എഡിറ്റര്‍
എഡിറ്റര്‍
സെക്യൂരിറ്റി പരിശോധനയില്‍ പ്രതിഷേധം: വിമാനയാത്രക്കാരന്‍ വസ്ത്രമുരിഞ്ഞു
എഡിറ്റര്‍
Thursday 19th April 2012 9:00am

വാഷിംഗ്ടണ്‍:  യു.എസിലെ വിമാനയാത്രയ്ക്കിടെയുള്ള ദേഹപരിശോധന  കുപ്രസിദ്ധമാണ്. അടുത്തിടെ ഷാരൂഖിനെ വിമാനത്താവളത്തില്‍വെച്ച് ദേഹപരിശോധന നടത്തിയത് ഏറെ വിവാദമാകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ യു.എസിലെ ഈ പരിശോധനാ രീതിക്കെതിരെ ആ നാട്ടുകാരന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

പരിശോധന രീതിയോടുള്ള എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ വ്യത്യസ്തമായ ഒരു പ്രതിഷേധവും ഈ യാത്രക്കാരന്‍ കാഴ്ചവെച്ചു. തന്റെ വസ്ത്രങ്ങള്‍ മുഴുവന്‍ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് മുന്നില്‍ അഴിച്ചിട്ടായിരുന്നു യാത്രക്കാരന്റെ പ്രതിഷേധം. യു.എസിലെ ഒറിഗോണ്‍ എയര്‍പോര്‍ട്ടിലാണ് സംഭവം നടന്നത്.

ജോണ്‍ ബ്രണാന്‍ എന്ന യാത്രക്കാരനാണ് സുരക്ഷാ പരിശോധനക്കാരുടെ മുന്നില്‍ നഗ്നനായി പ്രതിഷേധം രേഖപ്പെടുത്തിയത്. ബ്രണാന്‍ നഗ്നനായതോടെ സെക്യൂരിറ്റി ജീവനക്കാര്‍ ആശയക്കുഴപ്പത്തിലായി. വസ്ത്രം ധരിക്കാന്‍ പലതവണ ഇയാളോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയ്യാറായില്ല. എയര്‍പോര്‍ട്ടിലാവട്ടെ നിരവധി യാത്രക്കാരുമുണ്ട്. നഗ്നനായ ബ്രണാനിനെ കണ്ട ചിലര്‍ കുട്ടികളുടെ കണ്ണ് പൊത്തിയപ്പോള്‍ മറ്റ് ചിലര്‍ അത് നോക്കി നിന്നു. ചിലര്‍ മൊബൈലില്‍ പകര്‍ത്തി. ചിലര്‍ പരസ്പരം നോക്കി ചിരിക്കുന്നുണ്ടായിരുന്നു. ബ്രണ്ണന്റെ നഗ്നതാ പ്രദര്‍ശനം കാരണം രണ്ട് പരിശോധനാ സ്ഥലങ്ങള്‍ അടയ്‌ക്കേണ്ടിവന്നു.

ഇയാളെ പിന്നീട് പോലീസെത്തി അറസ്റ്റു ചെയ്തു. മാന്യമല്ലാത്ത രീതിയില്‍ ജനങ്ങള്‍ക്ക് മുന്നില്‍ നിന്നു, മോശമായി പെരുമാറി എന്നീ കുറ്റങ്ങളാണ് പോലീസ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്ന രീതിയില്‍ പ്രതിഷേധിച്ചാണ് താന്‍ വസ്ത്രങ്ങള്‍ അഴിച്ചതെന്ന് ഇയാള്‍ അധികൃതരോട് പറഞ്ഞു. താന്‍ സ്ഥിരമായി വിമാനത്തില്‍ യാത്രചെയ്യുന്നയാളാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരാഴ്ച മുമ്പ് ഡെന്‍വര്‍ എയര്‍പോര്‍ട്ടിലും സമാനമായ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ഇവിടെ എയര്‍പോര്‍ട്ടിന്റെ പുറത്തേക്ക് പോകുന്ന ഗെയിറ്റിനരികില്‍ നിന്ന് പുകവലിച്ച സ്ത്രീയോട് വിശദീകരണം ചോദിച്ചപ്പോള്‍ അവര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ നഗ്നയായി. പിന്നീട് പോലീസെത്തി ചോദിച്ചപ്പോള്‍ ചൂട് കാരണം ക്ഷീണം തോന്നിയതിനാലാണ് ഇങ്ങനെ ചെയ്തതെന്നായിരുന്നു വിശദീകരണം. ഇവര്‍ക്കെതിരെ കേസെടുത്തിട്ടില്ല.

Advertisement