Categories

കാര്‍ട്ടൂണിസ്റ്റ് പി.കെ.എസ് കുട്ടി അന്തരിച്ചു

pks kutty cartoonist passes away

വാഷിങ്ടണ്‍: കാര്‍ട്ടൂണിസ്റ്റ് പി.കെ.എസ് കുട്ടി അന്തരിച്ചു. 90കാരനായ കുട്ടി അന്തരിച്ചത് അമേരിക്കയിലെ ടെക്‌സാസില്‍ വെച്ചായിരുന്നു. ഒ.വി വിജയനും അബു ഏബ്രഹാമിനുമൊപ്പം പ്രശസ്തമായ ശങ്കേഴ്‌സ് വീക്കിലിക്ക് വേണ്ടി കാര്‍ട്ടൂണുകള്‍ വരച്ച കുട്ടി വിഖ്യാത കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ പ്രിയപ്പെട്ട ശിഷ്യനുമായിരുന്നു. ബംഗാളികളുടെ പ്രിയപ്പെട്ട കാര്‍ട്ടൂണിസ്റ്റ് കൂടിയാണ് കുട്ടി. 1921 സപ്തംബര്‍ നാലിന് ഒറ്റപ്പാലത്താണ് കുട്ടി ജനിച്ചത്.

ബംഗാളിപത്രങ്ങളിലാണ് പുതുക്കൊടി കൊട്ടുത്തൊടി ശങ്കരന്‍ കുട്ടി നായര്‍ എന്ന പി.കെ.എസ് കുട്ടിയുടെ കാര്‍ട്ടൂണുകളില്‍ ഭൂരിഭാഗവും പ്രത്യക്ഷപ്പെട്ടത്. ഭാഷ അറിയാത്തതിനാല്‍ കാര്‍ട്ടൂണ്‍ വരച്ചതിന് ശേഷം ഇംഗ്ലീഷിലെവുതിക്കൊടുക്കുന്ന കുട്ടിയുടെ കാപ്ഷന്‍ ബംഗാളിയിലേക്ക് പരിഭാഷപ്പെടുത്തുകയായിരുന്നു പതിവ്.

സഞ്ജയന്റെ ‘വിശ്വരൂപ’ത്തിലാണ് കുട്ടി ആദ്യം കാര്‍ട്ടൂണുകള്‍ വരച്ചത്. തുടര്‍ന്ന് ഡല്‍ഹിയിലേക്ക് കൂടുമാറ്റിയ കുട്ടി ശങ്കറിന്റെ കീഴില്‍ പരിശ്ശീലനം നേടുകയും ചെയ്തു. വി.പി.മേനോനാണ് കുട്ടിയെ ശങ്കറിന്റെ അടുത്തെത്തിക്കുന്നത്. 1941ല്‍ ജവര്‍ഹലാല്‍ നെഹ്രു പുതുതായി തുടങ്ങിയ ഇംഗ്ലീഷ് ദിനപത്രമായ നാഷണല്‍ ഹെറാള്‍ഡിലെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റായാണ് കുട്ടിയുടെ പുതിയ ജീവിതത്തിന്റെ തുടക്കം. ക്വിറ്റ് ഇന്ത്യ സമരത്തെ തുടര്‍ന്ന് നാഷണല്‍ ഹെറാള്‍ഡ് മുടങ്ങിയപ്പോള്‍ ഡല്‍ഹിയില്‍ നിന്നും മദ്രാസിലേക്ക് താമസം മാറ്റുകയായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ബോംബെയില്‍നിന്നുള്ള ഫ്രീ പ്രസ്സില്‍ കാര്‍ട്ടൂണിസ്റ്റായി വീണ്ടും ജീവിതം തുടങ്ങുകയായിരുന്നു.

ശങ്കറുമായുള്ള ഗാഢബന്ധം കുട്ടിയെ വീണ്ടും ഡല്‍ഹിയിലേക്കെത്തിച്ചു. ഫ്രീ പ്രസ്സിലെ ജോലി ഉപേക്ഷിച്ച് 1948ല്‍ തുടങ്ങിയ ശങ്കേഴ്‌സ് വീക്കിലിയില്‍ ചേരുകയായിരുന്നു. തുടര്‍ന്ന് 1951 ല്‍ ആനന്ദ ബസാര്‍ ഗ്രൂപ്പില്‍ കുട്ടി ജോലിയില്‍ പ്രവേശിക്കുന്നതോടെയാണ് കുട്ടി കൂടുതല്‍ പ്രശസ്തനാകുന്നത്. ബംഗാളിഭാഷ അറിയില്ലെങ്കിലും ബംഗാളി ദിനപത്രമായ ആനന്ദ ബസാര്‍ പത്രികയില്‍ കുട്ടിയുടെ കാര്‍ട്ടൂണ്‍ പതിവായി. മറ്റൊരു പ്രസിദ്ധീകരണമായ ഇംഗ്ലീഷിലുള്ള ഹിന്ദുസ്ഥാന്‍ സ്റ്റാന്‍ഡാര്‍ഡിലും കുട്ടി കാര്‍ട്ടൂണുകള്‍ പതിവായി വരക്കാന്‍ തുടങ്ങി. 1986ന് ശേഷം കുട്ടി ആജ് കലിലേക്ക് മാറുകയായിരുന്നു.

വിവിധ മാധ്യമങ്ങളില്‍ മാറിമാറി ജോലിചെയ്‌തെങ്കിലും 1989 ല്‍ ശങ്കറിന്റെ മരണം വരെ അദ്ദേഹവുമായുള്ള ബന്ധം തുടര്‍ന്നു. ഹിന്ദിസ്ഥാന്‍ ടൈംസ്, ഇന്ത്യന്‍ എക്‌സ്പ്രസ് ഉള്‍പ്പടെ ഇന്ത്യയിലെ പ്രമുഖമായ പത്രങ്ങളിലും മലയാള പ്രസിദ്ധീകരണങ്ങള്‍ക്ക് വേണ്ടിയും അദ്ദേഹം കാര്‍ട്ടൂണുകള്‍ വരച്ചു.

ഗൗരി മേനോനാണ് കുട്ടിയുടെ ഭാര്യ. മക്കള്‍: നാരായണന്‍, മായ.

One Response to “കാര്‍ട്ടൂണിസ്റ്റ് പി.കെ.എസ് കുട്ടി അന്തരിച്ചു”

  1. Manojkumar.R

    കാര്ട്ടൂണിസ്റ്റ് കുട്ടിക്ക് ആദരാഞ്ജലികള്‍!

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.