എഡിറ്റര്‍
എഡിറ്റര്‍
ഗുജറാത്തില്‍ മോഡി അവകാശപ്പെടുന്ന വികസനം ഇല്ലെന്ന് ആസൂത്രണ കമ്മീഷന്‍
എഡിറ്റര്‍
Wednesday 12th June 2013 12:16pm

modi-angry

ന്യൂദല്‍ഹി: ഗുജറാത്ത് മോഡല്‍ വികസനത്തെ പ്രകീര്‍ത്തിച്ച് രാഷ്ട്രീയ ആയുധമായി ഉപയോഗിച്ച് ദേശീയ തലത്തിലേക്ക് വരുന്ന മോഡിക്ക് തിരിച്ചടിയുമായി ആസൂത്രണ കമ്മീഷന്റെ കണക്കുകള്‍.

ഗുജറാത്തില്‍ അവകാശപ്പെടുന്ന വികസനം ഒരു വിഭാഗം പണക്കാരില്‍ മാത്രമേ ഉള്ളൂവെന്നും സാധാരണക്കാരും പാവപ്പെട്ടവരുമായ ജനങ്ങള്‍ക്കിടയിലേക്ക് വികസനത്തിന്റെ ഒരു പങ്ക് പോലും എത്തിയിട്ടില്ലെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

Ads By Google

സാമ്പത്തികമായി ഗുജറാത്താണ് ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സംസ്ഥാനം. വാര്‍ഷിക ആഭ്യന്തര ഉത്പാദനത്തിന്റെ കാര്യത്തില്‍ രാജ്യത്ത് മുന്‍നിരയിലാണ് ഗുജറാത്ത് (10.13 %).

എന്നാല്‍ ഉയര്‍ന്ന വളര്‍ച്ചാനിരക്കിന്റെ പ്രയോജനം ഗുജറാത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ലഭിക്കുന്നില്ലെന്ന് കണക്കുകള്‍ പറയുന്നു.

എന്നാല്‍ ഗുജറാത്തുമായി വെച്ച് നോക്കുമ്പോള്‍ സാമ്പത്തിക അടിത്തറ ഒട്ടും ആശാസ്യമല്ലാത്ത ഒഡീഷക്ക് പോലും ദാരിദ്രനിര്‍മാര്‍ജനത്തില്‍ 20 ശതമാനം പോയന്റ് നേടാനായപ്പോള്‍ ഗുജറാത്തിന്റെ കാര്യത്തില്‍ ഇത് കേവലം 8.6 ശതമാനം മാത്രമാണ്.

ഒഡീഷയുടെ വാര്‍ഷിക സാമ്പത്തിക വളര്‍ച്ചാനിരക്ക് 7.92 ശതമാനവും ഗുജറാത്തിന്റേത് 10.3 ശതമാനവുമാണെന്നത് മറ്റൊരു യാഥാര്‍ത്ഥ്യമാണെന്ന് കൂടി മനസിലാക്കണം.

താരതമ്യേന വളര്‍ച്ചാ നിരക്ക് കുറഞ്ഞ പല സംസ്ഥാനങ്ങളിലും വളര്‍ച്ചയുടെ പ്രയോജനം മിക്ക ജനവിഭാഗത്തിനും കിട്ടിയപ്പോഴാണ് ഗുജറാത്തില്‍ ഈ സ്ഥിതി.

പട്ടികവര്‍ഗ വിഭാഗങ്ങളിലും മുസ്‌ലിങ്ങള്‍ക്കുമിടയില്‍ ദാരിദ്രനിര്‍മ്മാര്‍ജന നിരക്കിന്റെ കാര്യത്തില്‍ രാജ്യത്ത് തന്നെ ഏറ്റവും പിന്നിലാണ് ഗുജറാത്ത്.

ജനങ്ങളുടെ ആരോഗ്യസ്ഥിതിയുടെ കാര്യത്തിലും ഗുജറാത്തിലെ ഗോത്ര ജില്ലകള്‍ വളരെ മോശം നിലയിലാണ്. ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശും ചത്തീസ്ഗഢും പോലും പിന്നാക്കപ്രദേശങ്ങളിലെ ആളുകളുടെ ആരോഗ്യനിലയില്‍ ഏറെ മുന്നേറ്റം നടത്തിയപ്പോഴാണ് ഗുജറാത്തിന്റെ ഈ അവസ്ഥ.

മോഡി വികസന മോഡലിലെ മറ്റൊരു അവകാശവാദം മാതൃശിശു മരണനിരക്ക് സംസ്ഥാനത്ത് കുറവാണെന്നതായിരുന്നു. എന്നാല്‍ ഇതും വസ്തുതാ വിരുദ്ധമാണെന്ന് ആസൂത്രണ കമ്മീഷന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

സാമ്പത്തിക വളര്‍ച്ചാനിരക്കിലും സാമ്പത്തികനിലയിലും ആളോഹരി വരുമാനത്തിലും പിന്നാക്കം നില്‍ക്കുമ്പോഴും, 2004-05 കാലത്തും 2009-10 കാലത്തും കൂടുതല്‍ ആളുകളെ ഗുജറാത്തിലേതിനെക്കാള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാന്‍ മധ്യപ്രദേശിന് പോലും കഴിഞ്ഞു.

ഗുജറാത്തിന് പുറമെ ഹരിയാന, ആന്ദ്രാ പ്രദേശ്, ഗുജറാത്ത്, ആസാം എന്നീ സംസ്ഥാനങ്ങള്‍ കമ്മീഷന്‍ പരിഗണിച്ച ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം എന്നീ മൂന്ന് വിഷയങ്ങളില്‍ രണ്ടിലും ഗുജറാത്ത് പിന്നോക്കം നില്‍ക്കുന്നവയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു

ചുരുക്കത്തില്‍ പറഞ്ഞാല്‍ മോഡി അവകാശപ്പെട്ട രീതിയിലുള്ള ഒരു വികസനവും സംസ്ഥാനത്ത് ഉണ്ടായില്ലെന്ന് വേണം അനുമാനിക്കാന്‍. ഗുജറാത്ത് മോഡല്‍ വികസനം എന്ന അവകാശവാദവുമായി എത്തുന്ന മോഡി സര്‍ക്കാരിനും മറ്റുള്ളവര്‍ക്കും വന്‍ തിരിച്ചടിയാണ് ആസൂത്രണക്കമ്മീഷന്റെ ഈ കണക്കുകള്‍.

Advertisement