Administrator
Administrator
വിദേശപര്യടനങ്ങളിലെ തോല്‍വികള്‍ ഒത്തിരി പാഠം പഠിപ്പിച്ചു: രാഹുല്‍ ദ്രാവിഡ് സംസാരിക്കുന്നു
Administrator
Tuesday 6th March 2012 12:59pm

രാഹുലിന്റെ ബാറ്റിംഗ് എല്ലാവരും പറയുന്നപോലെ ഒരു ടെക്സ്റ്റ് ബുക്ക് ആണ്. അദ്ദേഹം ഇന്ത്യന്‍ ടീമിന് നല്‍കിയത്ര സംഭാവനകള്‍ ഒരുപക്ഷേ മറ്റൊരു താരങ്ങളും നല്‍കിയിട്ടുണ്ടോ എന്ന് തോന്നുന്നില്ല. അദ്ദേഹത്തിന്റെ പല ഷോട്ടുകളും എതിര്‍ടീമിലെ ബൗളര്‍മാര്‍ക്ക് സ്വപ്‌നം കാണാന്‍ പോലും കഴിയാത്ത വിധത്തിലുള്ളതായിരിക്കും. ഇന്ത്യന്‍ ടീമിന്റെ വന്‍മതിലായി നിന്ന് ടീമിനെ ലോകത്തിന്റെ ഉയരങ്ങളില്‍ എത്തിച്ച ദ്രാവിഡ് എന്നാല്‍ ടീമിന്റെ നിലവിലെ അവസ്ഥയില്‍ അസ്വസ്ഥനാണ്. വിദേശപര്യടനത്തില്‍ സി.ബി സീരീസ് ഫൈനലില്‍ കയറാന്‍ കഴിയാതെ പരാജയപ്പെട്ട് മടങ്ങിവന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗങ്ങള്‍ അഗാധമായ ദു:ഖത്തിലാണെന്നാണ് രാഹുല്‍ ദ്രാവിഡ് പറയുന്നത്. ഇംഗ്ലണ്ടിനോടും അതിന് പിന്നാലെ ഓസ്‌ട്രേലിയയോട് പരാജയം സമ്മതിച്ച് മടങ്ങേണ്ടിവന്നതില്‍ തങ്ങളുടേതായ ന്യായീകരണങ്ങളൊന്നും നിരത്താനില്ലെന്ന് ദ്രാവിഡ് തുറന്നു സമ്മതിക്കുന്നു.

ഓസ്‌ട്രേലിയന്‍ പര്യടനത്തിന് പോകുന്നതിന് മുന്‍പ് ടീം നല്ല ആത്മവിശ്വാസത്തിലായിരുന്നു, പക്ഷേ യഥാര്‍ത്ഥത്തില്‍ എന്തു സമ്മര്‍ദ്ദമാണ് ടീമംഗങ്ങള്‍ക്ക് അവിടെ അനുഭവിക്കേണ്ടി വന്നത് ?

