ന്യൂദല്‍ഹി: കനത്ത മഴയും ഉരുള്‍പൊട്ടലും നാശംവിതച്ച ലേയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഇന്ന് സന്ദര്‍ശനം നടത്തും. മഴയെത്തുടര്‍ന്ന് ദുരിതത്തിലായവര്‍ക്കുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങളും ഇരുവരും നിരീക്ഷിക്കും. അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലുള്ള കുട്ടികളെ പ്രവേശിപ്പിച്ച ആശുപത്രിയും പ്രധാനമന്ത്രി സന്ദര്‍ശിക്കും.

ദുരിതാശ്വാസ- പുനരധിവാസ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രധാനമന്ത്രി ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. പ്രകൃതിക്ഷോഭത്തില്‍ പരിക്കേറ്റവര്‍ക്ക് എല്ലാ ചികില്‍സാസൗകര്യങ്ങളും ഒരുക്കുമെന്ന് സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. അപകടത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ഒരുലക്ഷവും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും അടിയന്തിരസഹായമായി അനുവദിച്ചിരുന്നു. നേരത്തേ രാഹുല്‍ ഗാന്ധിയും ലേയിലെത്തി ദുരിതം നേരിട്ടവരെ സന്ദര്‍ശിച്ചിരുന്നു.