പ്യൂപ്പ \ വിബീഷ് വിക്രം

വയല്‍ വരമ്പിലെയും, വഴിയോരത്തെയും, തൊടിയിടങ്ങളിലെയും കൊന്നത്തെങ്ങുകളുടെ ഓലകളില്‍ തൂങ്ങിയാടുന്ന കിളിക്കൂട് കൂട്ടുകാര്‍ ശ്രദ്ധിച്ചിട്ടുണ്ടോ..? ചകിരി നാര് കൊണ്ടോ ഉണങ്ങിയ പുല്‍ക്കൊടി കൊണ്ടോ നിര്‍മ്മിച്ച മനോഹരമായ കിളിക്കൂടുകള്‍.

ഏകദേശം 500 തവണയെങ്കിലും ചെറിയ പുല്‍നാരുകള്‍ കൊണ്ട് പറന്ന് വന്ന് പണിതുണ്ടാക്കുന്ന ഇത്തരം കൂട്ടില്‍ ചിലപ്പോള്‍ മൂവായിരത്തിലധികം നാരുകള്‍ കാണും . ഇത്രയും അധ്വാനശീലരായ ഈ മനോഹര നിര്‍മ്മിതിയുടെ ഉടമകള്‍ ആരെന്നറിയേണ്ടേ..? തൂക്കണാം കുരുവികള്‍ .ആറ്റക്കുരുവി, കൂരിയാറ്റ എന്നീ പേരുകളിലും ഈ കുഞ്ഞന്‍ കുരുവികള്‍ അറിയപ്പെടുന്നുണ്ട്.

നമ്മുടെ നാട്ടില്‍ കൊന്നതെങ്ങ് പോലെയുള്ള നീളമുള്ള മരത്തിലാണ് തൂക്കണാം കുരുവികളുടെ കൂടുകള്‍ കണ്ട് വരുന്നത്. ഇവയുടെ കൂടിന് മറ്റ് കിളിക്കൂടുകളില്‍ നിന്നും ഒരു പ്രത്യേകതയുണ്ട്. എന്താണെന്നറിയാമോ..?തൂക്കണാം കുരുവികള്‍ തലകീഴായാണ് കൂടുകള്‍ നിര്‍മ്മിക്കുന്നത്. അതായത് കൂടിലേക്കുള്ള പ്രവേശന ദ്വാരം ഏറ്റവും താഴെ ആയിരിക്കും.

സാധാരണയായി പക്ഷികള്‍ കൂട് കൂട്ടുക പ്രജനന കാലത്താണല്ലോ. കുഞ്ഞുങ്ങളെ വളര്‍ത്താനുള്ള സുരക്ഷിതമായ സ്ഥലമാണ് പക്ഷികള്‍ക്ക് കൂട്. ഒട്ടുമിക്ക പക്ഷികളും മുട്ടയിട്ട് കുഞ്ഞുങ്ങളെ വളര്‍ത്തുന്ന ഘട്ടത്തില്‍ മാത്രമാണ് കൂട് ഉപയോഗിക്കുന്നത്. അവയില്‍ തന്നെ ഒരു കൂട് വീണ്ടുമുപയോഗിക്കുന്നത് അപൂര്‍വ്വമാണ്. മിക്ക പക്ഷികളും ഓരോ പ്രജനന കാലത്തും പുതുതായി കൂട് കെട്ടുകയാണ് പതിവ്.

തൂക്കണാം കുരുവികളും ഇതില്‍ നിന്നും വിഭിന്നമല്ല. ഇവയുടെ കൂട് നിര്‍മ്മാണത്തിന് വളരെ രസകരമായ ഒറു വസ്തുതയുണ്ട്. ആണ്‍ കുരുവുകളാണ് കൂട് നിര്‍മ്മാണത്തിന് തുടക്കമിടുന്നത്. എന്നാല്‍ കൂട് നിര്‍മ്മാണം പൂര്‍ത്തിയാക്കില്ല, പകുതി തീര്‍ക്കും. എന്നിട്ട് പകുതി കെട്ടിയുണ്ടാക്കിയ കൂടുകളില്‍ ഇരുന്ന് പാട്ടു പാടി ആണ്‍കിളി പെണ്‍കിളികളെ തന്നിലേക്ക് ആകര്‍ഷിക്കും. പെണ്‍കിളി വന്ന് പാതി തീര്‍ന്ന കൂട് പരിശോധിച്ച് ഇഷ്ടപ്പെട്ടാല്‍ ആണ്‍കിളി പെണ്‍കിളിയുമായി ‘വിവാഹ’ബന്ധത്തില്‍ ഏര്‍പ്പെടുന്നു.

പിന്നീട് ഇരുവരും ചേര്‍ന്ന് കൂടിന്റെ പണി പൂര്‍ത്തിയാക്കുന്നു. തുടര്‍ന്ന് പെണ്‍കിളി മുട്ടയിട്ട് അടയിരിക്കുന്ന സമയം വരെ ആ ബന്ധം തുടരുന്നു. പെണ്‍കിളി അടയിരുന്നു കഴിഞ്ഞാല്‍ അവന്‍ പാതി തീര്‍ത്തു വച്ചിരിക്കുന്ന തന്റെ മറ്റു കൂടുകള്‍ക്കരികില്‍ ഇരുന്ന് വീണ്ടും പാടുന്നു. മറ്റ് പെണ്‍കിളികള്‍ക്കായി…

തൂക്കണാം കുരുവികള്‍ തലകീഴായാണ് കൂടുകള്‍ നിര്‍മ്മിക്കുന്നതെന്ന് പറഞ്ഞല്ലോ..അപ്പോ കൂട്ടുകാര്‍ക്കൊരു സംശയമുണ്ടായേക്കാം. അങ്ങിനെയെങ്കില്‍ കുരുവിയുടെ മുട്ട കൂട്ടില്‍ നിന്നും താഴെ വീണ് ഉടയില്ലേ… ഇല്ല! മുട്ട താഴെ വീണുടയാതിരിക്കാന്‍ തൂക്കണാം കുരുവികള്‍ക്ക് ഒരു സൂത്ര വിദ്യയുണ്ട്.

തൂക്കണാം കുരുവിയൂടെ ഉമിനീരില്‍ നല്ല ബലമുള്ള പശയുണ്ട്. ഈ പശവെച്ച് മുട്ടകള്‍ കൂട്ടില്‍ ബലമായി ഒട്ടിച്ച് വച്ചിട്ടാണ് കുരുവികള്‍ ഇരതേടി കൂടിന് പുറത്തേക്ക് പോകുന്നത്. അത്‌കൊണ്ട് എത്ര ശക്തമായ കാറ്റടിച്ചാലും മുട്ടകള്‍ താഴെ വീണുടയുമെന്ന പേടി വേണ്ട…