Administrator
Administrator
പൊളിക്കാനെത്തിയ യു എസ് കപ്പലിന് ചോര്‍ച്ച
Administrator
Monday 19th October 2009 4:36pm

platinum-ii-shipന്യൂഡല്‍ഹി: പൊളിക്കലിന് അനുമതി കാത്ത് ഗുജറാത്ത് തീരത്ത് നങ്കൂരമിട്ട യു എസ് കപ്പലില്‍ നിന്ന് മാരകമായ പദാര്‍ഥങ്ങള്‍ കടലിലേക്ക് ഒഴുകുന്നതായി ആരോപണം.

കപ്പലിന്റെ അടിത്തട്ട് തകര്‍ന്നാണ് ചോര്‍ച്ച. വെള്ളം കപ്പലിനുള്ളിലേക്ക് കയറുന്നുണ്ട്.  ഗുജറാത്തിവെ കപ്പല്‍ പൊളി കേന്ദ്രമായ അലാഗിലേക്ക് കൊണ്ട് പോവുന്നതിന് സര്‍ക്കാറിന്റെ അനുമതി കാത്ത് കിടക്കുന്ന പ്ലാറ്റിനം II കപ്പലിലാണ് ചോര്‍ച്ച കണ്ടെത്തിയിരിക്കുന്നത്.

ലക്ഷ്വറി കപ്പലായി ഓടിയിരുന്ന പ്ലാറ്റിനത്തില്‍ പോളി ക്ലോറൈഡ് ബിഫെനിയല്‍ ഫള്‍പ്പെടെയുള്ള 200 ടണ്‍ മാരക വിഷമുള്ള പദാര്‍ഥങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.  പദാര്‍ഥങ്ങള്‍ ചോരുന്നത് കടലിനെ മലിനമാക്കുമെന്നും ഇക്കോ സിസ്റ്റത്തെ തകര്‍ക്കുമെന്നുമുള്ള ആരോപണവുമായി പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്ത് വന്നിട്ടുണ്ട്. അതേ സമയം കപ്പല്‍ പരിശോധിച്ച ഗുജറാത്ത് പിരിസ്ഥിതി മന്ത്രാലയം കപ്പലിനകത്ത് മാരകമായി ഒന്നുമില്ലെന്നുള്ള റിപ്പോര്‍ട്ടാണ് കേന്ദ്ര സര്‍ക്കാറിന് നല്‍കിയത്. എന്നാല്‍ കപ്പല്‍ പൊളിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും കപ്പല്‍ പൊളിക്കുന്നതിന് അനുമതി നല്‍കിയിട്ടില്ലെന്നും കേന്ദ്ര പിരിസ്ഥിതി മന്ത്രി ജയറാം രമേശ് വ്യക്തമാക്കി.

എന്നാല്‍ കപ്പലില്‍ ചോര്‍ച്ച വന്നത് സര്‍ക്കാറിന്റെ അശ്രദ്ധ മൂലമാണെന്ന് കപ്പല്‍ ഉടമ കോമള്‍ കാന്ത് ശര്‍മ വ്യക്തമാക്കി. പൊളിക്കലിന് അനുമതി തേടി 14 ദിവസത്തോളമായി കപ്പല്‍ ഇവിടെ നിര്‍ത്തിയിട്ടിരിക്കയാണ്. കപ്പലിന്റെ സുരക്ഷ ശ്രദ്ധിക്കുന്നതിന് ആരും തയ്യാറായില്ല. ഇതാണ് കപ്പലില്‍ ചോര്‍ച്ച വരുന്നതിന് കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement