യന്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശിനെ താവളമാക്കുന്നതടക്കമുള്ള സുരക്ഷാ പ്രശ്‌നങ്ങളും ഇന്ത്യ ഉന്നയിക്കും.

1999ല്‍ എ.ബി വാജ്‌പേയിക്കുശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ബംഗ്ലാദേശ് സന്ദര്‍ശിക്കുന്നത്. കഴിഞ്ഞകൊല്ലം ജനുവരിയില്‍ ശൈഖ് ഹസീന നടത്തിയ ഇന്ത്യാസന്ദര്‍ശനം ഉഭയകക്ഷി ബന്ധത്തിനു പുതിയ ദിശാബോധം നല്‍കിയിരുന്നു.