ന്യൂയോര്‍ക്ക്: ഇന്ത്യ-അമേരിക്ക ആണവ കരാറില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് ആശങ്ക ഉണ്ടായിരുന്നതായി അമേരിക്കന്‍ മുന്‍ സ്‌റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസ്. ഈ മാസം പുറത്തിറങ്ങാനിരിക്കുന്ന റൈസിന്റെ ആത്മകഥയായ ‘നോ ഹയര്‍ ഓണര്‍’ എന്ന പുസ്തകത്തിലാണ് ഇന്ത്യയുമായി ബന്ധപ്പെട്ട പല പ്രധാന വിവരങ്ങളും റൈസ് വെളിപ്പെടുത്തിയിരിക്കുന്നത്.

കരാറിനെക്കുറിച്ച് പ്രധാനമന്ത്രിക്ക് ആദ്യം ആശങ്കയുണ്ടായിരുന്നു. എന്നാല്‍ കരാര്‍ നടപ്പാക്കണമെന്ന കാര്യത്തില്‍ വിദേശകാര്യ മന്ത്രി നട്‌വര്‍ സിംഗ് ഉറച്ച നിലപാടാണ് സ്വീകരിച്ചത്. ഇടതു പാര്‍ട്ടികള്‍ കരാറിനെ എങ്ങിനെ സമീപിക്കുമെന്ന കാര്യത്തില്‍ പ്രധാനമന്ത്രിക്ക് ആശങ്കയുണ്ടായിരുന്നു. കരാര്‍ നടപ്പാവുമെന്ന് ഉറപ്പായതോടെ സര്‍ക്കാരിന്റെ നിലനില്‍പ് പോലും കണക്കിലെടുക്കാതെ മന്‍മോഹന്‍ സിംഗ് ആത്മാര്‍ഥമായി ഇതിന് പിന്നില്‍ ഉറച്ചുനിന്നെന്നും റൈസ് പുസ്തകത്തില്‍ പറയുന്നു.

ഇന്ത്യാ-അമേരിക്ക ആണവകരാര്‍ യാഥാര്‍ഥ്യമാക്കാന്‍ പരിശ്രമിച്ചത് മന്‍മോഹന്‍ സിംഗ് അല്ലെന്നും വിദേശകാര്യ മന്ത്രിയായിരുന്ന നട്‌വര്‍ സിംഗായിരുന്നെന്നുമുള്ള പ്രധാനമായ മറ്റൊരു വെളിപ്പെടുത്തലും പുസ്തകത്തില്‍ റൈസ് നടത്തുന്നുണ്ട്.

ആണവ കരാറിന് പകരം അമേരിക്കയില്‍ നിന്നും ആയുധങ്ങള്‍ വാങ്ങാമെന്ന് ഇന്ത്യ ഉറപ്പു നല്‍കിയതായും റൈസ് പറയുന്നു.