ന്യൂദല്‍ഹി: മകരവിളക്ക് മനുഷ്യനിര്‍മ്മിതമാണെന്നും ഇത് നിരോധിക്കണണെന്നും ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളി. ഹരജിക്കാര്‍ക്ക് ഹൈകോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

മനുഷ്യനിര്‍മ്മിതമായ മകരവിളക്ക് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് യുക്തിവാദിസംഘം പ്രസിഡന്റ് സനല്‍ ഇടമറുക് നല്‍കിയ ഹരജിയാണ് സുപ്രീംകോടതി തള്ളിയത്. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ് ഇതെന്നും ചീഫ് ജസ്റ്റിസ് എസ. എച്ച് കപാഡിയയുടെ നേതൃത്വത്തിലുള്ള മൂന്നംഗബെഞ്ച് അഭിപ്രായപ്പെട്ടു.

മകരവിളക്ക് മനുഷ്യനിര്‍മ്മിതമാണെന്ന വസ്തുത ദേവസ്വംബോര്‍ഡ് വരെ അംഗീകരിച്ചതാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാറും ദേവസ്വംബോര്‍ഡും ഭക്തരെ ചൂഷണം ചെയ്യുകയാണെന്നും സനല്‍ ഇടമറുകിന്റെ ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ മകരവിളക്ക് വിശ്വാസത്തിന്റെ ഭാഗമാണെന്നും ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. പൊന്നമ്പലമേട്ടിലെ മകരവിളക്ക് ദര്‍ശിക്കാനായി എത്തിയ ഭക്തരുടെ തിക്കുതിരക്കും മൂലം 102 പേര്‍ മരിച്ചത് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.