ന്യൂദല്‍ഹി: കൊച്ചി മെട്രോയ്ക്ക് കേന്ദ്ര ആസൂത്രണ കമ്മീഷന്‍ അനുമതി നല്‍കി. പദ്ധതിക്ക് അനുമതി നല്‍കിയതായി കേന്ദ്ര ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് അലുവാലിയ പറഞ്ഞു. കൊച്ചി മെട്രോയുടെ സാമ്പത്തിക ബാധ്യതയെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ക്കായി വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികള്‍ അടങ്ങിയ സാമ്പത്തിക പഠന സമിതിക്ക് വിട്ടതായും അദ്ദേഹം അറിയിച്ചു.

പദ്ധതിക്ക് ആസൂത്രണ കമ്മീഷന്‍ തടസ്സം നില്‍ക്കില്ലെന്നും അലുവാലിയ വ്യക്തമാക്കി. പദ്ധതി ഏതു മാതൃകയില്‍ നടപ്പാക്കണമെന്നത് സംബന്ധിച്ച് പഠനം നടത്തുന്നതിനായാണ് വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികളടങ്ങിയ സാമ്പത്തിക സംഘടനാ പഠന സമിതിക്ക് വിട്ടിരിക്കുന്നത്.

ദല്‍ഹി, ചെന്നൈ മാതൃകകളില്‍ പദ്ധതി നടപ്പാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. എന്നാല്‍ ആസൂത്രണ കമ്മീഷനിലെ ചിലര്‍ തന്നെ സ്വകാര്യ പങ്കാളിത്തതോടെ പദ്ധതി നടപ്പാക്കണമെന്ന വാദമുയര്‍ത്തുന്നവരാണ്. അടുത്തയാഴ്ച ദല്‍ഹി സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കൂടിക്കാഴ്ചയിലായിരിക്കും മിക്കവാറും ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകുക.

കേന്ദ്ര, സംസ്ഥാന നിക്ഷേപത്തിന് പുറമെ ജാപ്പനീസ് ബാങ്കില്‍ നിന്ന് വായ്പ ലഭ്യമാക്കി പദ്ധതി നടപ്പാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.