തിരുവനന്തപുരം: പ്ലാച്ചിമടയിലെ കൊക്കക്കോല കമ്പനി മൂലമുണ്ടായ നഷ്ടം പഠിക്കാന്‍ പഠിക്കാന്‍ നിയോഗിച്ച ജയകുമാര്‍ കമ്മീഷന്‍ സര്‍ക്കാറിന് വെള്ളിയാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പ്ലാച്ചിമടയില്‍ സാമൂഹിക-പാരിസ്ഥിതിക മേഖലകളില്‍ കോലക്കമ്പനി വരുത്തിവച്ച ദുരന്തങ്ങള്‍ക്കു നഷ്ടപരിഹാരം ഈടാക്കാന്‍ കഴിയുന്ന ട്രൈബ്യൂണല്‍ രൂപീകരിക്കണമെന്നാണ് കമ്മീഷന്റെ സുപ്രധാന നിര്‍ദേശം.

പരിസ്ഥിതിയാഘാതത്തിനു 200 കോടിയും ആരോഗ്യപരമായ ദുരന്തങ്ങള്‍ക്കിരയായ വ്യക്തികള്‍ക്കു പരാതിയനുസരിച്ചു നഷ്ടപരിഹാരം ഈടാക്കാനുമാണ് കമ്മീഷന്റെ നിര്‍ദേശം. അഡീഷനല്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള പതിമൂന്നംഗ സമിതി കൊച്ചിയിലും പ്ലാച്ചിമടയിലുമായി നടത്തിയ തെളിവെടുപ്പുകള്‍ക്കൊടുവിലാണ് റിപോര്‍ട്ട് തയ്യാറാക്കിയത്.

1999 മുതല്‍ 2004 വരെ പ്ലാച്ചിമടയില്‍ പ്രവര്‍ത്തിച്ച കോലക്കമ്പനിക്കെതിരേ നടന്ന ജനകീയ സമരം ലോകശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. കോലക്കമ്പനി പൂട്ടിയെങ്കിലും കമ്പനി വരുത്തിവച്ച നാശം തുടര്‍ന്നുകൊണ്ടിരുന്നു. കമ്പനി വരുത്തിവെച്ച ദുരന്തങ്ങള്‍ക്ക് നഷ്ട പരിഹാരം നല്‍കണമെന്ന ആവശ്യം ശക്തമായപ്പോഴാണ് സര്‍ക്കാര്‍ കെ ജയകുമാര്‍ കമ്മീഷനെ നിയമിച്ചത്. ഭൂജലവകുപ്പ്, ആരോഗ്യവകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയില്‍ നിന്ന് കൊക്കകോല പ്ലാച്ചിമടയില്‍ വരുത്തിയ നാശനഷ്ടങ്ങള്‍ സമിതി വിലയിരുത്തി. പ്ലാച്ചിമടയിലെ 800ഓളം തദ്ദേശവാസികള്‍ സമിതിക്കു പരാതി നല്‍കിയിരുന്നു. പെരുമാട്ടി പഞ്ചായത്ത് 86 കോടിയുടെ നഷ്ടമാണ് കൊക്കകോല കമ്പനി വരുത്തിവച്ചതെന്നു പരാതിയില്‍ പറയുന്നു.

അനുമതിയില്ലാതെ പ്രതിദിനം അഞ്ചുലക്ഷം ലിറ്റര്‍ വെള്ളം വീതമാണ് 1,370 ദിവസങ്ങളിലായി കോലക്കമ്പനി പ്ലാച്ചിമടയില്‍ നിന്ന് ഊറ്റിയതെന്ന് പഞ്ചായത്ത് പരാതിയില്‍ പറയുന്നു. പ്ലാച്ചിമട മാധവന്‍നായര്‍പതി, വിജയനഗര്‍ കോളനികളില്‍ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് 50 ലക്ഷവും പട്ടികവര്‍ഗ കോളനികളിലെ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് 10 കോടിയും നഷ്ടപരിഹാരം വേണമെന്നുമാണു പഞ്ചായത്തിന്റെ ആവശ്യം.

2003ല്‍ ബി ബി സി പഠനം 2003ലെ സെന്‍ട്രല്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയേണ്‍മെന്റ് റിപോര്‍ട്ടിന്റെ വിവരങ്ങള്‍, ഹസാര്‍ഡ്‌സ് സെന്റര്‍, പീപ്പിള്‍ സയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവയുടെ പഠനങ്ങള്‍ 2007ലെ ഗ്രൗണ്ട് വാട്ടര്‍ മാനേജ്‌മെന്റ് ആന്റ് ഓണര്‍ഷിപ്പ് സംബന്ധിച്ച പ്ലാനിങ് കമ്മീഷന്റെ വിദഗ്ധസമിതി നിഗമനങ്ങള്‍, 2002ല്‍ സര്‍ഗം മെറ്റല്‍സ് ലബോറട്ടറീസ് നടത്തിയ പഠനം തുടങ്ങിയവയും ഉന്നതാധികാരസമിതി വിലയിരുത്തിയിരുന്നു.

1995ലെ പരിസ്ഥിതി ട്രൈബ്യൂണല്‍ ആക്ടനുസരിച്ച് കമ്പനിയില്‍ നിന്നു നഷ്ടപരിഹാമീടാക്കാനാണു സര്‍ക്കാരിനോട് കമ്മീഷന്‍ നിര്‍ദേശിക്കുന്നത്. തമിഴ്‌നാടുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നേരത്തെ ഈ ആക്ട്് പ്രാബല്യത്തിലാക്കിയിരുന്നു.