ന്യൂദല്‍ഹി: സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം തല്‍സ്ഥാനത്ത് തുടരണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംങ്. ഗോപാല്‍ സുബ്രഹ്മണ്യം രാജിപിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് അദ്ദേഹത്തെ സമീപിച്ചിട്ടുണ്ട്.

കള്ളപ്പണം കണ്ടെത്തല്‍, 2ജി അഴിമതി തുടങ്ങിയ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാരുമായുള്ള അഭിപ്രായഭിന്നതകളെ തുടര്‍ന്നാണ് ഗോപാല്‍ സുബ്രഹ്മണ്യം കഴിഞ്ഞദിവസം രാജിവച്ചത്. 2ജി അഴിമതിക്കേസില്‍ കേന്ദ്രമന്ത്രി കപില്‍ സിബലിനെതിരായ കേസ് നാളെ കോടതി പരിഗണിക്കാനിരിക്കുകയാണ്. കപില്‍ സിബല്‍ ഇടപെട്ട് നാളത്തെ കേസ് കൈകാര്യം ചെയ്യാന്‍ സ്വകാര്യ അഭിഭാഷകനെ ചുമതലപ്പെടുത്തുകയായിരുന്നു. ടെലികോം മന്ത്രാലയത്തെ പ്രതിനിധീകരിച്ച് കേസ് വാദിക്കാനായി സ്വകാര്യ അഭിഭാഷകനെ നിയമിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തില്‍ സോളിസിറ്റര്‍ ജനറല്‍ അതൃപ്തനായിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞദിവസം നിയമമന്ത്രി വീരപ്പമൊയ്‌ലിക്ക് രാജി നല്‍കുകയായിരുന്നു.

Subscribe Us:

സ്വകാര്യ അഭിഭാഷകനെ ചുമതലപ്പെടുത്തിയ തീരുമാനത്തില്‍ നിന്നു പിന്നോട്ടുപോകാതെ രാജി പിന്‍വലിക്കുന്നതിനെക്കുറിച്ച് ആലോചിക്കില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച് സംസാരിക്കാനായി അദ്ദേഹം രാഷ്ട്രപതി പ്രതിഭാപാട്ടീലുമായി ചര്‍ച്ച നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം, സ്‌പെക്ട്രം കേസില്‍ സ്വകാര്യ അഭിഭാഷകനെ നിയമിച്ചത് ശരിയായില്ലെന്ന് മുന്‍ സോളിസിറ്റര്‍ ജനറല്‍ സോളി സൊറാബ്ജി അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ അഭിഭാഷകന്‍ നിലവിലുള്ള സാഹചര്യത്തില്‍ ഇത്തരമൊരുനടപടി ശരിയായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.