കളിയുടെ തുടക്കത്തില്‍ തന്നെ അതിന്റെ താളം നഷ്ടപ്പെട്ടാല്‍ പിന്നെ അതിലേക്ക് തിരിച്ചുവരാന്‍ കുറച്ചു ബുദ്ധിമുട്ടാണ്. ആദ്യത്തെ കളിയിലും രണ്ടാമത്തെ കളിയിലും പരാജയം സമ്മതിക്കേണ്ടിവന്നാല്‍ തന്നെ ടീം സമ്മര്‍ദ്ദത്തിലാകും. ഇംഗ്ലണ്ട് പര്യടനത്തിലും ഇപ്പോഴത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലും ഞങ്ങള്‍ക്ക് അഭിമാനിക്കാവുന്ന നേട്ടം സമ്മാനിക്കാനായില്ല. അതില്‍ ഞങ്ങള്‍ക്ക് ഏറെ ദു:ഖമുണ്ട്. എന്നാല്‍ അതും ആലോചിച്ചിരുന്നാല്‍ ഇനി വരാനുള്ള കളിയില്‍ മികച്ച രീതിയില്‍ പ്രകടനം നടത്താന്‍ കഴിയില്ല. ജയിക്കണമെന്ന ഉറച്ചവിശ്വാസവുമായാണ് ഞങ്ങള്‍ കളിക്കളത്തില്‍ ഇറങ്ങാറ്. എന്നാല്‍ ചിലഭാഗ്യനിര്‍ഭാഗ്യങ്ങള്‍ ഞങ്ങളെ പിന്തടരുന്നു. തോല്‍വികള്‍ നേരിടേണ്ടിവരുമ്പോള്‍ തന്നെ ധാരാളം വിമര്‍ശനങ്ങളും നേരിടേണ്ടിവരാറുണ്ട്. കളികളില്‍ മോശമായരീതിയില്‍ പെര്‍ഫോം ചെയ്യുമ്പോള്‍ തന്നെ നിരവധി പേരുടെ ചോദ്യങ്ങള്‍ക്കും ഉത്തരം പറയേണ്ടതായി വരാറുണ്ട്. പിന്നെ വിമര്‍ശനങ്ങള്‍ ഈ കളിയുടെ ഒരു ഭാഗമാണ്.  പിന്നെ കളിയെ സംബന്ധിച്ചു പറയുകയാണെങ്കില്‍ ഒരാള്‍ക്ക് കളിയെ വിജയിപ്പിച്ചെടുക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. കളിയില്‍ ഓരോരുത്തരുടേയും മാനസികാവസ്ഥയ്ക്ക് വളരെ പ്രാധാന്യമുണ്ട്. നമ്മല്‍ നന്നായി കളിച്ചതുകൊണ്ട് മാത്രം കാര്യമില്ല. നമ്മുടെ കൂടെ കളിക്കുന്നവര്‍ക്കും അതേ മാനസികാവസ്ഥയായിരിക്കണം. എന്തായാലും ഈ തോല്‍വിയിലൂടെ ഞങ്ങള്‍ ഏറെ കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇനി ഒരു ശ്ക്തമായ തിരിച്ചുവരവിനായി ഞങ്ങള്‍ ഒരുങ്ങുകയാണ്.

ഗൗതം ഗംഭീര്‍ ടീമിലുണ്ടായിരുന്നിട്ടും വിരാട് കോഹ്‌ലിയെ വൈസ് ക്യാപ്റ്റന്‍ പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട് എന്താണ് പറയാനുള്ളത്  ?

ഓസ്‌ട്രേലിയയുമായി നടന്ന മത്സരത്തിലെയും പിന്നീട് ശ്രീലങ്കയ്‌ക്കെതിരെ നടന്ന മത്സരത്തിലെയും പ്രകടനത്തെ കണക്കിലെടുത്ത് നോക്കിയാല്‍ കോഹ്‌ലിയ്ക്ക് വൈസ് ക്യാപ്റ്റന്‍ പദവി നല്‍കുന്നതില്‍ തെറ്റൊന്നും ഉണ്ടെന്ന് തോന്നുന്നില്ല. എന്നാല്‍ ഈയൊരു കാരണം കൊണ്ട് ഗൗതം ഗംഭീറിന് മാനസികമായി വിഷമം ഉണ്ടാകുമെന്നൊന്നും ഞാന്‍ കരുതുന്നില്ല.

