Administrator
Administrator
പ്ലസ് ടു പരീക്ഷാഫലത്തില്‍ തിരുത്ത്:പിഴവ് എന്‍.ഐ.സിയുടെത്
Administrator
Tuesday 31st May 2011 12:30pm

തിരുവനന്തപുരം:വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലത്തില്‍ മാറ്റമുണ്ടായത് എന്‍.ഐ.സിയുടെ പിഴവുമൂലമാണെന്ന് പ്രാഥമിക റിപ്പോര്‍ട്ട്.

ഫലപ്രസിദ്ധീകരണത്തില്‍ പിഴവു സംഭവിച്ച സാഹചര്യത്തില്‍ ഇനിമുതല്‍ വിദ്യാഭ്യാസവകുപ്പ് നേരിട്ടു ഫലപ്രഖ്യാപനം നടത്തുന്നകാര്യം പരിഗണനയിലുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ് അഭിപ്രായപ്പെട്ടു. പ്ലസ് ടു ഡയറക്ടറേറ്റിലെ പരീക്ഷാവിഭാഗത്തില്‍ ആവശ്യത്തിന് ജീവനക്കാരില്ലെന്നും പരീക്ഷാവിഭാഗത്തിന്റെ നടത്തിപ്പില്‍ ക്രമക്കേടുണ്ടെന്നുമുള്ള ആരോപണം അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഈ മാസം 20 നാണ് പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്. തടഞ്ഞുവെച്ച 1000 പേരുടെ ഫലംകൂടി വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയതോടെയാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലത്തില്‍ മാറ്റമുണ്ടായത്. ഇരട്ടമൂല്യനിര്‍ണയം നടത്തിയ സാഹചര്യത്തില്‍ മോഡറേഷനുപുറമെ അധികമാര്‍ക്കും നല്‍കിയിട്ടുണ്ടാകാമെന്നാണ് കരുതുന്നത്.

പരീക്ഷാഫലം തയ്യാറാക്കിയതില്‍ പിഴവ് പറ്റിയത് ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം രാത്രി തിരക്കിട്ട് ഫലം തിരുത്തുകയായിരുന്നു. പുതിയ ഫലം വന്നതോടെ നേരത്തെ വിജയിച്ച പല കുട്ടികളും തോറ്റു. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും ഡി.പി.ഐ നല്‍കിയിട്ടില്ല.

സാങ്കേതികപിഴവാണെന്നാണ് ഡി.പി.ഐ എ.പി.എം മുഹമ്മദ് ഹനീഷ് പറയുന്നത്. പ്രശ്‌നം ഉച്ചയ്ക്കു മുമ്പായി പരിഹരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. സംഭവത്തില്‍ ചീഫ് സെക്രട്ടറി ഡി.പി.ഐ യോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisement