ന്യൂദല്‍ഹി: പരുത്തി കയറ്റുമതി നിരോധനം ഇന്ത്യ പുനപരിശോധിക്കുന്നു. ഈ മാസം ഒന്‍പതിന് പരുത്തി കയറ്റുമതി നിരോധനം നിലവില്‍ വരാനിരിക്കെയാണ് നിയമം പുനപരിശോധിക്കാന്‍ കേന്ദ്രം തയ്യാറായിരിക്കുന്നത്. ഇതിനായി പ്രണബ് മുഖര്‍ജി അധ്യക്ഷനായ മന്ത്രിതല സമിതിയെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നിയോഗിച്ചു. ഗുജറാത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നുമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പ്രധാനമന്ത്രിയോട് നേരിട്ട് പരാതി ബോധിപ്പിച്ചതിനെത്തുടര്‍ന്നാണ് ഇത്.

ഇതിനിടെ കേന്ദ്ര തീരുമാനത്തില്‍ പ്രതിഷേധിച്ച് രണ്ടു ദിവസം മില്ലുകള്‍ അടച്ചിടാന്‍ സൗരാഷ്ട്രയിലെ പരുത്തി മില്ലുകള്‍ തീരുമാനിച്ചു. സൗരാഷ്ട്രയിലെമ്പാടും കര്‍ഷകര്‍ പ്രതിഷേധ പ്രകടനങ്ങളുമായി രംഗത്തിറങ്ങിയിട്ടുണ്ട്.

സര്‍ക്കാറിന്റെ രാഷ്ട്രീയ നയങ്ങളുടെ ഭാഗമായാണ് കേന്ദ്ര വാണിജ്യ മന്ത്രാലയം പരുത്തി കയറ്റുമതി നിര്‍ത്തലാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, രൂക്ഷവിമര്‍ശനമാണ് സര്‍ക്കാറിന്റെ ഈ തീരുമാനത്തിനെതിരെ ഉയര്‍ന്നത്. ശരദ് പവാറുമായി ചര്‍ച്ച ചെയ്യാതെയായിരുന്നു കേന്ദ്ര വാണിജ്യ മന്ത്രി ആനന്ദ് ശര്‍മ്മ നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. അതുകൊണ്ടു തന്നെ പരുത്തി കയറ്റുമതി നിരോധനത്തിനെതിരെ കൃഷിമന്ത്രി ശരദ്പവാര്‍ രംഗത്തു വന്നിരുന്നു.

തന്റെ മന്ത്രാലയത്തിന്റെ നടപടിയെ ന്യായീകരിച്ച ആനന്ദ് ശര്‍മ്മ, പരുത്തിയുടെ ഉത്പാദനം കുറഞ്ഞ സാഹചര്യത്തിലാണ് കയറ്റുമതി നിരോധിക്കാന്‍ തന്റെ മന്ത്രാലയം തീരുമാനിച്ചതെന്ന് വിശദീകരണം നല്‍കുകയും ചെയ്തു. എന്നാല്‍ കയറ്റുമതി നിരോധിച്ചതിനെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് കഴിഞ്ഞ ചൊവ്വാഴ്ച പവാര്‍ ശക്്തമായി വിമര്‍ശിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇരുമന്ത്രിമാര്‍ തമ്മിലുള്ള ഭിന്നത് മറനീക്കി പുറത്തു വന്നതും വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടാന്‍ കാരണമായി.

Malayalam news

Kerala news in English