കാഠ്മണ്ഡു: നേപ്പാളില്‍ വിമാനം തകര്‍ന്ന് വീണ് 10 ഇന്ത്യക്കാരടക്കം 18 പേര്‍ മരിച്ചു. ഒരാള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. എവറസ്റ്റില്‍ നിന്നും വിനോദസഞ്ചാരികളെയും കൊണ്ട് കാഠ്മണ്ഡുവിലേക്ക് വന്ന ബുദ്ധ എയറിന്റെ ബീച്ച്ക്രാഫ്റ്റാണ് തകര്‍ന്ന് വീണത്.

കാഠ്മണ്ഡുവില്‍ നിന്ന് ഏതാനും കിലോമീറ്ററുകള്‍ അകലെ ബിസങ്കുനാരായണ്‍ ഗ്രാമത്തിലാണ് അപകടം നടന്നത്. മഞ്ഞ് മൂടിയ പ്രദേശത്ത് ലാന്‍ഡിംഗിന് ശ്രമിക്കുമ്പോഴാണ് വിമാനം അപകടത്തില്‍ പെട്ടത്. വിമാനം ഗ്രാമത്തിലെ ഒരു വീടിന്റെ മേല്‍ക്കൂരയില്‍ ഇടിക്കുകയായിരുന്നെന്ന് ദൃസാക്ഷികള്‍ പറയുന്നു.

16 യാത്രക്കാരും രണ്ട് വിമാനജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തകര്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ടെങ്കിലും ഔദ്യോഗിക വിവരങ്ങള്‍ ഇത്‌വരെ ലഭ്യമായിട്ടില്ല. അവശിഷ്ടങ്ങള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.