കട്ടക്ക്: ക്ഷേത്ര ദര്‍ശനത്തിനെത്തുന്നവരുടെ ചെരുപ്പ് വൃത്തിയാക്കണമെന്ന ജാമ്യ ഉപാധി ഭേദഗതി ചെയ്യാന്‍ തയ്യാറാണെന്ന് ഒഡീഷ ഹൈക്കോടതി. ഇതിന് പകരം വെക്കേണ്ട ഉപാധി നിര്‍ദേശിക്കാന്‍ ആരോപണവിധേയനായ യുവാവിന്റെ അഭിഭാഷകനോട് കോടതി നിര്‍ദേശിച്ചു. കേസ് ഇന്ന് വീണ്ടും പരിഗണിക്കും.

ടികി എന്ന് അറിയപ്പെടുന്ന സുമന്‍പത്ര എന്ന 19കാരന് ജാമ്യം അനുവദിക്കുമ്പോഴാണ് അസാധാരണമായ ഉപാധി ഒഡീഷ ഹൈക്കോടതി മുന്നോട്ടുവെച്ചത്. ലൈംഗിക അതിക്രമക്കേസിലാണ് ടികി അറസ്റ്റിലായത്. 20,000 രൂപ കെട്ടിവെക്കാനും രണ്ട് ആള്‍ ജാമ്യം ഹാജരാക്കാനും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ആവശ്യപ്പെട്ടു. ഇതിനു പുറമേ കട്ടക്കിലെ ചണ്ഡി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നവരുടെ ചെരുപ്പുകള്‍ വൃത്തിയാക്കണമെന്നും ജസ്റ്റിസ് സി.ആര്‍ ദാസ് നിര്‍ദേശിച്ചു. എല്ലാ ഞായറാഴ്ചയും ഇത് ചെയ്യണമെന്നായിരുന്നു നിര്‍ദേശം. ഈ ഉപാധികള്‍ അനുസരച്ച് ടീകി ജാമ്യത്തിലിറങ്ങിയിട്ടുണ്ട്.

എല്ലാ ഞായറാഴ്ചയും വൈകിട്ട് നാലിന് അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ടികി ഹാജരാകണം. അന്വേഷണ ഉദ്യോഗസ്ഥന്‍ ടികിയെ ചണ്ഡി ക്ഷേത്രത്തില്‍ കൊണ്ടുപോകണം. രണ്ട് മണിക്കൂര്‍ നേരം ടികി ചെരുപ്പുകള്‍ വൃത്തിയാക്കണം. 12 ആഴ്ച ഇത് ചെയ്യണമെന്നാണ് കോടതി നിര്‍ദേശിച്ചത്.

ജാമ്യ വ്യവസ്ഥയനുസരിച്ച് കഴിഞ്ഞ ഞായറാഴ്ച ടികി ക്ഷേത്രത്തിലെത്തേണ്ടതായിരുന്നു. എന്നാല്‍ ടികിയുടെ പിതാവ് അക്ഷയ് കുമാര്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. മകനെ വേണ്ടവിധത്തില്‍ ശ്രദ്ധിച്ചുകൊള്ളാമെന്നും പിതാവ് ഹരജയില്‍ പറഞ്ഞു. പശ്ചാത്താപം പ്രകടിപ്പിച്ചുകൊണ്ട് ടികി എഴുതിയ കത്തും ഹരജിക്കൊപ്പം ഹാജരാക്കിയിരുന്നു.

ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നവരുടെ ചെരുപ്പ് വൃത്തിയാക്കണമെന്ന ഉപാധി ഫലത്തില്‍ ശിക്ഷയാണെന്ന് ടികിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. അതുകൊണ്ട് തന്നെ ഈ വ്യവസ്ഥ ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഉപാധി ശിക്ഷയല്ലെന്നും 19കാരന്റെ മനസ്സ് മാറ്റുന്നതിന്റെ ഭാഗമാണെന്നും കോടതി വിശദീകരിച്ചു. ചെരുപ്പ് വൃത്തിയാക്കുന്നതിന് പകരമായി മറ്റെന്തെങ്കിലും ഉപാധി നിര്‍ദേശിക്കാന്‍ അഭിഭാഷകനോട് ആവശ്യപ്പെടുകയും ചെയ്തു.