ഹരിപ്പാട്: കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ മനംനൊന്ത് പ്ലസ് വണ്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. ചെറുതന കാരിച്ചാല്‍ ആലുംമൂട്ടില്‍ വടക്കതില്‍ ബൈജുവിന്റെ മകള്‍ അനശ്വര (ചിഞ്ചു 17)യാണ് ആത്മഹത്യ ചെയ്തത്.

വീയപുരം ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ പ്ലസ്വണ്‍ വിദ്യാര്‍ത്ഥിനിയായ അനശ്വര ഇന്നലെ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ പാലത്തിന്റെ മുകളില്‍ നിന്നും ആറ്റിലേക്ക് ചാടുകയായിരുന്നു. വൈകിട്ട് 3.30നായിരുന്നു സംഭവം. ദൂരെ കുളിച്ചുകൊണ്ട് നിന്ന സ്ത്രീകള്‍ വിദ്യാര്‍ത്ഥിനി ആറ്റിലേക്ക് ചാടുന്നതുകണ്ട് ബഹളം കൂട്ടി. സമീപത്തുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്താനായി ആറ്റിലേക്ക് ചാടി കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടു.

കുടുംബം വലിയ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നെന്നും സ്വന്തമായി വീടുപോലുമില്ലെന്നും ഇത് അനശ്വരയെ ആകെ തളര്‍ത്തിയിരുന്നതായി അച്ഛന്‍ ബൈജു പറഞ്ഞു.

ബാഗില്‍ പുസ്തകവും ഉച്ചയ്ക്ക് കഴിക്കാനായി കൊണ്ടുപോയ ചോറും പാത്രവും ഉണ്ടായിരുന്നു. പഠിത്തത്തില്‍ ഭേദമായിരുന്ന അനശ്വര ഇന്നലെ പരീക്ഷ കഴിഞ്ഞ ശേഷം ഉച്ചയ്ക്ക് ഊണുകഴിക്കുന്നതിനായി പാത്രം തുറന്നുവെങ്കിലും അല്‍പ്പനേരം കരഞ്ഞിട്ട് പാത്രം അടച്ചുവച്ചതായി കുട്ടികള്‍ പറഞ്ഞു.


Dont Miss സ്ത്രീ കേന്ദ്രീകൃത ചിത്രമെന്ന് പറഞ്ഞ് ‘ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ’യ്ക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചു


ആയാപറമ്പ് പുതുമനയില്‍ വാടകയ്ക്ക് താമസിക്കുകയാണ് ബൈജുവും കുടുംബവും. ബൈജുവും ശ്രീലതകുമാരിയും ഹൃദ്രോഗികളാണ്. ബൈജുവിന് ശസ്ത്രക്രിയ ആവശ്യമാണ്. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം അതു നടത്താനായിട്ടില്ല.

ഓട്ടോ ഡ്രൈവറായിരുന്നു ബൈജു. എന്നാല്‍ രോഗം കാരണം ജോലിക്കു പോകാന്‍ കഴിയാത്ത അവസ്ഥയാണ്. അനശ്വരയുടെ ഇളയ സഹോദരന്‍ അശ്വിന് വൃക്ക സംബന്ധമായ രോഗമാണ്. ഇതെല്ലാം അനശ്വരയെ മാനസികമായി ഏറെ തകര്‍ത്തിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

അതിനിടെ പൊതുശ്മശാനം കണ്ടെത്തി അന്ത്യകര്‍മം നടത്താന്‍ നാട്ടുകാര്‍ ശ്രമം തുടങ്ങി. മൃതദേഹം ഇപ്പോള്‍ ഹരിപ്പാട് ആശുപത്രി മോര്‍ച്ചറിയിലാണ്.