ന്യൂദല്‍ഹി: 2010-2011 സാമ്പത്തികവര്‍ഷം 8.5 ശതമാനത്തിന്റെ വളര്‍ച്ചാ നിരക്കാണ് കേന്ദ്രം ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ്. ലക്ഷ്യം കൈവരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ദല്‍ഹിയില്‍ ആസൂത്രണ കമ്മിഷന്‍ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ആഗോള സാമ്പത്തിക പ്രതിസന്ധി രാജ്യം മറികടന്നു കഴിഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിനായി 20 ലക്ഷം കോടി രൂപ 11-ാം പഞ്ചവല്‍സര പദ്ധതി കാലത്ത് ചെലവഴിക്കും. പത്താം പഞ്ചവല്‍സര പദ്ധതി കാലത്തേതിന്റെ ഇരട്ടിയാണിത്.

2008-09 ലെ സാമ്പത്തിക വളര്‍ച്ചാനിരക്ക് 6.7 ശതമാനവും തൊട്ടടുത്ത വര്‍ഷത്തില്‍ 7.2 ശതമാനവുമായിരുന്നു. ഇതുപ്രകാരം നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ 8.5 ശതമാനവും 2011-12 ല്‍ ഒമ്പത് ശതമാനം വളര്‍ച്ചയുമാണ് ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. ധനമന്ത്രി പ്രണബ് മുഖര്‍ജി മന്ത്രിമാരായ ശരദ് പവാര്‍, കമല്‍നാഥ്, സുശീല്‍കുമാര്‍ ഷിന്‍ഡേ യോഗത്തില്‍ പങ്കെടുത്തു.