poverty-in-indiaന്യൂദല്‍ഹി: ദിവസം 31 രൂപയുണ്ടെങ്കില്‍ മുംബൈ, ദല്‍ഹി പോലുള്ള സിറ്റികളില്‍ അഞ്ചംഗ കുടുംബത്തിന് ജീവിക്കാന്‍ കഴിയുമോ? കഴിയും എന്നാണ് ആസൂത്രണ കമ്മീഷന്‍ പറയുന്നത്. ടെണ്ടുല്‍ക്കര്‍ കമ്മറ്റിയുടെ ശുപാര്‍ശകളെ ഉദ്ധരിച്ച് ആസൂത്രണ കമ്മീഷന്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യാവാങ്മൂലത്തിലാണ് ഈ പരാമര്‍ശമുള്ളത്.

നഗരപ്രദേശങ്ങളില്‍ ദാരിദ്രരേഖ മാസത്തില്‍ 4,284 രൂപയില്‍ താഴെയും ഗ്രാമങ്ങളില്‍ ഇത് 3,905 രൂപയില്‍ താഴെയാക്കി നിലനിര്‍ത്തണമെന്നാണ് കമ്മീഷന്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. അതായത് അഞ്ചംഗ കുടുംബത്തിന്റെ ആരോഗ്യം, ഭക്ഷണം, വിദ്യാഭ്യാസം എന്നീ ചിലവുകള്‍ക്ക് ഒരു മാസം ഇത് മതിയാവുമെന്നര്‍ത്ഥം. ഇതില്‍ കൂടുതല്‍ ചിലവാക്കുന്ന കുടുംബങ്ങള്‍ ദാരിദ്ര്യ രേഖയ്ക്ക് മുകളിലാവും.

സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള നാഷണല്‍ അഡൈ്വസറി കൗണ്‍സില്‍ അംഗം ജീന്‍ ഡ്രെസ് ടെണ്ടുല്‍ക്കര്‍ കമ്മിറ്റി നിര്‍ദേശങ്ങളെ ചോദ്യം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ആരോഗ്യ സംരക്ഷണത്തിനായി ഒരു ദിവസം ചിലവാക്കേണ്ടത് ഒരു രൂപയില്‍ താഴെയാണ്. ഇതുകൊണ്ട് ഒരു ആസ്പിരിന്‍ പോലും വാങ്ങാന്‍ കഴിയില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

2011 മെയിലെ വിലനിലവാരം അനുസരിച്ച് ആളോഹരി വരുമാനത്തിന്റെ ചട്ടങ്ങള്‍ പരിഷ്‌കരിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് കമ്മീഷന്‍ സത്യാവാങ്മൂലം നല്‍കിയത്. 2011 ജൂണിലെ ചിലവ് അനുസരിച്ചാണ് ദാരിദ്ര്യ രേഖ തയ്യാറാക്കിയത്.

പാവങ്ങളോടുള്ള സര്‍ക്കാരിന്റെ അവഗണനയാണ് സത്യവാങ്മൂലത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് എന്‍.എ.സി മെമ്പര്‍ അരുണ റോയ് വ്യക്തമാക്കി. ദാരിദ്ര്യ രേഖയ്ക്ക് താഴെവരുന്ന കുടുംബങ്ങളുടെ എണ്ണം കുറയ്ക്കാനാണ് സര്‍ക്കാറിന്റെ നീക്കം. അതുവഴി പാവപ്പെട്ടവര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ചിലവാക്കുന്ന തുക കുറയ്ക്കുക എന്നതാണ് ലക്ഷ്യമെന്നും അവര്‍ പ്രസ്താവനയില്‍ അറിയിച്ചു.

2011 മെയിലെ വിലനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ ദാരിദ്ര്യ രേഖപുതുക്കുക എന്നാണ് കോടതി നിര്‍ദേശിച്ചത്. നഗരപ്രദേശങ്ങളില്‍ ദിവസം വേദനം 20ല്‍ താഴെയുള്ളവരും, ഗ്രാമപ്രദേശങ്ങളില്‍ അഞ്ചില്‍ താഴെയുള്ളവരുമാണ് ടെണ്ടുല്‍ക്കര്‍ കമ്മിറ്റി നിര്‍ദേശപ്രകാരം ദാരിദ്ര രേഖയ്ക്ക് താഴെ വരുന്നത്. ഇത് പരിശോധിച്ചശേഷമാണ് കോടതി ആസൂത്രണ കമ്മീഷന് നിര്‍ദേശം നല്‍കിയിരുന്നത്. അതുകൊണ്ടുതന്നെ ജസ്റ്റിസ് ദാല്‍വീര്‍ ഭണ്ഡാരിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് സത്യവാങ്മൂലത്തില്‍ സംതൃപ്തരല്ല.