ന്യൂദല്‍ഹി: ബി.പി.എല്‍ കുടുംബങ്ങളെ നിശ്ചയിക്കാനുള്ള മാനദണ്ഡങ്ങള്‍ കേന്ദ്ര ആസൂത്രണ കമ്മിഷന്‍ പുതുക്കി നിശ്ചയിക്കാന്‍ തീരുമാനിച്ചു. ഗ്രാമ വികസന മന്ത്രി ജയറാം രമേശ് കേന്ദ്ര ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേന്‍സിംഗ് അലുവാലിയയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച ധാരണയായത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരെ കണ്ടെത്താനുള്ള മാനദണ്ഡങ്ങള്‍ 2011ലെ ജാതി സെന്‍സസ് പൂര്‍ത്തിയായാല്‍ പുനര്‍നിര്‍ണയിക്കും. ഗുണഭോക്താക്കളെ കണ്ടെത്താനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കുമെന്നും അലുവാലിയ വ്യക്തമാക്കി.

സബ്‌സിഡി വ്യവസ്ഥയില്‍ നടപ്പിലാക്കുന്ന ഭക്ഷ്യവിതരണം ഇനി ദാരിദ്രരേഖയെ അടിസ്ഥാനപ്പെടുത്തിയായിരിക്കും. വിവിധ സാമ്പത്തിക ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാകും ഇനി ആനുകൂല്യങ്ങള്‍ നിശ്ചയിക്കുക. ഗ്രാമവികസനമന്ത്രി ജയറാം രമേശുമൊത്ത് നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ആലുവാലിയ ഇക്കാര്യങ്ങള്‍ അറിയിച്ചത്.

Subscribe Us:

ഒരുദിവസം 26 രൂപയിലധികം വരുമാനമുള്ളവര്‍ ബി.പി.എല്‍ വിഭാഗത്തില്‍ ഉള്‍പെടില്ലെന്ന സര്‍ക്കാറിന്റെ സത്യവാങ്മൂലം വിവാദമായിരുന്നു. ഗ്രാമപ്രദേശങ്ങളില്‍ 26 രൂപയിലും നഗരപ്രദേശങ്ങളില്‍ 32 രൂപയിലുമധികം ഒരു ദിവസം വരുമാനം ലഭിക്കുന്നവര്‍ ബിപിഎല്‍ വിഭാഗത്തില്‍പ്പെടില്ലെന്നായിരുന്നു സത്യാവാങ്മൂലത്തില്‍. ഇതിനെതിരെ രാഷ്ട്രീയപാര്‍ട്ടികളില്‍നിന്നും വിവിധ സംഘടനകളില്‍നിന്നും പ്രതിഷേധം ഉയര്‍ന്നിരുന്നു.