തിരുവനന്തപുരം:വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലത്തില്‍ മാറ്റമുണ്ടായത് സാങ്കേതിക പിഴവുമൂലമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ.പി.എം മുഹമ്മദ് ഹനീഷ്.

ഈ മാസം 20 നാണ് പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്. തടഞ്ഞുവെച്ച 1000 പേരുടെ ഫലംകൂടി വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയതോടെയാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലത്തില്‍ മാറ്റമുണ്ടായത്. പരീക്ഷാഫലം തയ്യാറാക്കിയതില്‍ പിഴവ് പറ്റിയത് ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം രാത്രി തിരക്കിട്ട് ഫലം തിരുത്തുകയായിരുന്നു. പുതിയ ഫലം വന്നതോടെ നേരത്തെ വിജയിച്ച പല കുട്ടികളും തോറ്റു.

ഇതുസംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും ഡി.പി.ഐ നല്‍കിയിട്ടില്ല. സാങ്കേതികപിഴവാണെന്നാണ് ഡി.പി.ഐ എ.പി.എം മുഹമ്മദ് ഹനീഷ് പറയുന്നത്.

പ്രശ്‌നം ഉച്ചയ്ക്കു മുമ്പായി പരിഹരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. സംഭവത്തില്‍ ചീഫ് സെക്രട്ടറി ഡി.പി.ഐ യോട് വിശദീകരണം ആവശ്യപ്പെട്ടു.