എഡിറ്റര്‍
എഡിറ്റര്‍
പെല്ലെറ്റ് തോക്കുകള്‍ക്ക് നിയന്ത്രണം; കശ്മീരില്‍ പ്രതിഷേധക്കാരെ നേരിടാന്‍ ഇനി മുതല്‍ പ്ലാസ്റ്റിക് വെടിയുണ്ടകള്‍
എഡിറ്റര്‍
Monday 17th April 2017 9:58pm

ന്യൂദല്‍ഹി: ജമ്മു-കശ്മീരില്‍ പ്രതിഷേധക്കാരെ നേരിടുന്നതിന് ഇനി മുതല്‍ പ്ലാസ്റ്റിക് വെടിയുണ്ടകള്‍ ഉപയോഗിക്കാന്‍ തീരുമാനം. പെല്ലെറ്റ് തോക്കുകളുടെ ഉപയോഗം വന്‍ പ്രതിഷേധം വിളിച്ചുവരുത്തിയ സാഹചര്യത്തിലാണ് പുതിയ നടപടി. പ്രഹരശേഷി കുറവുള്ള പ്ലാസ്റ്റിക് തിരകള്‍ ഉപയോഗിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തി കശ്മീര്‍ താഴ്വരയില്‍ സ്വീകരിക്കേണ്ട സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജ്യര്‍ (എസ്.ഒ.പി) ആഭ്യന്തരമന്ത്രാലയം പരിഷ്‌കരിച്ചു. പെല്ലെറ്റ് തോക്കുകള്‍ ഏല്‍പ്പിക്കുന്ന പരുക്കുകള്‍ മൂലം 13 പേരാണ് കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടത്. 250ല്‍ ഏറെപ്പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്.

കൂട്ടമായി പ്രതിഷേധിക്കുന്നവരെ ഓടിക്കാനും കല്ലെറിയുന്നവര്‍ക്കുനേരെ പ്രയോഗിക്കാനുമായിരുന്നു പെല്ലെറ്റ് തോക്കുകള്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍, പ്രഹരശേഷി കുറവുള്ള തോക്കുകളുടെ ഗണത്തില്‍പ്പെടുന്ന പെല്ലെറ്റ് തോക്കുകള്‍ പൂര്‍ണമായും ഒഴിവാക്കിയിട്ടില്ല. ഉപയോഗം പരിമിതപ്പെടുത്താനാണ് തീരുമാനം. അവസാന ആശ്രയം എന്ന നിലയ്‌ക്കേ ഇനി അവ ഉപയോഗിക്കൂ.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കശ്മീര്‍ സന്ദര്‍ശിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പെല്ലെറ്റ് തോക്കുകള്‍ക്കു പകരം മറ്റൊന്ന് കശ്മീരിലെ സുരക്ഷയ്ക്കു നല്‍കുമെന്ന് അറിയിച്ചിരുന്നു.


Also Read: ‘രാജ്യത്തിന് അറിയണം’ (Nation Wants to Know) എന്ന ശൈലി ഇനി ഉപയോഗിക്കരുത്; അര്‍ണാബ് ഗോസ്വാമിയ്ക്ക് വക്കീല്‍ നോട്ടീസ്


ആയിരക്കണക്കിന് പ്ലാസ്റ്റിക് തിരകള്‍ ഇതിനോടകംതന്നെ നിര്‍മിച്ചിട്ടുണ്ട്. ഇവ കശ്മീര്‍ താഴ്വരയിലേക്ക് അയച്ചിട്ടുണ്ടെന്നു മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു. ഇന്‍സാസ് റൈഫിളില്‍നിന്നുതന്നെ ഈ വെടിയുണ്ടകള്‍ പ്രയോഗിക്കാം.

Advertisement