തിരുവനന്തപുരം: മുസ്‌ലിം ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ആര്യാടന്‍ മുഹമ്മദ്. തങ്ങളുടെ നയങ്ങള്‍ തിരുത്തുന്നതാണ് ലീഗിനും കേരള കോണ്‍ഗ്രസ്സിനും നല്ലതെന്ന് ആര്യാടന്‍ പറഞ്ഞു. ലീഗാണ് ഭരിക്കുന്നതെന്ന വിശ്വാസം നാട്ടിലുണ്ട്, ഇത് തിരുത്തണം.

ലീഗ് പറയുന്നതാണ് യു.ഡി.എഫില്‍ നടപ്പാകുന്നത് എന്ന ധാരണയാണ് പലര്‍ക്കുമുള്ളത്. യു.ഡി.എഫിനകത്ത് ലീഗും അനൂപിന്റെ കേരളാ കോണ്‍ഗ്രസും ഒരുപോലെയാണ്. അനൂപിന്റെ കേരളാ കോണ്‍ഗ്രസിനുള്ള അധികാരം മാത്രമാണ് ലീഗിനും ഉള്ളത്. യു.ഡി.എഫില്‍ എല്ലാ ഘടകകക്ഷികളും സമന്മാരാണ്. അതില്‍ ആര്‍ക്കും കൂടുതല്‍ അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.

Ads By Google

ലീഗ് മുന്നണിയില്‍ ഒറ്റപ്പെടുന്നു എന്ന ആരോപണം പുതിയതാണെന്നും ആര്യാടന്‍ വ്യക്തമാക്കി. യു.ഡി.എഫില്‍ ലീഗ് മേല്‍ക്കൈ എടുക്കുന്നു എന്ന ആരോപണം പരക്കെ നിലനില്‍ക്കുന്നുണ്ട്. ഇത് മാറ്റിയെടുക്കേണ്ടതുണ്ടെന്നും ആര്യാടന്‍ മുഹമ്മദ് അറിയിച്ചു.

ഇതിന് മറുപടിയായി ആര്യാടന്‍ സംയമനം പാലിക്കണമെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്ജും ഐക്യജനാധിപത്യ മുന്നണി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന്
അബ്ദുറഹ്മാന്‍ രണ്ടത്താണിയും പറഞ്ഞു.

സംസ്ഥാനത്ത് ഭരണം നടത്തുന്നത് ലീഗാണെന്ന ആക്ഷേപം ഉയരുന്നുണ്ട്. ഇത് പരസ്യമായി സമ്മതിച്ച് കൊടുക്കുന്നില്ലെങ്കിലും ഇതാണ് സത്യം. നമ്മളാണ് ഭരിക്കുന്നത്, നമ്മളാണ് ഇത് കൊണ്ടുനടക്കുന്നത്, നമ്മളാണ് ഇതിന്റെ കാര്യകര്‍ത്താക്കള്‍. ലീഗിന് ഹിതകരമല്ലാത്തതൊന്നും അള്ളാഹുവിന്റെ അനുഗ്രഹത്താല്‍ ഇപ്പോള്‍ നടക്കില്ലെന്നും കഴിഞ്ഞ ദിവസം മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് പട്ടാമ്പിയിലെ ഒരു പരിപാടിയില്‍ പ്രസംഗിച്ചിരുന്നു.