വിരാട് കോഹ് ലി ആദ്യം മനസ്സിലുറപ്പിക്കേണ്ട ഒരു കാര്യം താന്‍ ഒരു നല്ലക്രിക്കറ്ററാണെന്ന് തെളിയിക്കേണ്ടത് തന്റെ പ്രകടത്തിലൂടെയാണെന്നതാണ്. കരിയറില്‍ ഉയര്‍ച്ചയുണ്ടാകണമെങ്കില്‍ കഠിന പരിശ്രമം തന്നെയാണ് ആവശ്യം. പിന്നെ ഒരു കാര്യം മനസ്സിലാക്കേണ്ടത്. വൈസ് ക്യാപ്റ്റനായി നമ്മളെ നിയമിച്ചുകഴിഞ്ഞാല്‍ അടുത്തതായി ക്യാപ്റ്റന്‍ സ്ഥാനം ലഭിക്കുമെന്നൊന്നും കരുതിയിരിക്കരുത്. ഇത് ഒരു സ്ഥാനം നമുക്ക് കല്‍പ്പിച്ചുതരുന്നതുമാത്രമാണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനത്തിരിക്കുന്ന മഹേന്ദ്ര സിംഗ് ധോണി വളരെ നല്ലരീതിയില്‍ തന്നെയാണ് ടീമിനെ മുന്നോട്ട് കൊണ്ടുപോകുന്നത്. അദ്ദേഹത്തിന് ടീമിനെ നയിച്ചുകൊണ്ടുപോകുന്നതില്‍ പിഴവുപറ്റിയിട്ടുണ്ടെന്ന അഭിപ്രായമൊന്നുമില്ല.

സച്ചിന്റെ നൂറാം സെഞ്ച്വറി സ്വപ്‌നം എങ്ങും തൊടാതെ പോകുന്നു, എന്താണ് അതില്‍ പറയാനുള്ളത്?

സച്ചിന്റെ നൂറാം സെഞ്ച്വറി എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. എന്നാല്‍ ആ വിഷയം മുന്നിലുള്ളത് കൊണ്ട് ടീമിന് സമ്മര്‍ദ്ദമുണ്ട് എന്ന രീതിയില്‍ വാര്‍ത്തകള്‍ വരുന്നുണ്ട്. അതെല്ലാം അടിസ്ഥാനരഹിതമാണ്. സച്ചിന് തന്റെ സെഞ്ച്വറിയെ കുറിച്ച് അത്രയൊക്കെ ബോധവാനാണെന്നൊന്നും ഞാന്‍ കരുതുന്നില്ല.അല്ലെങ്കില്‍ തന്നെ എന്തിന് അദ്ദേഹത്തെ പറയുന്നു, ഒരു സെഞ്ച്വറി അടിക്കുക എന്നത് എല്ലാബാറ്റ്‌സ്മാന്‍മാരേയും സംബന്ധിച്ച് വലിയ കാര്യം തന്നെയാണ്. എന്നാല്‍ സച്ചിന്റെ സെഞ്വറി മുഴുവന്‍ ടീമംഗങ്ങള്‍ക്കും സമ്മര്‍ദ്ദമായെന്നും കരുതുന്നില്ല. സച്ചിന് തന്നെ മികച്ച രീതിയില്‍ കളിക്കാന്‍ കഴിയാത്തത് സെഞ്ച്വറിയുടെ സമ്മര്‍ദ്ദം മനസ്സിലുള്ളതുകൊണ്ടാണെന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല.

പല കാരണങ്ങള്‍ കൊണ്ടും ഐ.പി.എല്‍ ക്രിക്കറ്റിനെ വിമര്‍ശിക്കുന്നവരുണ്ട്, ഇന്ത്യയില്‍ നിന്നുള്ള കളിക്കാര്‍ ടീമില്‍ മികച്ചരീതിയില്‍ കളിക്കുന്നില്ലെന്ന ആരോപണങ്ങളൊക്കെ പലപ്പോഴും ഉയര്‍ന്നിരുന്നല്ലോ അതെല്ലാം ടീമിനെ ബാധിക്കുന്നുണ്ടെന്ന് തോന്നുന്നുണ്ടോ?

