ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ടുയര്‍ന്ന അഴിമതിയാരോപണങ്ങള്‍ ചര്‍ച്ചചെയ്യാനായി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു. കായികമന്ത്രി എം എസ് ഗില്‍, നഗരവികസന വകുപ്പുമന്ത്രി ജയ്പാല്‍ റെഢി, ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

കോമണ്‍വെല്‍ത്ത് ഗെയിംസുമായി ഉയര്‍ന്ന വിവാദങ്ങളുമായി ബന്ധപ്പെട്ട് ഇതാദ്യമായാണ് പ്രധാനമന്ത്രി ഇടപെടുന്നത്. ഗെയിംസ് സംഘാടകസമിതി ചെയര്‍മാന്‍ സുരേഷ് കല്‍മാഡിയെ സംരക്ഷിക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഗെയിംസ് അവസാനിക്കുന്നതുവരെ കല്‍മാഡിക്കെതിരേ നടപടിയൊന്നും എടുക്കേണ്ടതില്ലെന്ന നിലപാടിലാണ് കേന്ദ്രം. അതിനിടെ ഗെയിംസിന്റെ കരാറില്‍ നിന്നും മുഖ്യസ്‌പോണ്‍സര്‍മാരായ പ്രീമിയം ബ്രാന്‍ഡ്‌സ് ഒഴിവായത് സംഘാടകസമിതിക്ക് തിരിച്ചടിയായിട്ടുണ്ട്.