ഐ.പി.എല്‍ ഒരു നല്ലകളിയാണെന്ന കാര്യം നിങ്ങള്‍ ഒരിക്കലും മറക്കാന്‍ പാടില്ല. എനിയ്ക്ക് തോന്നുന്നത് ഐ.പി.എല്ലില്‍ കളിക്കുന്നത് വഴി ഒരു പോസിറ്റീവ് എനര്‍ജി നമുക്ക് ലഭിക്കുമെന്നാണ് തോന്നിയിട്ടുള്ളത്. ഐ.പി.എല്ലിന്റെ ആകര്‍ഷണീയത കുറഞ്ഞതായൊന്നും തോന്നുന്നില്ല. പിന്നെ മറ്റുരാജ്യങ്ങളിലെ താരങ്ങളോടൊത്ത് കളിക്കുമ്പോള്‍ നമുക്ക് ഏറെ കാര്യങ്ങള്‍ പഠിക്കാനും സാധിക്കും. അതെല്ലാം വ്യക്തിയെന്ന നിലയില്‍ എനിയ്ക്ക്് ഗുണം ചെയ്തിട്ടുണ്ടെന്നാണ് തോന്നുന്നത്.

ക്രിക്കറ്റിന് ഇപ്പോഴും ജീവനുണ്ടെന്ന് കരുന്നുണ്ടോ, മുന്‍പത്തെ ജനപ്രതി ക്രിക്കറ്റിന് നഷ്ടപ്പെട്ടതായി തോന്നുന്നുണ്ടോ ?

ഒരിക്കലുമില്ല. ഇന്ത്യയിലെ ആളുകളെ സംബന്ധിച്ച് ക്രിക്കറ്റ് തന്നെയാണ് മിക്കവാറും ആളുകളും ഇഷ്ടപ്പെടുന്നത്. ക്രിക്കറ്റിന്റെ ജനപ്രീതി കുറഞ്ഞതായിട്ട് തോന്നിയിട്ടില്ല. ഐ.പി.എല്‍ പോലുള്ള മത്സരങ്ങള്‍ നിശ്ചിതസമയം മാത്രം വന്നു പോകുന്ന ഒരു കളിയാണ്. അത് പ്രത്യേകിച്ചും കുട്ടികളുടെ ഒഴിവുകാലങ്ങളൊക്കെ പരിഗണിച്ചാണ് ഷെഡ്യൂള്‍ ചെയ്യാറ്. കഴിഞ്ഞകുറേ വര്‍ഷത്തിനിടെ ക്രിക്കറ്റിന്റെയും ഐ.പി.എല്‍ മത്സരങ്ങളള്‍ക്കും ആളുകളുടെ മികച്ച പ്രതികരണമാണ് നേടാന്‍ കഴിഞ്ഞിട്ടുള്ളത്.

ഏകദിന കിക്കറ്റില്‍ നിന്നും വിരമിച്ച് ടെസ്റ്റില്‍ മാത്രമായി ഒതുങ്ങിയല്ലോ, ഇപ്പോള്‍ എങ്ങനെതോന്നുന്നു ?

ഏകദിനവും ടെസ്റ്റും രണ്ടും രണ്ട് രീതിയില്‍ കളിക്കേണ്ട കളികളാണ്. ടെസ്റ്റ് കളിയിലും ഏകദിനത്തിലും ഒരു പോലെ മികവ് പുലര്‍ത്തുകയെന്നത് അത്ര നിസ്സാരമായ ഒരു കാര്യമില്ല. ഏതെങ്കിലും ഒന്നില്‍ ശ്രദ്ധകൊടുത്താല്‍ മാത്രമേ അതില്‍ നമുക്ക് തിളങ്ങാന്‍ സാധിക്കുകയുള്ളു. അതുകൊണ്ടുതന്നെയാണ് ഏകദിനത്തിനോട് വിടപറഞ്ഞത്. ഇപ്പോല്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിക്കുന്നതില്‍ ഞാന്‍ ഏറെ സന്തോഷവാനാണ്. സ്വന്തം കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് അവിടെയുള്ളവര്‍. അതുകൊണ്ട് തന്നെ എന്‍ജോയ് ചെയ്ത് കളിക്കാം.

ബ്രാഡ്മാന്‍ പ്രഭാഷണവേദിയില്‍ പറഞ്ഞ ചിലകാര്യങ്ങള്‍ ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു. ആ പ്രസംഗം ഇപ്പോഴും മനസ്സിലുണ്ടോ ?

ക്രിക്കറ്റ് ഇതിഹാസമായ ബ്രാഡ്മാനെ ഓര്‍മ്മിക്കാനും ആദരിക്കാനുമുള്ള വേദിയില്‍ ആദ്യമായാണ് എനിയ്ക്ക് പ്രസംഗിക്കാന്‍ അവസരം ലഭിക്കുന്നത്. ബ്രാഡ്മാന്റെ കാലത്തെ നിറഞ്ഞ ഗ്യാലറികള്‍ ഇന്നത്തെ ടെസ്റ്റ് മത്സരങ്ങള്‍ക്ക് ലഭിക്കുന്നില്ല. പണത്തിന്റെ അതിപ്രസരവും ഒത്തുകളി വിവാദവും കളിയുടെ രൂപമാറ്റവുമെല്ലാം ഇന്നത്തെ ടെസ്റ്റ് ക്രിക്കറ്റിനെ മോശമായി ബാധിച്ചിട്ടുണ്ട്. ഇക്കാര്യം മാത്രമേ അന്നും താന്‍ പറഞ്ഞുള്ളു. പക്ഷേ അന്നത്തെ എന്റെ വാചകങ്ങള്‍ ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു. സത്യം പറഞ്ഞാല്‍ എന്തൊക്കെയാണ് ഞാന്‍ അന്ന് പറഞ്ഞ് കൂട്ടിയെതെന്ന് എനിയ്ക്ക് ഓര്‍മ്മയില്ലായിരുന്നു. അത് ഏറെ ചര്‍ച്ചചെയ്യപ്പെടുമെന്നും കരുതിയിരുന്നില്ല.
ക്രിക്കറ്റ്  ആരാധകരെ കുറിച്ച് എന്താണ് പറയാനുള്ളത് ?

ആരാധകരുടെ മനസ്സിനെ നമ്മള്‍ സന്തോഷിപ്പിക്കേണ്ടതുണ്ട്. പല രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള തനിക്ക് വിവിധ തരത്തിലുള്ള ആരാധകരുടെ മനോഭാവങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്.പലപ്പോഴും മികച്ച കളിക്കാരെ ഒഴിവാക്കി ടീമുകള്‍ കളിക്കാനിറങ്ങുമ്പോള്‍ എനിക്ക് അതിശയം തോന്നാറുണ്ട്. അവിടെ ആരാധകരെ മറന്നുള്ള ഇടപെടലാണ് സംഭവിക്കുന്നത്. ജനങ്ങള്‍ ടെസ്റ്റ് ക്രിക്കറ്റ് മുഴുവന്‍ സമയം ഇരുന്ന് കാണാന്‍ ആഗ്രഹിക്കുന്നില്ല.
പക്ഷേ അവര്‍ സ്‌കോര്‍ പിന്തുടര്‍ന്ന് ശ്രദ്ധിക്കുന്നുണ്ട്. 65,000 കാണികളെ താങ്ങാനുള്ള സ്‌റ്റേഡിയത്തില്‍ ടെസ്റ്റ് ക്രക്കറ്റ് നടക്കുമ്പോള്‍ അത്രയും പെരെ കളികാണാന്‍ ആഗ്രഹിക്കുന്നതില്‍ അര്‍ത്ഥമില്ല. മറിച്ച് ഉള്ളവരെ എങ്ങനെ ഉല്ലസിപ്പാക്കാമെന്നുള്ള കാര്യമാണ് ചിന്തിക്കേണ്ടത്.

 

കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ

മൊഴിമാറ്റം: ആര്യ.പി

Malayalam News

Kerala News In English

Advertisement